ഇടപ്പള്ളി രാഘവന് പിള്ളയുടെ കൃതികള്‍
കരയട്ടെ, തോഴീ, ഞാ,നല്ലെന്നാലെൻ
കരളയ്യോ! പൊട്ടിത്തകർന്നുപോമേ!
കനകച്ചാർ പൂശിയബ്ഭൂമുഖത്തെ-
ക്കതിലാഭമാക്കിയ കർമ്മസാക്ഷി
കരുണ കലരാതപ്പൊൻകവിളിൽ
കരിതേച്ചുകൊണ്ട് തിരിക്കയായീ!
പറവകൾതന്റെ ചിറകടിയിൽ
ധരയുടെ ചിത്തത്തുടിപ്പു കേൾക്കാം.
അലയുന്ന തെന്നലിലൂടെയിപ്പോ-
ളവളുടെ സന്തപ്തവീർപ്പു കേൾക്കാം.
ത്വരിതമായെത്തുമിക്കൂരിരുളിൽ
വരിവിലച്ചിത്തം തെളിഞ്ഞു കാണാം!
അടവിയിൽപ്പൂത്തേരിപ്പൂമൊട്ടിന്നു-
മനുഭവ,മീമട്ടെന്നാരറിഞ്ഞൂ?
പുലരിയെക്കാണാത്ത പൂവിൻ ജന്മം
പുരുപുണ്യഭാഗ്യത്തിൻ നൃത്തരംഗം!
മഴവില്ലു കണ്ടു മയങ്ങിയ ഞാ-
നഴലിന്റെയാഴമളന്നുപോണം!
ചിറകറ്റ ചിത്രശലഭംപോലെ
വിറകൊൾവൂ, ദുർബലമെൻ ഹൃദന്തം!
പ്രണയമേ! നീയെന്റെയന്തരംഗം
വ്രണിതമാക്കീടുമെന്നോർത്തില്ല ഞാൻ.
ചിരിയൊന്നറിയാതെ തൂകിപ്പോയാൽ
ചിരകാലം തീവ്രം കരഞ്ഞിടേണം!
ചെറുമിന്നൽ കണ്ടു തെളിഞ്ഞ മേഘ-
മൊരു ജന്മം കണ്ണീർ പൊഴിച്ചിടേണം!
അകളങ്കപ്രേമപ്രദീപമെന്റെ-
യകതളിരാനന്ദമഗ്നമാക്കി.
വിനകൊണ്ടീ വിശ്വമെതുങ്ങിയെന്നിൽ
വിപുലമായ് ഞാനിപ്രപഞ്ചത്തോളം.
കഥയെല്ലാം മാറി, യക്കമ്രദീപം
കഠിനമം കാട്ടുതീയായിപ്പോയി
ഇരുളിൽനിന്നെന്നെയകറ്റിയിപ്പോ-
ളൊരുപിടിച്ചാമ്പലായ് മാറ്റുമെന്നായ്!
അടവുകളോരോന്നു കാട്ടിക്കാട്ടി-
യടവിയിലെത്തുമൊരന്തിത്തന്നൽ
തളിരിനെത്താലോലമാട്ടിയാട്ടി-
ത്തളരുമ്പോൾ ഭാവം മറിച്ചു കാട്ടും!
അടരണം ഞെട്ടറ്റപ്പത്രം, വാത്യാ-
ഹതമേറ്റിട്ടെന്നാണീ ലോകതത്ത്വം!
അബല ഞാ, നപ്പുമാൻതന്റെ ചിത്ത-
മലിവറ്റതെന്നല്പമോർത്തതില്ലാ.
പുരുഷന്റെ പുഞ്ചിരിപ്പൂവിന്നുള്ളിൽ
പരുഷമാം കാകോളം മാത്രമെന്നോ?
കനിവറ്റ കാലമേ!നിൻകരങ്ങ-
ളിനിയെത്ര ചിത്തം തകർക്കയില്ലാ?
കരയട്ടെ, തോഴി, ഞാ, നല്ലെന്നാലെൻ
കരളയ്യോ! പൊട്ടിത്തകർന്നുപോമേ!…
Leave a Reply