ആ കണ്ണുനീര്‍ (ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍)
ആ കണ്ണുനീര്‍
ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍
ആക്കണ്ണീര്‍ അതേ! പണ്ടു നാരദമഹര്‍ഷിതന്‍
വാഗ്ഗങ്ഗയ്ക്കകം മുങ്ങിശ്ശുദ്ധമാം മനസ്സൊടും
കോള്‍മയിര്‍ക്കൊള്ളുന്നതാം മെയ്യൊടും തപോനിധേ!
വാല്മീകേ! ഭവാനാറ്റില്‍ മദ്ധ്യാഹ്‌നസ്‌നാനത്തിനായ്
പോകവേ; നീഡദ്രുമപ്പുന്തേനാല്‍ യഥാകാല
മാഗന്തു മന്ദാനിലന്നാതിഥ്യമാമ്മട്ടേകി
വാണിടും യുവക്രൗഞ്ചയുഗ്മത്തില്‍ ഗൃഹേശനെ
ബ്ബാണമെയ്തന്യായമായ് ലുബ്ധകന്‍ വധിക്കവേ;
വൈധവ്യശോകാഗ്‌നിയാല്‍ തപ്തയാം തന്‍പത്‌നിതന്‍
രോദനം ഭൂദേവിതന്‍ കര്‍ണ്ണങ്ങള്‍ ഭേദിക്കവേ;
കണ്ടുപോലങ്ങക്കാഴ്ചയല്ലല്ലക്കൂരമ്പുടന്‍
കൊണ്ടുപോല്‍, ക്കടന്നങ്ങേക്കണ്ണിലും കാരുണ്യാബ്‌ധേ!
തീക്കനല്‍ദ്രവം കണക്കപ്പൊഴങ്ങുതിര്‍ത്തതാ
മാക്കണ്ണീര്‍ക്കണം രണ്ടുമാര്‍ക്കുതാന്‍ മറക്കാവൂ! 2
മൗലിയില്‍ക്കിരീടമായ് മഞ്ഞിന്‍കുന്നിനെച്ചൂടി
മാറിങ്കല്‍പ്പൂണാരമായ് വാനോരാറ്റിനെച്ചാര്‍ത്തി,
വാണിടും പുണ്യക്ഷോണി കൂടിയും സന്താപത്തിന്‍
ഹാനിക്കക്കണ്ണീര്‍ക്കണം കാത്തിരിക്കതാന്‍ ചെയ്തു;
ആത്തപ, സ്സാസ്വാദ്ധ്യായ, മാപ്രജ്ഞ, യാവിജ്ഞാന,
മാദ്ദി, ക്കാപ്പുഴക്കരപ്പൂങ്കാ, വാനട്ടുച്ചയും
മുന്നവും വായ്‌പോരങ്ങു മൂല്യമായെന്നേകിയ
ക്കണ്ണുനീര്‍മു, ത്തന്നു താന്‍ കാവ്യകൃല്‍പദം നേടി.
ശ്ശാഘ്യനാം വീണാവാദച്ഛാത്രനാകിലും ഭവാ
ന്നാക്കണ്ണീര്‍കണ്ണാടി താന്‍ കാണിച്ചു രാമായണം.
അര്‍ക്കന്‍തന്‍ കരത്തിനാല്‍ത്തങ്കമിട്ടൊരാ വൈര
ക്കല്‍ക്കമ്മല്‍ കാതില്‍ച്ചാര്‍ത്തിക്കാരുണ്യസ്മിതം തൂകി,
ഭര്‍ത്താവിന്‍ ശ്രുത്യുക്തിയാല്‍ കല്പിച്ച ജിഹ്വാഗ്രം വി
ട്ടെത്തിനാള്‍ നൃത്തംവയ്പാന്‍ വാഗ്‌ദേവിയങ്ങേ നാവില്‍.
3
അക്കണ്ണീര്‍ നടയ്ക്കല്‍നിന്നര്‍ത്ഥിക്കൊരാഢ്യന്‍വീഴ്ത്തും
കൈക്കുംബിള്‍ത്തണ്ണീര്‍ ഭള്ളിന്‍ ശൗല്ക്കികേയകംഅല്ല,
അങ്ങും പണ്ടാവേടന്റെ വൃത്തിതാന്‍ കൈക്കൊണ്ടുപോ
ലങ്ങെക്കൈയമ്പും ഖഗപ്രാണങ്ങള്‍ ഭക്ഷിച്ചുപോല്‍.
നൂതനമങ്ങുതിര്‍ത്തൊരക്കണ്ണീ, രതിന്മൂലം
സ്വാനുഭൂതിയാല്‍ ശുദ്ധംസ്വാനുപാതത്താല്‍ ശുഭം.
പാര്‍ത്തിടാമങ്ങേസ്സൂക്തിയോരോന്നുമദ്ദിവ്യാശ്രു
തീര്‍ത്ഥത്തില്‍ മജ്ജിക്കയാല്‍ സ്‌നിഗ്ദ്ധമായ്, പ്രസന്നമായ്
ശാസിച്ചൂ ചെങ്കോലേന്തി ലോകത്തെദ്ധര്‍മ്മം; പിന്നെ
ബ്ഭാഷിച്ചൂ സൗഹാര്‍ദ്ദത്തില്‍ തന്മാര്‍ഗ്ഗം ചരിക്കുവാന്‍;
ആന്തരം ഫലിച്ചീല; വേണമായതിന്നോമല്‍
കാന്തതന്‍ പൂപ്പുഞ്ചിരിക്കൊഞ്ചലും കണ്‍കോണേറും.
അത്തരം കാവ്യാങ്ഗനാരത്‌നത്തെജ്ജനിപ്പിപ്പാന്‍
ശക്തനായ്ത്തീര്‍ന്നൂ ഭവാനക്കണ്ണീരുതിര്‍ക്കവേ.
ആക്കണ്ണീര്‍ പതിക്കയാലാര്‍ദ്രമാം ഭൂഭാഗം താ
നാക്കംപൂണ്ടഹിംസയാമൗഷധിക്കാരാമമായ്.
അപ്പക്ഷിക്കന്നാളിലങ്ങത്തരം നൈവാപാംബു
തര്‍പ്പിക്കെജ്ജപിച്ചതാം 'മാനിഷാദാ'ദ്യം മന്ത്രം
ആദ്യത്തെച്ചതുഷ്പാത്താം ഗായത്രിധരിത്രിത
ന്നാര്‍ത്തിയെശ്ശമിപ്പിക്കും കാമധേനുവുമായി.
'ചേണിലിബ്രഹ്മാണ്ഡത്തെയേകനീഡമായേവന്‍
കാണുവോനദ്ധന്യന്‍താന്‍ ക്രാന്തദര്‍ശനന്‍ കവി.'
ഇത്തത്വം പഠിപ്പിപ്പൂ ലോകത്തെബ്ഭവാന്റെയ
ത്തപ്തമാം ബാഷ്പാംബുവിന്‍ സമ്പാതം പുരാതനം
ആ നറുംതണ്ണീരൂറ്റില്‍നിന്നു താന്‍ പാഞ്ഞീടുന്നു
നൂനമിപ്പൊഴും സാക്ഷാല്‍ സാഹിതീസരസ്വതി.
ആനൃശംസ്യധര്‍മ്മോപജ്ഞാതാവേ! നമസ്‌കാര
മാനന്ദഘണ്ടാമാര്‍ഗ്ഗധാതാവേ! നമസ്‌കാരം!
മണിമഞ്ജുഷ
Leave a Reply