ഹീനേയുടെ ഗാനങ്ങൾ

എന്തുകൊണ്ട്?

പനിമലരിത്രമേൽ വിളറുന്നതെന്തെന്നു
പറയാമോ നീയെന്നോടോമലാളേ?
മരതകക്കുന്നിന്റെ ചെരുവിങ്കലതുപോലെ
പരിലസിച്ചീടുമാക്കുറുമൊഴിയും;
ഇതളറ്റു തെരുതെരെപ്പൊടിമണ്ണിൽ പൊഴിയുവാ-
നിടയാവതെന്തെന്നുമരുളുമോ, നീ?
ഗഗനത്തിൽച്ചിതറിയ മുകിലുകൾക്കിടയിലായ്
ഗതിതുടർന്നീടുമാ വാനമ്പാടി,
ചൊരിയുന്നതെന്തിനാണിതുവിധമുൽക്കട-
പരിതാപഭരിതമാം ഗാനപൂരം?
മലർമുകുളങ്ങളിൽനിന്നെന്തിനിങ്ങനെ
മരണത്തിൻ പരിമളമുത്ഭവിപ്പൂ?
പ്രകടിതനീരസം മരുവുന്നതെന്തിനാ
നഗവനനികരത്തിൻ മുകളിലർക്കൻ?
വസുമതിയെന്തിനു ശവകുടീരോപമ-
മസുഖദപരിണാമമേന്തിനിൽപൂ?
അതുവിധമെന്തുകൊണ്ടിവിടെയീ ഞാനുമൊ-
രലസവിരസതയാർന്നിരിപ്പൂ?
അതുവിധമനുപമേ, ഭവതിയുമെന്തുകൊ-
ണ്ടദയമെന്നെ സ്വയം കൈവെടിഞ്ഞൂ?

ആഴിപ്പരപ്പിൽ

ആ മഹാസമുദ്രത്തി,ലോമലേ, നമ്മളൊരു-
തോണിയിലിരുന്നന്നു തുഴഞ്ഞുപോയി-
ആലോലകല്ലോലമാലകൾതോറും, നമ്മൾ
താലോലമാടിയാടിത്തുഴഞ്ഞുപോയി-
വിസ്തൃതജലധിതന്മീതേയാ നിശീഥിനി
വിസ്മയപ്രശാന്തയായ് പരിലസിച്ചു.

ശീതളചന്ദ്രികയിൽ ദീപങ്ങൾ തെല്ലകലെ

ച്ചേതോഹരങ്ങളായിക്കുളിർത്തുമിന്നി.
സംഗീതതരളിതതുംഗതരംഗകങ്ങ-
ളങ്ങിങ്ങു മദാലസനടനമാടി.
പ്രേമസല്ലാപലോലരായൊരു തോണിയിങ്കൽ
നാമിരുവരും മെല്ലെത്തുഴഞ്ഞുപോയി.

മുന്നോട്ടു മുന്നോട്ടു നാം പോകവേ മനോഹര-
സംഗീതധാരകളുമുയർന്നുപൊങ്ങി.
വീചികൾ പരസ്പരമാശ്ലേഷം ചെയ്തു ചെയ്തു
വീതസന്താപം വീണ്ടുമലിഞ്ഞുപോയി.
കണ്മണി, നമ്മളുമന്നായവയൊരുമിച്ചു,
പിന്നെയുമാത്തമോദം തുഴഞ്ഞുപോയി!

അല്ലലിൽ

നിന്നനഘനേത്രങ്ങൾതൻ നീല-
നിർമ്മലോൽപ്പലപുഷ്പങ്ങൾ;
മുന്തിരിച്ചാറുപോലരുണമാം
നിൻകവിൾപ്പനീർപ്പൂവുകൾ;
ഉല്ലസൽസിതപാണികളിളം.
മല്ലികാമലർത്തൊത്തുകൾ,
ഓരോരോ വർഷം പോകവേ, നവ-
ചാരുത വളർന്നങ്ങനെ,
എല്ലാമായവയെല്ലാ,മൊന്നുപോ-
ലുല്ലസിപ്പു, ഹാ, മേല്ക്കുമേൽ!-

കഷ്ട,മെന്നാൽ നിന്മാനസം മാത്രം
വിട്ടുമാറാത്തൊരല്ലലിൽ,
കൊച്ചിതളുകളൊക്കെയും, കൊഴി-
ഞ്ഞെത്രമാത്രം വിളർത്തുപോയ്…

–ഹെൻറീച് ഹീനേ.