കല്ലോലമാല (കവിതാസമാഹാരം)
ഒരു കാവ്യഖണ്ഡം
[താഴെ കൊടുത്തിരിക്കുന്ന ഈരടികൾ ഷെല്ലിയുടെ Ozymandias (of Egypt) എന്ന കവിതയുടെ ആദ്യവരികളുടെ പരിഭാഷയാണ് ; ഒരു കാവ്യഖണ്ഡം.]
ഉജ്ജ്വലപ്രാചീനസംസ്കാരസംപുഷ്ടി-
യുൾകൊണ്ടിടുമൊരു നാട്ടിൽനിന്നങ്ങനെ,
വന്നെത്തിടുമൊരു സഞ്ചരിയെക്കണ്ടി-
തന്നു ഞാ, നോതിനാനിത്ഥമെന്നോടവൻ:
“മുക്തഗാത്രാകാരഭീമങ്ങൾ, നില്പു ര-
ണ്ടശ്മപാദങ്ങൾ കൊടുംമരുഭൂമിയിൽ
താഴത്തു, മണ്ണി, ലവയ്ക്കടുത്തായ്, പാതി
താണു കിടപ്പു വികൃതമൊരു മുഖം
തിങ്ങും മദവുമധികാരഗർവ്വവും
മങ്ങിച്ചുളുങ്ങിയ ചുണ്ടും ചുളികളും
ഓതുന്നിതാ വികാരങ്ങൾ സുസൂക്ഷ്മമാ-
……………………………………………..”
ഒരു വാനമ്പാടിയോട്’
(ഷെല്ലി)
സ്വാഗതമാനന്ദാത്മൻ, വിണ്ണിലോ തദുപാന്ത-
ഭാഗത്തോ നിന്നുംകൊണ്ടു നിൻപൂർണ്ണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോ ദിവ്യ-
കാവ്യത്തിൽ ഗാനാമൃതപുണ്യനിർഝരികയായ്
ഇക്ഷിതിയിങ്കലൊഴുക്കുന്നല്ലോ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!
ധരണീതലം വിട്ടു മേലോട്ടു മേലോട്ടു നീ-
യൊരു ചെങ്കനൽമേഘമെന്നപോലുയരുന്നു;
ആനീലമായീടുമൊരത്യഗാധതയിങ്ക-
ലാലോലപക്ഷം വീശിവീശി നീ വിഹരിപ്പൂ.
ഗാനധോരണി തൂകിത്തൂകി നീ പറക്കുന്നു
വാനിങ്കൽ പാറിപ്പാറിത്തൂകുന്നു ഗാനങ്ങൾ നീ.
മുകളിൽ ചൊകചൊകെയായണിനിരന്നു ന-
ന്മുകിൽമാലകൾ മേന്മേൽത്തെളിഞ്ഞു മിന്നീടവേ,
താണതാം തപനന്റെ തങ്കമിന്നലിലാണ്ടു
ചേണെഴും വിഹായസ്സിൽ നീളെ നീ പാഞ്ഞീടുന്നു.
പാടേ തന്നാലംബമാമാകാരം പരിത്യജി-
ച്ചോടുവാനടുത്താരംഭിച്ചുള്ളൊരാനന്ദം പോൽ!
മങ്ങിയ കടുംചോപ്പുകലർന്ന സായന്തനം
ഭംഗ്യാ നീ പായുന്നതിൻ ചുറ്റുമായുരുകുന്നു.
പരക്കും പകലിന്റെ പാരമ്യപ്രഭയിങ്കൽ
സുരലോകത്തിലുള്ള താരകത്തിനെപ്പോലെ!
നീയദൃശ്യനാണെന്നാലപ്പോഴും നിന്നാനന്ദ-
പീയൂഷമേലും വ്യക്തകളഗാനം ഞാൻ കേൾപ്പൂ
ആ വെള്ളിത്തേജോഗോളത്തിങ്കൽനിന്നുതിരുന്നു
തൂവെള്ളക്കതിരുകൾ വിശിഖങ്ങളെപ്പോലെ!
ആയതിൽ തേജസ്സെല്ലാം പുലർകാലത്തിൽത്തേഞ്ഞു
മായുന്നൂ കാണാനാകാത്തതുപോൽ മന്ദംമന്ദം.
എന്നാലും നമുക്കറിഞ്ഞീടാമതദ്ദിക്കിലു-
ണ്ടെന്നതു –നീയുമേവം ലസിപ്പൂ കാണായ്കിലും!
അന്തരീക്ഷവും ധരാതലവും നിൻഗീതത്താൽ
സന്തതമൊരുപോലെ മറ്റൊലിക്കൊണ്ടീടുന്നു.
ഒരു കാർമുകിൽപോലും നിർമ്മലനിശീഥത്തിൽ
രാകാധിനാഥൻ പെയ്യും ചന്ദ്രികാപൂരത്തിനാൽ
നാകമണ്ഡലം കവിഞ്ഞൊഴുകുന്നതുപോലെ.
എന്താണ് നീയെന്നൊട്ടും ഞങ്ങളിന്നറിവതി-
ല്ലെന്തിനോടുപമിക്കും നിസ്തുലനാകും നിന്നെ?
ചേലിൽ വാർമഴവല്ല്ലു നിഴലിപ്പിക്കും മേഘ-
മാലിക പൊഴിച്ചീടും സൗന്ദര്യകണികകൾ,
കാണുവാനത്രയ്ക്കിമ്പമില്ലല്ലോ തവ ദിവ്യ-
ഗാനത്തിൻ സുധാധാരയാസ്വദിപ്പതിനോളം.
ജയബോധത്താൽ ധരാവലയമനുകമ്പാ-
മയമായ്ത്തീർന്നു ഭീതിയൊഴിയുന്നതുവരെ
തത്ത്വചിന്തനത്തിന്റെ സുപ്രഭാപടലത്തി-
ലെത്രയും നിഗൂഹിതസത്വനായനാരതം.
അർത്ഥനയെന്യേ ദിവ്യമന്ത്രങ്ങൾ പാടിപ്പാടി
മെത്തിടും മുദാ വാണിടുന്നൊരു കവിയെപ്പോൽ.
പ്രണയഭാരം താങ്ങുമാത്മാവിനാശ്വാസം, ചെ-
റ്റണയിക്കുവാൻ രഹഃസമയങ്ങളിലെല്ലാം
സ്നേഹം പോൽ മധുരമാം സംഗീതാമൃതപൂരം
മോഹനനികുഞ്ജങ്ങൾ തുളുമ്പും മട്ടിൽത്തൂകി
തന്നണിമണിമാളികയ്ക്കകം വന്നീടുമൊ-
രുന്നതകുലജാതയാകും പെൺകൊടിയെപ്പോൽ;
ഹിമപൂരിതമാകും ഗിരിസാനുവിൽത്തൃണ-
സുമപാളികൾ തന്മെയ് മറച്ചുപിടിക്കവേ,
ഉന്നതമാം തൽക്കാന്തിയാരുമേ കണ്ടീടാതെ
ചിന്നിടുമൊരു പൊന്നുതൈജസകീടമ്പോലെ;
തന്നിലപ്പടർപ്പിനാൽ മറയപ്പെട്ടൂ മന്ദം
മന്ദോഷ്ണമരുത്തിനാൽ പുഷ്പങ്ങൾ കൊഴിയവേ,
ഭാരിച്ച ചിറകേലും തസ്കരന്മാരാക മീ-
മാരുതപോതങ്ങളെ മൂർച്ഛിപ്പിച്ചീടും മട്ടിൽ
ഈടേറും പരിമളപൂരത്തെ പ്രസരിപ്പി-
ച്ചീടുന്നോരിളംപനീർച്ചെമ്പകച്ചെടിയെപ്പോൽ
പരിപാവനാനന്ദസങ്കേതമാകും നിന്നെ-
പ്പരിചിൽ വാഴ്ത്തീടുവാൻ ഞങ്ങൾക്കു പദമില്ല!
വാസന്തകാലപ്പുതുമാരി മിന്നിടും പിഞ്ചു-
ഭാസുരശഷ്പങ്ങളിയറ്റും നാദത്തെയും,
മഴപെയ്യലാൽ തട്ടിയുണർത്തപ്പെട്ട കൊച്ചു-
മലരിൻ നിരയേയു,മെന്നുവേണ്ടുലകത്തിൽ,
ആനന്ദഭരിതമായ് നിഷ്കളങ്കമായ് നവ്യ-
മായ് മിന്നിത്തിളങ്ങീടും സർവ്വവസ്തുക്കളേയും,
വെന്നിടുന്നു, ഹാ, വിണ്ണിൽനിന്നു നീ ചൊരിയുന്ന
സുന്ദരസുധാമയസംഗീതതരംഗിണി.
ഏവമേവനുമിമ്പമേറ്റിടും ഭവാനൊരു
ദേവനാകിലും കൊള്ളാം, പക്ഷിയാകിലും കൊള്ളാം-
സന്തതമധുരമാം നിന്മനോഭാവനക-
ളെന്തെല്ലാമാണെന്നു നീ ഞങ്ങളെപ്പഠിപ്പിക്കൂ!
ഇത്ര മേലനവദ്യമായീടുമൊരാനന്ദ
സത്തുറഞ്ഞെവിടെയുമൊഴുകിപ്പിക്കുന്നതായ്
പ്രേമത്തെയല്ലെന്നാകിൽ മദ്യത്തെ സ്തുതിക്കുന്ന
കോമളസ്തുതിയും ഞാൻ കേട്ടിട്ടില്ലൊരിക്കലും.
കല്യാണവേളയിലെസ്സംഗീതസമ്മേളന-
കല്ലോലങ്ങളോ, ജയകാഹളധ്വനികളോ
താവകസ്വരത്തിനോടൊത്തു നോക്കുമ്പോളെല്ലാം
കേവലം പൊള്ളയായ നരർത്ഥസ്തുതി മാത്രം-
എന്തോ പോരായ്മയൊന്നു കാണും നാമവയ്ക്കുള്ളോ-
രന്തർഭാഗത്തിലെല്ലാമൊളിഞ്ഞു കിടപ്പതായ്!
എന്തെല്ലാം വസ്തുക്കളാണോതുകെന്നോടു നിന്റെ
സുന്ദരസംഗീതത്തിൻ ധോരണിക്കുറവുകൾ?
ഗിരിസഞ്ചയങ്ങളോ, പരന്ന പാടങ്ങളോ,
തിരമാലകളോ, വീൺതലമോ, മൈതാനമോ
ചിത്തത്തിലെഴുന്നതാം നൽസ്വജാതിസ്നേഹമോ
മെത്തിടും താപത്തിനെക്കുറിച്ചുള്ളജ്ഞതയോ?
പേശലമാകും നിന്റെയാനന്ദഗാനങ്ങളി-
ലേശുവാൻ തരമില്ല ലേശവുമാലസ്യാംശം
നിത്യമാം മുഷിച്ചിലിൻ പാഴ്നിഴലൊരിക്കലും
നിന്നെ വന്നണുപോലും തീണ്ടിയിട്ടില്ലിന്നോളം;
സ്നേഹിപ്പൂ നീ,യെങ്കിലും താപസമ്പൂർണ്ണമാകും
സ്നേഹത്തിൻ പരിതൃപ്തി നീയറിഞ്ഞിട്ടില്ലല്ലോ!
ഞങ്ങളിപ്രാപഞ്ചികജീവികൾ നിനപ്പതി-
ലങ്ങേറ്റമഗാധമായ് സത്യസമ്മിളിതമായ്,
നാനാതത്ത്വങ്ങളിൽ മേന്മേൽ നിഴലിച്ചീടുന്നതു
കാണുന്നതുകൊണ്ടാകാം നീ മൃത്യുവിൻ വക്ത്രത്തിങ്കൽ.
അല്ലെങ്കിൽ പ്രവഹിപ്പതെങ്ങനെ തവ ഗാന-
തല്ലജാവലികൾ നൽസ്ഫാടികപ്പൂഞ്ചോലയായ്?
ഹാ, തപ്തബാഷ്പങ്ങൾ പൊഴിഞ്ഞീടുന്ന കണ്ണാൽ ഞങ്ങൾ
ഭൂതഭാവികളെ നോക്കീടുന്നു മാറിമാറി
ഇല്ലാത്ത വസ്തുക്കളെക്കൈവശപ്പെടുത്തുവാ-
നെല്ലാനേരവും ഞങ്ങളുദ്യമിച്ചുഴലുന്നു.
എത്രയും ഹാർദ്ദമായ ഞങ്ങൾതൻ ചിരിയിലു-
മുൾത്താപമെന്തെങ്കിലും കലരാതിരിക്കില്ല.
ഏറ്റവും മധുരമാം ഞങ്ങൾതൻ ഗാനങ്ങളി-
ന്നേറ്റവും തപ്തമായ ചിന്തയെ ദ്യോതിപ്പിപ്പൂ!
എന്നിരുന്നാലും ദ്വേഷാഹങ്കാരഭയങ്ങളെ-
യൊന്നാകെ ഞങ്ങൾക്കിന്നു വെറുക്കാൻ സാധിച്ചെങ്കിൽ
ഒരു തുള്ളിയെങ്കിലും കണ്ണുനീർപൊഴിക്കായ്‌വാൻ
ധരയിൽ ജനിച്ചുള്ളോരാണു ഹാ, ഞങ്ങളെങ്കിൽ
ഞാനറിവീലെങ്ങനെ ഞങ്ങളെന്നന്നേക്കും നി-
ന്നാനന്ദസാമ്രാജ്യത്തിൽ വരുമായിരുന്നേനേ!
തുംഗമംഗളാനന്ദദായികളായീടുന്ന
സംഗീതമയങ്ങളാം സവർനാദത്തേക്കാളും
ഗ്രന്ഥസഞ്ചയങ്ങളിലാകവേ കണ്ടെത്തീടും
ബന്ധുരനിധികളേക്കാളുമൊട്ടുപരിയായ്
കവിക്കു, ഭഗദീയപാടവം നൽകീടുന്നു
ഭുവിയെ വെറുത്തിടും ദ്വിജമേ, കൗതൂഹലം!
നിന്നുടെ മസ്തിഷ്കത്തിന്നറിയാവുന്നാനന്ദ-
മെന്നെ നീ, സഖേ, പാതിയെങ്കിലും പഠിപ്പിക്കൂ.
ഇത്തരം മാധുര്യസമ്പൂർണ്ണമാം സ്വരോന്മാദം
സത്വരം മമാധരത്തിങ്കൽനിന്നുതിരട്ടെ!
എന്നാൽ, ശ്രദ്ധിക്കുമായതു കേൾപ്പാൻ നൂന-
മിന്നിപ്പോൾ ശ്രദ്ധിച്ചുതാനിരുന്നു. കേൾക്കുമ്പോലെ!
Leave a Reply