ആ രംഗം

പാടലപ്രഭ പൂശും നെല്ലണി-
പ്പാടത്തിൻ പൂർവഭാഗത്തായ്
ആടുമേയ്ക്കുന്ന ബാലകരൊഴു-
ക്കീടും ഗാനപ്പൂഞ്ചോലകൾ
നൽത്തെളിത്തേൻ പകരും താരിനം
നൃത്തമാടിക്കളിക്കുന്ന
പച്ചിലപ്പട്ടു ചാർത്തി മിന്നുമ-
ക്കൊച്ചുകുന്നിൻ ചരിവിലായ്
ശിൽപ്പവിദ്യതൻ കൃത്രിമപ്പകി-
ട്ടല്പവുംപോലുമേശാതെ
കണ്ടിടുമതിബന്ധുരതര-
മന്ദിരത്തിന്റെ മുന്നിലായ്
വെണ്ണപോൽ മിനുപ്പേറുമാ വെറും
തിണ്ണയിൽക്കിടന്നേകയായ്
വായുവൽ ചില മാളിക കെട്ടു-
മാ യുവതിയെക്കണ്ടു ഞാൻ!….
സിന്ധുവൽ മറഞ്ഞീടും സൂര്യന്റെ
ബന്ധുരകരരാജികൾ
വാരുണിതന്റെ മേനിയിൽത്തങ്ക-
ച്ചാറണിയിച്ചു നിൽക്കുമ്പോൾ
ചന്ദനക്കാട്ടിൽച്ചെന്നലഞ്ഞെത്തും
തെന്നലെയൊന്നു ചുംബിക്കാൻ

 

കന്ദകോരകം സുന്ദരാധരം
മന്ദമന്ദം വിടർത്തവേ
ആലയോന്മുഖരായീടുമജ-
പാലകാവലി പാടിടും
ഗാനധാരയിൽ മഗ്നമാനസ-
യാകുമഗ്രാമലക്ഷ്മികൾ
കാമുകാഗമം കാത്തുകാത്തലർ-
ക്കാവിലങ്ങിങ്ങുലാത്തുമ്പോൾ,
എത്തി നാം മുമ്പു കണ്ട ഗേഹത്തി-
ലുത്തമനൊരു പുരുഷൻ!….
അപ്പുമാനുടെ പാദവിന്യാസ-
മല്പമായടുത്തെത്തവേ,
ഞെട്ടിയോമലാൾ തൻ ദിവാസ്വപ്നം
വിട്ടു പെട്ടെന്നുണർന്നുപോയ്.
പേശലമൊരു മാരിവില്ലൊളി
വീശിയാ! വളർവക്ത്രത്തിൽ!
കണ്ഠവും കുനിച്ചൊട്ടു മാറിത്തൻ-
ചുണ്ടിണ തെല്ലിളക്കാതെ
വാഗതീതമാം സ്വാഗതവച-
സ്വാഗതന്നവളേകിനാൾ!
തെല്ലിട ചില ചിന്തകളുമായ്
മല്ലടിച്ചൊരാ മങ്കയാൾ
തങ്കമേ യെന്നൊന്നുച്ചത്തിൽ വിളി-
ച്ചങ്കണം വിട്ടു പാഞ്ഞുപോയ്!
ആലയാന്തസ്ഥയായവൾ, പുറ-
ത്താഗതൻമാത്രമേകനായ്!
സത്വരമൊരു മിന്നൽ പാഞ്ഞിതാ
സ്തബ്ധപുരുഷ ചിത്തത്തിൽ
ആയതിൻ ദിവ്യരൂപമെന്നപോ-
ലാലയത്തിൽനിന്നക്ഷണം
ഓടിയെത്തി, യൊരോമനച്ചെറു-
ബാലിക, ഹർഷദായിക!