കല്ലോലമാല (കവിതാസമാഹാരം)
അന്ധത
മന്ദതയെഴും ലോകം
കണ്ണുകാണാത്ത ലോകം,
നിത്യം നിത്യം നിസ്സാരത്തം
മുറ്റിപ്പറ്റും ലോകം,
ചൊന്നീടുകയാണോരോന്നങ്ങനെ
നിന്നെപ്പറ്റിയെൻ കുഞ്ഞേ!
കണ്മണീ, നീ കേവലമൊരു
കുന്ദകോരകമല്ല.
മന്ദതയെഴും ലോകം
കണ്ണുകാണാത്ത ലോകം
കഷ്ട, മിന്നതു തീർപ്പു കല്പിപ്പു
ബുദ്ധിശൂന്യമാംമട്ടിൽ
അമ്പിയന്നു നീയേകും
ചുംബനങ്ങളിലെല്ലാം,
എത്ര മധുരിമയുണ്ടെന്നായതൊ-
രിത്തിരിയറിവീല.
ഉൾക്കടവികാരമാർന്നെത്ര
തപ്തമാണവയെന്നും,
അറിവതില്ല, കഷ്ട-
മറിവതില്ലീ ലോകം!…
കിളിവാതില്ക്ക
വിരിയുകയാണെൻ മിഴിനീർമാരിയിൽ
വിരവിലായിരം മലരുകൾ
പരിചിൽ രാക്കുയിലിണകൾ സംഗീതം
പകരുകയാണെൻ നെടുവീർപ്പിൽ.
അണുവെന്നാകിലും ഭവതിക്കെൻപേരിൽ
പ്രണയമുണ്ടെങ്കി,ലമലേ, ഞാൻ,
തരുവൻ കൊണ്ടുവന്നഴകണിയുമാ
വിരിമലരുകൾ മുഴുവനും!
കളകളമ്പെയ്യുമതുപോൽത്തന്നെ നിൻ
കിളിവാതില്ക്കൽ രാക്കുയിലുകൾ
അന്ന്
താവുന്നു വേനലിൽ ചെമ്പനീർ-
പ്പൂവൊളി നിൻതുടുപ്പൊൻ കവിളിൽ
കണ്മണീ, യെന്നാലതുപൊഴുതോ
നിന്മാനസത്തിങ്കലാകമാനം,
മൂടിക്കിടക്കുന്നു വർഷകാലം
കോടക്കാർ കൂടിത്തണുപ്പുകേറി!
എന്നാലിനിമേലിതൊത്തിടും മാ-
റൊന്നൊന്നായ് വർഷങ്ങൾ പോയ്മറഞ്ഞാൽ
അന്നു മഴക്കാലം നിൻകവിള-
ത്തന്നു നിൻചിത്തത്തിൽ വേനലുമാം!…
ഞാൻ
അന്നുമിന്നുമൊരുപോലനാരത-
മെന്മനമൊട്ടലട്ടിയിട്ടുണ്ടവർ;
അത്യധികമാം സ്നേഹത്തിനാൽചിലർ!
മുറ്റുമുഗ്രവിരോധത്തിനാൽചിലർ!
ഞാൻ കുടിച്ചൊരാ മുന്തിരിച്ചാറിലും
ഞാനാശിച്ച വിവിധഭോജ്യത്തിലും,
സ്നേഹംകൊണ്ടു വിഷം കലർത്തീ ചിലർ
ദ്രോഹംകൊണ്ടു വിഷം കലർത്തീ ചിലർ.
പാരിലെന്നാലവരിലെല്ലാരിലും
പാരമല്ലലെനിക്കേകിയോരവൾ—
എന്നെയല്പവും ദ്രോഹിച്ചതില്ല, പോ-
ട്ടെന്നെയല്പവും സ്നേഹിച്ചുമില്ലവൾ!…
എന്റെ ഗാനം
എന്മനോവേദനയിങ്കൽനിന്നാണു ഞാൻ
നിർമ്മിപ്പതെൻ ഗാനമെല്ലാം.
ആയവ മേന്മേൽ ചിറകിട്ടടിക്കയാ-
ണാരോമലാളിൽ മനസ്സിൽ!
കണ്ടുപിടിച്ചിതവയുടെ കാര്യത്തിൽ-
ക്കണ്ടെത്തിപ്പോയവ മാർഗ്ഗം.
ആഗമിച്ചീടുന്നിതെന്നിട്ടും പിന്നെയു-
മാവലാതിപ്പെട്ടിടുന്നു.
ആവലാതിപ്പെട്ടിടുകയാണെങ്കിലു-
മാരോമലിൻ ഹൃദയത്തിൽ,
എന്താണവ ചെന്നു കണ്ടതെ,ന്നല്പവും
സന്തോഷമില്ലവയ്ക്കോതാൻ!…
Leave a Reply