21

“എങ്ങുവാ,നെണ്ടെങ്ങുവാ,നെങ്ങെങ്ങൊരേടം വാ-
നെൻശിങ്കം-എന്നാൺശിങ്കം-എന്നെന്നാൺപിള്ളശിങ്കം?”
എന്നുരച്ചിങ്ങങ്ങവൻ പിന്നെയും പാഞ്ഞാൻ മേന്മേൽ-
ത്തന്നെത്താൻ മറന്നോനായ്, സന്യസ്തർക്കാരാദ്ധ്യനായ്.
കൂട്ടുകാരെല്ലാം വിട്ടാർ; കൂറ്റുകാർ പെൺകെട്ടിന്നു
കൂട്ടിനാർ വട്ടം; മുഴുഭ്രാന്തിനായ് ചികിത്സിച്ചാർ.
ഭ്രാന്തുതാൻ -ഭക്തിഭ്രാന്തു!-സർവേശസാക്ഷാൽക്കാരം
ശാന്തിയെച്ചെയ്യേണ്ടതാം സത്തർതൻ മഹാരോഗം?
കൂകിടും ചുറ്റും ചെക്കർ; നിൻ “ശിങ്ക”മെങ്ങെന്നോതും;
കൈകൊട്ടിച്ചിരിച്ചിടും: കല്ലെടുത്തെറിഞ്ഞിടും.
കാണ്മതില്ലതൊന്നുമേ മർത്ത്യപഞ്ചാസ്യം മാത്ര-
മോർമ്മയിൽത്തങ്ങിത്തിങ്ങിവിങ്ങുമമ്മഹായോഗി.

22

ചെറ്റുചെന്നപ്പോൾ കണ്ടാൻ ലുബ്ധകൻ മഹാധന്യൻ
ചുറ്റുപാടെഴും വസ്തു സർവ്വവും നൃസിംഹമായ്
കാണ്മതോടെല്ലാം “എന്നാൾക്കേളരിച്ചങ്ങാതി! വാ
ഞാൻമുനിക്കേകാം നിന്നെ,യെന്നോതും; വിളിച്ചീടും.
പാറക്കൽ പളുങ്കൊളിക്കണ്ണുനീരൊലിപ്പിക്കും;
പാദപം തളിർക്കൊമ്പാം താലവൃന്തത്താൽ‌വീശും;

വീരുത്തു പൈന്തേനൊലിപ്പൂമാരികോരിത്തൂകു;

മാറു വെൺനുരക്കുളിർത്തുമുക്താഹാരം ചാർത്തും;
വണ്ടിനും മുരൾച്ചയാൽ വായ്പെഴും ജയം കുറു;-
മണ്ഡജം പാറിപ്പറ,ന്നാശ്വസിക്കുവാൻ ചൊല്ലും;
മാ,നിടംപെടും കണ്ണാൽ നോക്കിടും; – സമസ്തമ-
ക്കാനനം സജംഗമസ്ഥാവരം കാരുണ്യാർദ്രം;

23

ഹന്ത! നാളിമ്മട്ടൊട്ടുപോകെത്തത്തപസ്സിൻചൂ-
ടന്തരാത്മാവിൽത്തട്ടീ; കാര്യത്തിൻ മട്ടും മാറീ;
ഷഡ്വർഗ്ഗസിന്ധുക്കളില്ലങ്ങതിൻ ശാന്തിക്കൊന്നും;
പെട്ടുപോയ് ഹുതാശനക്കൂട്ടിലന്നൃപഞ്ചാസ്യം
അപ്പൊഴായിടാമങ്ങേയ്ക്കാഗാരനീരിൻ സ്വാദും,
തല്പത്തിൻ കുളുർമ്മയും, വാമമാം കണ്ണിൻ കെല്പും,
വാഹത്തിൻ പക്ഷങ്ങൾ തൻവീശലിൻ ചേലും കാണ്മാൻ
ശ്രീഹരേ! തരംവന്നതെന്നു ഞാൻ നിനയ്ക്കുന്നേൻ
പൊള്ളിപ്പോം പൂമേനി, യെൻ തമ്പുരാനിനിത്തുല്യ-
മുള്ളിലും വെളിക്കുമായ് മിന്നിയേ ശരിപ്പെടൂ
ചാലവേ ഭവാൻ മാറിൽ ചാർത്തുവാനരണ്യപ്പൂ-
മാലയൊന്നതാ കോർപ്പൂ മാൺപെഴും മഹീദേവി

24

ഒറ്റക്കൈ പൊക്കിൾപ്പൊയ്കപ്പൊൽത്തണ്ടാർ വാടായ്‌വാനും
മറ്റേക്കൈ മഞ്ഞത്തളിർപ്പട്ടാട് കത്തായ്വാനും
പിന്നെയൊന്നാഴിപ്പെണ്ണിൻ പൂമേനി പൊള്ളായ്‌വാനു-
മിന്നിയൊന്നണിക്കതിർക്കൗസ്തുഭംപൊട്ടായ്‌വാനും;
ഇമ്മട്ടിൽ ഭുജം നാലും വ്യാപരിപ്പിച്ചും മർത്ത്യ-
സിംഹത്തിൻ പുരാണോക്തമായിടും രൂപം പുണ്ടും,
മേൽക്കുമേൽ സുഷുപ്തിയെക്ഷർഹിച്ചും, സ്വഭക്തരിൽ

നൈർഘൃണ്യവാനോ താനെ,ന്നാത്മശോധനം ചെയ്തും

പാർഷദർ ധരിക്കാതെ, പത്മയോടുരയ്ക്കാതെ,
പെട്ടെന്നു വേടച്ചെക്കൻതന്മുന്നിൽക്കുതിച്ചെത്തീ
ശിഷ്ടർതൻ ചിന്താരത്നം, ചിൽപുമാൻ, ജഗൽപതി.

25

ആവതും തന്നാതിഥ്യമാചരിക്കുവാൻ വേഗ-
മാ വനം സന്നദ്ധമായ് ഹസ്തസ്ഥസർവ്വദ്രവ്യം.
സത്വരം പ്രയാണത്തിൻസാദത്തെശ്ശമിപ്പിച്ചു
ഭക്തിമന്ഥരൻ, വായു, സാമോദൻ ബാഷ്പാപ്ലുതൻ.
പാതയിൽപ്പരത്തിനാൾ പച്ചപ്പുൽപ്പൂമ്പട്ടാട
പാദത്തെത്തിരുമ്മുവോൾ, സാധ്വിയാ ധാത്രീദേവി.
ഗോക്കൾതന്നകിട്ടിൽനിന്നെങ്ങുമേ ദുഗ്ദ്ധം പാഞ്ഞു;
ഗോവിന്ദൻ ചെല്ലുന്നേടമൊക്കെയും ദുഗ്ദ്ധേദധി,
തേനിൽനീരാടി,ത്തളിർപട്ടുടു,ത്തോരോതരം
മേനിയിൽപ്പുത്തന്മലർപ്പൊന്മണിപ്പണ്ടം ചാർത്തി,
നല്ലൊരമ്മഹം കണ്ടാർ നിർന്നിമേഷമാം കണ്ണാൽ
വല്ലരീവധുക്കളും വൃക്ഷപൂരുഷൻമാരും.