കല്ലോലമാല (കവിതാസമാഹാരം)
ഭാഗം മൂന്ന്
“പൊയ്ക്കൊൾവിനേവരും”–മുൻകണ്ട മാനവ-
രൊക്കെപ്പിരികയായങ്ങുമിങ്ങും.
“കൊണ്ടുവന്നീടട്ടേ നമ്മുടെ മുമ്പിലി-
ന്നന്തഃപുരദ്വാരപാലകനെ!”
തന്നേകപുത്രനും ഭൃത്യനുമല്ലാതെ
മന്നവപാർശ്വത്തിലില്ലയാരും.
“ദൂരെ നീ നോക്കുകപ്പോകുവോർ ഗോപുര-
ദ്വാരം കടന്നുകഴിഞ്ഞാൽപ്പിന്നെ,
പൂമണിമേടയിൽചെന്നറിയിക്കുകെ-
ന്നോമനപ്പുത്രിയോടിങ്ങണയാൻ
ഉള്ളിലുറച്ചുപോയ് ഞാനവൾതൻ വിധി-
യെള്ളോളം മാറ്റമിനിയണയാ.
പക്ഷേ, നീയെന്മനോനിശ്ചയമൊന്നുമ-
പ്പക്ഷ്മളനേത്രയോടോതിടേണ്ട.
കർത്തവ്യമൊക്കെയും ഞാൻതന്നെ വേണമെൻ
പുത്രിയോടോതി മനസ്സിലാക്കാൻ!”
എന്തി ‘നടിയ’ നെന്നല്ലാതാക്കിങ്കര-
നെന്തോതും, തമ്പുരാൻ ചൊന്നതല്ലേ?
തിങ്ങിപ്പരന്നിതൊരുഗ്രനിശ്ശബ്ദത-
യെങ്ങുമാ വിസ്തൃതശാലയിങ്കൽ
ഭീതിദമാമതു ഭഞ്ജിക്കുമാറുട-
നോതാൻതുടങ്ങി ‘സലിം’ കുമാരൻ.
“കൊച്ചനുജത്തിയേക്കോപിച്ചിടേണ്ടിപ്പോ-
ളച്ഛാ, ഞാനാണതിൽ തെറ്റുകാരൻ–
വല്ലതും തെറ്റതിലുണ്ടെങ്കിൽ–ശിക്ഷക–
ളെല്ലാം പതിക്കേണ്ടതെന്നിലത്രേ
അത്രമേൽ ചിത്തം കവർന്നിടുംമട്ടിലാ-
ണെത്തിയതിന്നത്തെസുപ്രഭാതം.
ആകയാൽ, ക്ഷീണിതരായൊരു വൃദ്ധന്മാ-
രാകെയുറങ്ങിക്കിടക്കവേ, ഞാൻ
സദ്രസം നിദ്രയെ വിട്ടുപിരിഞ്ഞുടൻ
ഭദ്രമായ് ചുറ്റീ വെളിയിലെങ്ങും.
ആകർഷണീയകമായൊരക്കാഴ്ചക–
ളേകനായ് ചുറ്റിനടന്നു കാണ്മാൻ.
തെല്ലുമൊരു രസം തോന്നീലെനിക്കിഷ്ട-
മില്ലണുപോലുമേകാന്തതയിൽ.
ആകയാൽ ചെന്നു ‘സുലൈഖ’യെ ഞാൻ വിളി-
ച്ചാനന്ദനിദ്രയിൽനിന്നുണർത്തി.
അന്തഃപുരാന്തത്തിലേക്കെന്റെ മാർഗ്ഗത്തെ-
ബ്ബന്ധിക്കും താക്കോലിങ്ങില്ലയല്ലോ!
ചേലിൽ നിലത്തു കിടന്നിടും ശുദ്ധാന്ത–
പാലകൻ ഞെട്ടിയുണരും-മുൻപേ
ഞങ്ങളിരുവരും പാഞ്ഞെത്തി മോദമാർ-
ന്നങ്ങെഴും പച്ചച്ചെടിത്തൊടിയിൽ.
മംഗലപൂർണ്ണമാം ലോകവും നാകവും
ഞങ്ങളിരുവരും സ്വന്തമാക്കി
വാണിതാ വാടിയിൽ ‘സാഡി’ ഗാനങ്ങളും
വായിച്ചുകൊണ്ടേറെനേരം ഞങ്ങൾ.
ഇമ്പം വളർത്തുമാറന്നേരം കേൾക്കായി
തമ്പോടിയുടെ കോലാഹലം!
കർത്തവ്യമോർത്തപ്പൂന്തോപ്പിങ്കൽനിന്നോടി-
യെത്തീ തിരുമുമ്പിലക്ഷണം ഞാൻ.
എന്നാലിപ്പോഴും ‘സുലൈഖ’യാപ്പൂവനം
തന്നിലലഞ്ഞു നടക്കയത്രേ.
ഹന്ത, മറക്കരുതച്ഛനിക്കാര്യ, മി-
തെന്തിനാണീവിധം കോപഭാവം!
അന്തഃപുരാന്തത്തെ സൂക്ഷിച്ചുപോരുമ-
ച്ചെന്താമരാക്ഷിമാർക്കല്ലാതാർക്കും,
ഇല്ലച്ഛാ, സാധിക്കുകില്ലിന്നക്കല്പക-
വല്ലീമതല്ലി പിളർത്തിടുവാൻ!”
Leave a Reply