51

ഞാനാരെന്നറിഞ്ഞുവോ നീ നന്നായ്? ഭൂദേവിയെൻ
ചേണാളും പുരന്ധ്രിയാൾ; മർത്ത്യരെന്നപത്യങ്ങൾ;
പിച്ചെനിക്കില്ലെൻ തലയ്ക്കാരുമേ തണ്ണീരാടാൻ;
കൊച്ചുപെൺകുഞ്ഞല്ല ഞാൻ പണ്ടത്താൽമെയ് മൂടുവാൻ;
ധൂപത്തിൻ ദൂമത്തിലെൻ നേത്രങ്ങൾ മങ്ങുന്നീല;
ദീപത്താൽ പ്രദീപ്തിയമ്മാർത്താണ്ഡചന്ദ്രർക്കില്ല.
ചക്രമില്ലാത്തോനല്ല പാദോപഹാരം പറ്റാൻ;
കുക്ഷിതീക്ഷിത്ത,ല്ലംഘ്രികൂപ്പാഞ്ഞാൽക്കോപിക്കുവാൻ:
ഊട്ടീടേണ്ടെന്നെസ്സുധാജന്മഭൂവാമെൻ ഗൃഹം;
വാഴ്ത്തേണ്ട രണ്ടായിരം നാവുള്ളോരെൻ തല്പവും.
വാർദ്ധൂഷ്യം കൊതിച്ചുകൊ,ണ്ടർച്ചനം നിക്ഷേപിക്കും
സ്വാർത്ഥത്തിൻ പേരേടീല്ലെൻ വ്യാപാരക്കണക്കിങ്കൽ.

52

ക്ഷേത്രമേതാഢ്യർക്കുമെൻ സേവാർഹമാകുന്നീല
പേർത്തും തൽപ്രയോജനം സൂക്ഷ്മമായ് ഗ്രഹിക്കാഞ്ഞാൽ
അങ്ങെഴും ബിംബത്തിങ്കൽക്കണ്ടിടാം ഭക്തർക്കെന്നെ-
ബ്ഭങ്ഗമറ്റരുന്ധതീദർശനന്യായത്തിങ്കൽ
പഞ്ജരത്തിങ്കൽപ്പെടു കീരവും, കോട്ടയ്ക്കുള്ളിൽ-
ത്തഞ്ചിടും രാജാവുമ,ല്ലീശ്വരൻ ക്ഷേത്രാന്തഃസ്ഥൻ
ആ ക്ഷേത്രം ബ്രഹ്മാണ്ഡമായാബ്ബിംബംവിശ്വാത്മാവായ്
വീക്ഷിപ്പാൻവേണ്ടും വിശാലാക്ഷിയെന്നുണ്ടാകുന്നു
അന്നു താൻ മദർച്ചതൻ മർമ്മജ്ഞൻ നരൻ നൂന-
മന്നുതാൻ ദ്വിപാത്താമത്തിര്യക്കിൻ പുംസ്ത്വാദയം
ഭാവശുദ്ധി താൻശുദ്ധി; മൺപാത്രം തീർത്ഥം പേറാം
സൗവർണ്ണപാത്രം തുപ്പൽക്കോളാമ്പിയായും തീരാം

53

ക്ഷേത്രമൊന്നെന്നേക്കുമായ്ത്തീർത്തിട്ടുണ്ടേവർക്കും ഞാൻ
പേർത്തുമെൻ ലീലാരത്നമണ്ഡപം ഭൂമണ്ഡലം
സൂര്യാദിദീപങ്ങളാൽ ദീപ്തമായ്; ഭൂഭൃൽകൂട-
സ്തൂപികാശതങ്ങളാൽ വ്യോമത്തെച്ചുംബിപ്പതായ്;
നീലാംബുവാഹങ്ങളാൽ സിക്തമായ്; ദ്വിജോത്തംസ-
ജാലത്തിൻ ഗാനങ്ങളാൽ സഞ്ജാതമൗഖര്യമായ്;
സാദ്വിമാർ പയസ്വിനീദേവിമാർ ചരിപ്പതായ്;
സ്തോത്രത്താൽ ഗംഭീരമാംസാഗരം സ്തുതിപ്പതായ്
ഭൂരുഹവ്രാതം ഫലം നേദിക്കുന്നതായ്; ച്ചാരു-
വീരുത്തിൻ വ്രജം പുത്തൻ പൂക്കളാൽപ്പൂജിച്ചതായ്
ആ ക്ഷേത്രം, വിശങ്കടം, ശോഭനം; സ്വച്ഛന്ദ, മ-
ങ്ങാസ്തംബ, മാകല്പന്ത, മാരാലുമാരാധ്യൻ ഞാൻ.

 

54

എന്നിലിച്ചരാചരം സർവവും കാണുംപോലെ-
യെന്നെയിച്ചരാചരം സർവത്തിങ്കലും കാണ്മേൻ
ദിവ്യദൃ,ക്കെന്നെത്തൊഴാൻ തേടേണ്ടും സ്ഥലം പാരിൽ
ഭവ്യത്തിന്നസ്‌‌പൃശ്യരാം പാവങ്ങളെങ്ങു,ണ്ടങ്ങാം
ദീനൻ മേലവൻ വീഴ്ത്തും കണ്ണീരിലാണെൻ സ്നാനം ;
ദീനൻ മേൽത്തൂകും സ്‌‌മിതം ദീപമെൻ പുരസ്ഥിതം;
ദീനൻതൻ മലർന്നതാം കൈക്കുമ്പിളാണെൻ വഞ്ചി;
ദീനൻതൻ ക്ഷുത്താറ്റിടും ധർമ്മാന്നമെൻ നൈവേദ്യം;
ദീനൻതൻ കാതില്പ്പെടും സാന്ത്വവാക്കാണെൻസ്തോത്രം ;
ദീനനെസ്സേവിപ്പതാണെൻ സേവ , മറ്റൊന്നല്ല.
ഭൂതകാരുണ്യം താനെൻ പൂർണ്ണമാമാരാധനം  ;
സാധുവിൻ സന്തർപ്പണം സായൂജ്യലാഭോപായം.

55

ക്ഷുൽകൃശന്നൂണേകിയും , നഗനനെപ്പുതപ്പിച്ചും,
ദു:ഖിയെത്തോഷിപ്പിച്ചും , രോഗിയെശ്ശുശ്രൂഷിച്ചും
ആപത്തിൽപ്പെടുന്നോനെയാശ്വസിപ്പിച്ചും, താണു
കൂപത്തിൽക്കിടപ്പോനെക്കൈകൊടുത്തുയർത്തിയും,
അന്യർതൻ സ്‌‌മിതച്ചില്ലിൽത്തൻസുഖം നിരീക്ഷിച്ചു-
മന്യർതൻ ഹർഷാശ്രുമുത്താത്മവിത്തമായ്പ്പൂണ്ടും,
ഹൃത്തിലും ചക്ഷുസ്സിലും വാക്കിലും കർമ്മത്തിലും
ശുദ്ധമാം പ്രേമത്തിന്റെ സാന്നിദ്ധ്യം കാട്ടിക്കാട്ടി;
ലോകത്തെക്കുടുംബമായ്ജ്ജീവിയെസ്സോദര്യനായ് ;
ദേഹത്തെപ്പരാർഥമാം യജ്ഞത്തിൻ സാമഗ്രിയായ്;
ഏവനോ കൽപ്പിച്ചെന്റെ വേലയിൽപ്പങ്കാളിയായ്
മേവിടാനോർപ്പോ, നവന്നെന്നും ഞാൻ വശംവദൻ.