കല്ലോലമാല (കവിതാസമാഹാരം)
ഭാഗം അഞ്ച്
ഊറ്റവാക്കെങ്കിലുമുച്ചരിച്ചീടുവാൻ
പറ്റാതെ നിന്നും സലീംകുമാരൻ.
എന്നാലാ വക്ത്രത്തിലങ്കുരിച്ചീടിനാൻ
വർണ്ണനാതീതമാം കോപഭാവം.
താതന്റെ നാവെയ്ത ഭർത്സനബാണങ്ങൾ
കാതും കരളും പിളർന്നൊടുവിൽ
ആ യുവരാജകുമാരൻതന്നാത്മാവി-
ലാറാത്തൊരാതങ്കവഹ്നിയേറ്റി.
“നീയൊരടിമതന്നാത്മജൻ!”– ചിത്തത്തിൽ
ഭീയാർന്നു വർഷിച്ച ഭർത്സനങ്ങൾ
തെറ്റില്ലാവാക്കുകൾ സൂചനചെയ്തതു
മറ്റാരെയെങ്കിലുമായിരിക്കാം.
“നീയൊരടിമതന്നാത്മജ, നാത്മജൻ
ന്യായമായ് ഞാനല്ലാതാരൊരുവൻ?”
കൂരിരുൾച്ചിന്തകളിവിധം തന്നക-
താരിലുയർന്നു പരക്കമൂലം
ചെന്തീപ്പൊരികൾ ചിതറിനാൻ പെട്ടെന്ന-
സ്സന്തപ്തചിത്തന്റെ കണ്മിഴികൾ.
ക്രുദ്ധനായ്‌നിൽക്കും തൻപുത്രനെക്കാൺകെയാ
വൃദ്ധനരേന്ദ്രൻ നടുങ്ങിപ്പോയി.
വിസ്മയമാ യുവനേത്രങ്ങൾ വീശുന്നു
വിപ്ലവത്തിൻ ചില ലക്ഷണങ്ങൾ.
“ഉണ്ണീ, വരികെടു, ത്തെന്തേ നീ മിണ്ടാത്ത-
തെന്നോടു കഷ്ടം, പിണങ്ങിയോ നീ?
നിന്നെയിന്നോളവുമാദികാലം മുതൽ
നന്നായറിയാമെനിക്ക് കുഞ്ഞേ!
എന്നാലും ചെയ്യരുതാത്തൊരു കൃത്യങ്ങ-
ളൊന്നും നീ ചെയ്യുവാൻ വയ്യയല്ലോ.
വീരപരാക്രമപൗരുഷരക്തം നിൻ
ധീരഹസ്തങ്ങളിലുണ്ടെന്നാകിൽ,
ഭീരുതയെള്ളോളമേശാത്തതാണു നിൻ
താരുണ്യമോലും ഹൃദന്തമെങ്കിൽ
പുഞ്ചിരിക്കൊള്ളും ഞാൻ, നിന്നരവാളല്പം
ചെഞ്ചോരപൂശുന്ന കാഴ്ച കൺകെ;
ധീരരിപുവിനോടെന്നോടിതന്നെയും
നേരിടാറാകണം നിൻകൃപാണം.”
ഏവം കഥിച്ചു തൻപുത്രാനനത്തിലെ-
ബ്ഭാവാന്തരങ്ങളെ നോക്കിനോക്കി
തെല്ലിട മൗനമായ് ചിന്താതരംഗങ്ങൾ
തല്ലുമുൾക്കാമ്പുമായ് നിൻ ഭൂപൻ.
തീരെക്കുലുങ്ങാതെ, തീക്ഷ്ണനേത്രാഞ്ചല-
ഘോരാഗ്നേയാസ്ത്രങ്ങൾ മാറി മാറി
അന്യോന്യമെയ്തുകൊണ്ടാത്മജതാതന്മാ-
രങ്ങനെമേവിനാരല്പനേരം.
“എന്നെങ്കിലുമൊരുനാളിലിക്കശ്മല-
നെന്നോടുതന്നെയെതിർത്തണയും.
ദ്രോഹിയിവനെജ്ജനിമുതലിന്നോളം
സ്നേഹിച്ചിട്ടില്ല ഞാൻ ചെറ്റുപോലും.
എന്നാലും ഭീതിപ്പെടേണ്ട ഞാൻ–തൽക്കൈക-
ളെന്നോടെതിരിടാൻ ദുർബ്ബലങ്ങൾ.
തൽക്കരപ്രാഭവം നായാട്ടിൽ കാട്ടിലെ
മർക്കടപോതമോ, മാൻകിടാവോ
വല്ലിപ്പടർപ്പിലെപ്പച്ചക്കിളികളോ
വല്ലപ്പോളെങ്ങാനറിഞ്ഞിരിക്കാം.
അല്ലാതൊരുത്തമയോധനോടേൽക്കുവാ-
നില്ലവനെള്ളോളം ധൈര്യമിന്നും!
കർശനമായൊരാ വാക്കുകൾ, നോക്കുകൾ
വിശ്വസിക്കില്ല ഞാനേതുനാളും.
ഇല്ലില്ല, മേലിൽ ഞാൻ സൂക്ഷിക്കുമെത്രയും
വല്ലതും വഞ്ചന പറ്റിയാലോ?
മാമകനേത്രങ്ങൾക്കെന്നും ‘ചതുർത്ഥി’യാ-
ണീ മുഖം,–ആട്ടെ ഞാൻ നോക്കിക്കൊള്ളാം.
എന്താണക്കേൾപ്പതെൻ സൗഭാഗ്യലോലയാം
സന്താനവല്ലിതൻ ശബ്ദമല്ലേ?
ഓതാവതല്ലാത്ത മാരന്ദധാരയെൻ
കാതിലാ നാദം പകരുന്നല്ലോ!
ഓമനപ്പൈതലേ, നീയല്ലാതാരുമി-
ല്ലീ മന്നിലാമോദമേകുവാൻ മേ.
സ്നേഹിപ്പതുണ്ടു നിന്നമ്മയേക്കാളും ഞാൻ
മോഹനേ, നിന്നെ മരിക്കുവോളം.
വന്നാലും വന്നാലും വേഗത്തിലോമനേ,
നിന്നെ ഞാൻ കാണുവാനാശിക്കുന്നു.
ഘോരമരുഭൂവിൻ മദ്ധ്യത്തിൽ മിന്നുന്ന
നീരുറവിൻമൃദുകല്ലോലങ്ങൾ
കൂടുന്ന തൃഷ്ണയാൽ പാരം വിവശമായ്
വാടിയ ചുണ്ടുകൾക്കെന്നപോലെ
എത്ര സമാധാനദായകം നേത്രങ്ങൾ-
ക്കുത്തമേ, നിന്മുഖദർശനം മേ..”
Leave a Reply