പ്രിയതമയെ ഓർത്ത്(വു-ടി)

ഉയരുകയായി നഭസ്സിലെങ്ങും
ഹിമപാതകാലോഗ്രശീതവാതം
ഇളകുകയായ് വിണ്ണിലെങ്ങുമിങ്ങു-‌
മലസാമായോരോരോ വെള്ളിമേഘം.
തൃണവൃക്ഷരാശിയിൽ മഞ്ഞയാടി
മണലിലിലകൾ കൊഴിഞ്ഞുകൂടി

തുടരെയാ ദക്ഷിണദിക്കുനോക്കി

തുരുതുരെ വാർത്തകൾ യാത്രയായി
തൊടികൾ തുടുതുടെപ്പൊന്നടമ്പാ-
ലിടിമുടി പൂചൂടിക്കാന്തി നേടി!
പരിചിൽ ‘ക്രിസാന്തിമ’ പ്പൂക്കൾപെയ്യും
പരിമളമെങ്ങും തിരയടിപ്പൂ.

നിരുപമയാകുമെന്നോമലാളിൻ
നിനവിൽ നിമഗ്നനായ് ഞാനിരിപ്പൂ.
കഴിയുന്നതില്ല മേ വിസ്മരിക്കാൻ
കനകോജ്ജ്വലാംഗിതൻ ക്രമരൂപം!

അലമുറിച്ചോടുന്നു ‘ഫെൻ’ നദിയി-
ലിളകിച്ചാഞ്ചാടും ‘പെഗോഡ’ വള്ളം.
പുഴതൻ നടുനീരൊഴുക്കിലെങ്ങു-
മൊഴികിക്കിളരുന്നു വെൺതിരകൾ.

തുഴയും തുഴക്കാർതൻ പാട്ടിനൊപ്പി-
ച്ചവസരത്തോളങ്ങളേകിയേകി
സ്വരമിട്ടു മേളിപ്പൂ മാറിമാറി
മുരളിയും കൈമണി ‘ഗഞ്ചിറ’യും
ചിരിയും കളിയും ‘പുളുവടി’യും
നിറയും വിനോദാനുഭൂതികളും,
തിരതല്ലിത്തല്ലിപ്രസന്നമാമി-
സ്സരസസമ്മേളനത്തിന്നിടയിൽ,
നിഴലിട്ടു ശോകാർദ്രമാകുമോരോ
നിനവുകളെത്തുന്നിതെന്മനസ്സിൽ.
വിരളങ്ങളയ്യോ വെറും കിനാക്കൾ
വിലസദ്യുവതതൻ വത്സരങ്ങൾ.
നിഹതവാർദ്ധക്യമേ ഹന്ത നീയോ
നിഖിലർക്കും നിശ്ചയം, നിശ്ചയം നീ!

കുറിപ്പ്
ഹാൻ (Han) രാജവംശത്തിലെ ആറാമത്തെ ചക്രവർത്തിയാണ് വു-ടി -ഇദ്ദേഹം ബി.സി 157 മുതൽ 87 വരെ ജീവിച്ചിരുന്നു. പതിനാറു വയസ്സുമാത്രം പ്രായമുള്ളകാലത്തുതന്നെ അദ്ദേഹം സിംഹാസനാരൂഢനായി.

രാജ്യകാര്യസംബന്ധമായി തന്റെ സചിവസംഘത്തോടൊന്നിച്ച് അദ്ദേഹം യാത്രതിരിച്ചിരിക്കയാണ്. രാജധാനിയിൽ വിരഹാർത്തയായി വർത്തിക്കുന്ന ‘പ്രിയതമയെ ഓർത്ത്’ വിനോദമദ്ധ്യത്തിലും അദ്ദേഹം വിഷാദമഗ്നനായി മാറുന്നു…