കല്ലോലമാല (കവിതാസമാഹാരം)
ഫ്ലെമിഷ് കവിതകൾ
ലജ്ജ
(റെനെ ഡെ ക്ലെർക്)
ലജ്ജയെന്നെപ്പിടിച്ചു താഴ്ത്തുന്നു, ഹാ
ലജ്ജയെന്നെച്ചകിതനാക്കീടുന്നു.
ഇല്ലെനിക്കില്ല ധൈര്യമിനിയുമാ-
പ്പല്ലവാംഗിതൻ മുന്നിലണയുവാൻ.
അത്രമാത്രം പരിശുദ്ധയാണവ-
ളത്രമാത്രം സമുന്നതയാണവൾ.
അഞ്ചിതമലർമാല തൊടുക്കുവാൻ
സഞ്ചയിപ്പു ഞാൻ തൂമലർമൊട്ടുകൾ
കഷ്ടമെന്നാലുതിർന്നവ പോകയാം
പട്ടുനൂലിൽ ഞാൻ ചേർപ്പതിൻമുന്നമേ!
കോട്ടമറ്റു പഴയ പല പല
പാട്ടെനിക്കിന്നറിഞ്ഞിടാമെങ്കിലും
പാഴി,ലയ്യോ, മരിച്ചവ പോകയാം
പാടുവാൻ ഞാൻ തുനിവതിൻമുന്നമേ!
സ്വർഗ്ഗീയരാഗം
(റെനെ ഡെ ക്ലെർക്)
പരമശോഭനം മമ ഹൃദയത്തിൽ
പരിലസിച്ചിടും പ്രേമം
നിരുപമോജ്ജ്വലപ്രഭമിസ്വർഗ്ഗീയ-
നിരഘനിർമ്മലപ്രേമം
ഇനിയൊരിക്കലുമെനിക്കൊന്നു കാണാ-
നിടയാകാത്തൊരാമട്ടിൽ,
മറച്ചുകൊള്ളുവിനരുണദേവനെ,
മമ മിഴികളിൽനിന്നും.
അനുപമോജ്ജ്വലപ്രഭാമിളിതമെ-
ന്നകതളിരിലെ പ്രേമം
പ്രപഞ്ചത്തിലിന്നേതരുണനേക്കാളും
പ്രകാശപൂർണ്ണമിപ്രേമം!
പരിധിയറ്റമട്ടഗാധമാണെന്നിൽ
ഉറവെടുക്കുമിപ്രേമം!
ഗഹനമത്യന്തഗഹനമിസ്വർഗ്ഗ-
മഹിതമംഗളരാഗം.
വരട്ടിക്കൊള്ളുവിൻ മമ ജീവന്നെഴു-
മുറവൊഴുക്കുകളെല്ലാം.
തരുവിൻ വിട്ടെനിക്കുലകിലെന്നിട്ടി-
സ്സുരലോകത്തിലെ പ്രേമം.
അതു മതിയെനിക്കറികെൻ ജീവിത-
മമൃതപൂർണ്ണമാണെന്നും!
അലഘുശക്തമാണടിക്കടിയെന്നി-
ലലയടിക്കുമിപ്രേമം
ബലഭരിതമീമഹിതസ്വർഗ്ഗീയ-
സുലളിതോൽക്കടപ്രേമം.
സമർപ്പിച്ചുകൊൾവിൻ പ്രപഞ്ചത്തിൻ ഭാരം
സമസ്തവുമെടുത്തെന്നിൽ.
സുശക്തമിപ്രേമം കലിതോമോദം ഞാൻ
സഹിപ്പേനക്കൊടും ഭാരം!
Leave a Reply