നിഗൂഡരാഗം

ഹാ! രോമഹർഷദമാ രഹസ്യ-
മാരോടും ഞാനുരിയാടുകില്ലാ!
എങ്കരൾ പാടുമാ മൌനഗാന-
മെങ്കിലും ലോകമറിഞ്ഞുപോയി!
ലജ്ജാവനമ്രമെന്നാസ്യ, മെന്തി-
ന്നിജ്ജഗതിങ്കൽ ഞാൻ വിസ്വസിപ്പൂ?
ചിത്ര,മെൻ ജീവചരിത്രത്തെ ഞാ-
നേത്ര നിഗൂഹനംചെയ്തെന്നാലും
അദ്ധ്യായമോരോന്നുമെന്റെ മുന്നിൽ
തത്തൽസ്വരൂപമെടുത്തുനിൽപ്പൂ
ആരുമറിയാതുറക്കറയിൽ
ധാരായ്‌ക്കണ്ണിർ ചൊരിഞ്ഞുകൊണ്ടും,
ആകാശസൗധം രചിച്ചുടച്ച-
മാനന്ദസ്വപ്നത്തെയുമ്മവെച്ചും,
സദ്രസപ്പുഞ്ചിരിപ്പൂ പൊഴിച്ചും
നിദ്രാവിഹീനം ഞാൻ മേവിടുമ്പോൾ
കല്ല്യാംഗിയാകുന്ന കാല്യലക്ഷ്മി
വല്ലാതെ നോക്കി ഹസിക്കുമെന്നെ!
എന്നുൾത്തടത്തിൻ തുടിപ്പുപോലെ
പോന്നുഷത്താരം ചലിച്ചുനിൽക്കും
മാമകചിന്തകളെന്നപോലെ
മാമലക്കൂട്ടമുയർന്നുകാണും;

 

ഓമനസ്വപ്നങ്ങളെന്നപോലെ
വ്യോമത്തിൽ മേഘങ്ങളോടിപ്പോകും
അല്ലിനോടുള്ളരെന്നാവലാതി-
യെല്ലാം കിളികളെടുത്തു പാടും;
അന്തരാത്മാവിൻ രഹസ്യമെല്ലാം
ബന്ധുരസൂനത്തിൽ ദൃശ്യമാകും;
ഗൂഡമാണെൻപ്രേമമെന്നമട്ടിൽ
മൂടൽമഞ്ഞെങ്ങും പരന്നിരിക്കും!
ഹാ! രോമഹർഷദമാ രഹസ്യ-
മാരോടും ഞാനുരിയാടുകില്ല