മറ്റു കവിതകൾ

ജലകന്യക

(തോമസ് ഹുഡ്)

മർത്ത്യദൃഷ്ടിക്കൊരിക്കലും കാണാ-
നൊത്തിടാത്തൊരാ കാഴ്ചയെ
ഒന്നു കാണിക്കാൻ കഷ്ടമെന്നെന്നും
മിന്നിടേണം നിശാകരൻ!
കണ്ടു ഞാനന്നൊരാറ്റുവക്കിലായ്
കൊണ്ടൽവേണിയൊരുവളെ!
സ്നേഹരൂപിണി മാത്രമല്ലതി-
മോഹനാംഗിയുമാണവൾ

ചില്ലിതൻ ക്രമചക്രവാളത്തി-
ലുല്ലസൽക്കാർമുകിലുകൾ
ചി്ന്നുമാറവളല്ലണിക്കുഴൽ
പിന്നിലേക്കിട്ടു ചിക്കവേ
ഭംഗിവായ്ക്കുമക്കാഴ്ച കാണുവാൻ
തങ്ങിയങ്ങല്പം നിന്നു ഞാൻ!
ശോണിമ വേണ്ടും സ്ഥാനത്തോമലിൻ
ചേണെഴും കവിൾത്തട്ടുകൾ
നീലിമ, ജലപുഷ്പത്തിൻ നേർത്ത
നീലിമ ചാർത്തി നില്ക്കവേ,
ഭംഗിവായ്ക്കുമക്കാഴ്ച കാണുവാൻ
തങ്ങിയങ്ങല്പം നിന്നു ഞാൻ!

അപ്രവാളോജ്ജ്വലാധരോഷ്ഠങ്ങ-
ളല്പമൊന്നു വിടരവേ,
നാകസംഗീതം തൂകുവാനവൾ
പോകയാണെന്ന ശങ്കയാൽ
ഫുല്ലകൗതുകമപ്പുഴവക്കിൽ
തെല്ലിട തങ്ങിനിന്നു ഞാൻ!
ഓമലിൻ വദനത്തിനു മീതെ
തൂമയിൽ ജലവീചികൾ

 

വന്നുകൂടി വലയകോടികൾ
ചിന്നവേ—മറഞ്ഞാളവൾ!

എന്നിട്ടും തങ്ങിത്തെല്ലിടകൂടി
യന്നദീവക്കിൽ നിന്നു ഞാൻ.
കഷ്ടമസ്വപ്നമോഹിനി വീണ്ടു-
മെത്തിടുന്നതില്ലൊരിക്കലും.
അത്തടിനീതടത്തിൽ മേവിയെൻ
കൈത്തലത്തിലെപ്പൂവിതൾ
സസ്പൃഹമെറിഞ്ഞർച്ചനചെയ്തു
നിഷ്ഫലം കാത്തുനില്പു ഞാൻ!
ഞാനറിവു ഹാ, മാഞ്ഞുപോം കഷ്ടം
ക്ഷോണിയിൽ മമ ജീവിതം
ഞാനറിവു ഹാ, നിഷ്ഫലം മമ
മാനസമയ്യോ നീറണം.
മൃത്തിയലുമാ മണ്ണിനാത്തതീർത്ത
മർത്ത്യകീടകനാണു ഞാൻ.
അക്കമനിയോ ദൈവികാംശമുൾ-
പ്പുക്കെഴുമൊരു ദേവിയും.

ഇടയന്റെ ഓമന

(ക്രിസ്റ്റഫർ മാർലോ)

വാണുകൊൾക വന്നെന്നോടൊന്നിച്ചെൻ
പ്രാണനായികയായി നീ.
ആയത്തമാക്കാമെങ്കിൽ നമ്മൾക്കൊ-
രായിരമനുഭൂതികൾ.
കാടും, മേടും, മലകളും, തോടും
പാടങ്ങളും, തൊടികളും,
അർപ്പണംചെയ്തിടുന്നൊരായിര-
മത്ഭുതാത്മാനുഭൂതികൾ!-

ശ്രീലനീലശിലാതലങ്ങളിൽ
തോളുരുമ്മിയിരുന്നു നാം.
ചേലിയിലും വനാപഗാകുല-
കൂലകാനനവീഥിയിൽ.
നിസ്തുലജലപാതസംജാത-
നിസ്വനമൊപ്പിച്ചങ്ങനെ

 

ഉൾക്കുളിരേകിപ്പക്ഷികൾപെയ്യും
നൽക്കളകളധാരകൾ;
കൊച്ചലകളിയറ്റും, പുല്ലണി-
പ്പച്ചമൈതാനഭൂമിയിൽ
മോടിയിൽക്കാണാമാട്ടിടയന്മാ-
രാടുമേയ്ക്കുന്ന കാഴ്ചകൾ!

ലോലസൗരഭമോരുമായിരം
മാലതീമലർമൊട്ടുകൾ;
ഉൾപ്പുളകമിയറ്റുള്ളസൽ-
പ്പൊൽപ്പനീരലർത്തൊത്തുകൾ;
വാരി വാരി വിതറിയിട്ടുള്ള
വാരിളംകുളിർമെത്തകൾ;
സജ്ജമാക്കും നിനക്കിവിടെ ഞാൻ
വിശ്രമിക്കുവാനോമനേ!
കണ്ണിണ കവർന്നീടുമാറൊരു
കമ്രപുഷ്പകോടീരകം;
നൽത്തമാലത്തളിരുകളാലൊ-
രത്യമലോത്തരീയകം
ആത്തമോദം ചമച്ചു നൽകും ഞാൻ
ചാർത്തുവാൻ നിനക്കോമനേ!

അച്ഛകാന്തി വഴിഞ്ഞ ഞങ്ങൾതൻ
കൊച്ചു ചെമ്മരിയാടുകൾ
തന്നിടും ലോലരോമലൂതകൾ
തുന്നിച്ചേർത്ത തുകിലുകൾ;
പട്ടുവാറിൽ പൊതിഞ്ഞു, പൊന്നാണി-
യിട്ട, കൊച്ചു ചെരിപ്പുകൾ,
ആത്തമോദം രചിച്ചു നൽകും ഞാൻ
ചാർത്തുവാൻ നിന്നക്കോമനേ!

പൊൽക്കുതിരവാൽപ്പുല്ലുകൾ മെട-
ഞ്ഞക്കണിക്കൊന്നപ്പൂക്കളാൽ
കിങ്ങിണികൾ കോർത്തിട്ടു, വിദ്രുമ-
ക്കുഞ്ഞലുക്കിട്ടിടയ്ക്കിടെ
ഹീര-ഗൗര-വൈഡൂര-വൈരക-
ചാരുമേഖലയൊന്നു, ഞാൻ
ആത്തമോദം രചിച്ചു നൽകുവൻ
ചാർത്തുവാൻ നിനക്കോമനേ

[ 16 ]

ഇസ്സുഖങ്ങൾ നിന്മാനസത്തിനൊ-
രുത്സവമായിത്തോന്നുകിൽ
വാണുകൊൾക വന്നെന്നൊടൊന്നിച്ചെൻ
പ്രാണനായികയായി നീ!

ദേവകൾ ഭുജിക്കുന്ന രീതിയിൽ
തൂവമൃതവിഭവങ്ങൾ
ചാരുവാമിഭദന്തപീഠത്തി-
ലാരോ വെള്ളിത്തളികയിൽ,
ഹാ, നിനക്കു, മെനിക്കു, മങ്ങനെ
കാണാം സജ്ജമായ് നിത്യവും!

നിന്മനോല്ലാസത്തിന്നു വാസന്ത-
കമ്രകാല്യത്തിൽ നിത്യവും
ആട്ടമാടിടും, പാട്ടുപാടിടു-
മാട്ടിടയന്മാരോമനേ!
ഇസ്സുഖങ്ങൾ നിന്മാനസത്തിനൊ-
രുത്സവമായിത്തോന്നുകിൽ
വാണുകൊൾക വന്നെന്നൊടൊന്നിച്ചെൻ
പ്രാണനായികയായി നീ!…