കല്ലോലമാല (കവിതാസമാഹാരം)
സുലൈഖ
(ഒരു തുർക്കി കഥ–ബൈറൺ)
ഭാഗം ഒന്ന്
പാരാകെപ്പേർകേട്ടൊരാ രാജ്യമന്നൊക്കെ-
ച്ചാരുശ്രീയേലുന്നതായിരുന്നു
പശ്ചിമസാമ്രാജ്യപ്പട്ടുടലാൾ തൊട്ട്
കൊച്ചുതിലകമാണപ്രദേശം.
പൊന്നൊളിചിന്നുന്ന പിഞ്ചിളംപൂവുക-
ളെന്നുമവിടെ വിരിഞ്ഞുലയും.
തൻകരരാജിയാലന്നാടിലാദിത്യൻ
തങ്കപ്പൊടിപൂശുമേതുനാളും.
താരുണ്യലാവണ്യം വീശുന്ന ചെമ്പനീർ-
ത്താരണിവാടിയിലാടിയാടി
സുന്ദരസൗരഭം, പൂശിയങ്ങെന്നെന്നും
മന്ദസമീരണൻ സഞ്ചരിക്കും.
മാമരച്ചാർത്തുകൾ സന്തതം തേനൊലി-
ക്കോമളപക്വങ്ങളേന്തിനിൽക്കും.
ഭൂമിതൻ ഭാസുരമായ വിലാസവും
വ്യോമത്തിൻ വാരഞ്ചും കാന്തിവായ്പും.
ഭിന്നത വർണ്ണത്തിൽ വന്നാലും ഭംഗിയി-
ലൊന്നുപോലെന്നെന്നുമുല്ലസിക്കും.
മംഗലാപാംഗികളാണവിടെക്കാണു-
മംഗനാവല്ലികളാകമാനം.
ഓരോ ഞരമ്പിലും ചോരയേറ്റുന്നതാ-
ണാരാജ്യത്തിന്റെ കഥകളെല്ലാം
ഇങ്ങനെയുള്ളൊരാ നാടിന്നതാണെന്നു
നിങ്ങളാരാനുമറിവതുണ്ടോ?
‘അർക്കന്റെ രാജ്യ’ മാമായതിന്നത്രേ നാം
തുർക്കിസ്ഥാനാ’ഖ്യയിന്നേകിടുന്നു.
ഭാഗം രണ്ട്
ഉന്മേഷശീലരാമായിരം കാവല്ക്കാ-
രമ്മണിമേടയിൽ കാത്തുനില്പൂ.
ഊരിയ വാളുമായൊന്നല്ല രണ്ടല്ല
ധീരന്മാർ നില്പതാ മണ്ഡപത്തിൽ.
കൂപ്പുകൈമൊട്ടുമായ് ചെങ്കോലിൻ ചുറ്റുമായ്
നില്പതുണ്ടെത്രയോ സേവകന്മാർ.
മദ്ധ്യത്തിൽ തങ്കസിംഹാസനത്തിങ്കലാ-
വൃദ്ധനാം മന്നവൻ ലാലസിപ്പൂ!
പ്രായം കവിഞ്ഞു ചുളിഞ്ഞ തൻകൺകളിൽ
പായുന്നതുണ്ടൊരു ചിന്താഭാരം.
തെല്ലല്ല പാടവമുള്ളതു പാർത്ഥിവ-
നുള്ളിൽ മറയ്ക്കുവാനല്ലലെല്ലാം;
എന്നാലടക്കാൻ കഴിയാത്ത തന്നുടെ-
യുന്നതാഹങ്കാരഭാവപൂരം;
തെല്ലു ചുളിഞ്ഞ കപോലതലത്തിലും
വല്ലാതെ വക്രിച്ച ചില്ലിയിലും,
സ്വൈരം നിഴലിച്ചു; ജാത്യമായുള്ള തൻ
ഗൗരവത്തിന്നൊരു മാറ്റുകൂട്ടി.
Leave a Reply