ഭിക്ഷു

ആവൂ! ഞാന്നിനി വിശ്രമിക്കാം!
രാവിൻ കുമാർഗ്ഗം കടന്നുകൂടി!
അങ്ങതാ, ദൂരത്തു കാണ്മതുണ്ടെൻ-
മംഗളസ്വപ്നത്തിൻ സൗധശൃംഗം
മന്ദമുയരുന്നു, സൂര്യ, നല്ലാ
മന്ദിരത്തൊഴികപ്പൊൻകുടംതാൻ
ഞാനെന്നും തേടി നടക്കുമെന്റെ-
യാനന്ദമങ്ങിരുന്നാനന്ദിപ്പൂ.

മുട്ടുകയാണെന്നുമെന്റെ ചിത്തം
കൊട്ടിയടച്ചൊരാ വാതിലിങ്കൽ
ഓമലാൾ വന്നു തുറക്കുവാനായ്
കോമളക്കൈകളിളക്കീടുമ്പോൾ
എൻ കരൾക്കാനന്ദസംഗീതമാം
കങ്കണനിസ്വനം കേൾക്കാകുന്നു!
എങ്കിലും വന്നവൾ പിൻമടങ്ങി;
എന്തിനു ഞാനൊരു ഭിക്ഷുവല്ലേ ?

ഒട്ടുനാളിങ്ങനെ മുട്ടീടുമ്പോൾ
പെട്ടെന്നാ വാതിൽ തുറക്കയില്ലേ?
‘ഒന്നുമില്ലെ’ ന്നൊന്നു കേൾക്കാൻമാത്രം
അന്നു സമ്പൂർണമെൻ ഭിക്ഷാപാത്രം!