ആരണ്യകാണ്ഡം പേജ് 4
ബന്ധവുംതീര്‍ന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്വരേണമേ മാനസത്തിനു ഭക്ത്യാ.
വാണികള്‍കൊണ്ടു നാമകീര്‍ത്തനം ചെയ്യാകേണം
പാണികള്‍കൊണ്ടു ചരണാര്‍ച്ചനംചെയ്യാകേണം
ശ്രോത്രങ്ങള്‍കൊണ്ടു കഥാശ്രവണംചെയ്യാകേണം
നേത്രങ്ങള്‍കൊണ്ടു രാമലിംഗങ്ങള്‍ കാണാകേണം.
ഉത്തമാംഗേന നമസ്കരിക്കായ്വന്നീടേണ
മുത്തമഭക്തന്മാര്‍ക്കു ഭൃത്യനായ് വരേണം ഞാന്‍. 170
നമസ്തേ ഭഗവതേ ജ്ഞാനമൂര്‍ത്തയേ നമോ
നമസ്തേ രാമായാത്മാരാമായ നമോ നമഃ.
നമസ്തേ രാമായ സീതാഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ.
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേന്‍.
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ
യ്കംബുജവിലോചന! സന്തതം നമസ്കാരം.”
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180
”മുക്തനെന്നിയേ കണ്ടുകിട്ടുകയില്ളയെന്നെ
ഭക്തിയുണ്ടായാലുടന് മുക്തിയും ലഭിച്ചീടും.”
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരന്
കാമലാഭേന പോയി നാകലോകവും പുക്കാന്‍.
ഇക്കഥ ചൊല്ളി സ്തുതിച്ചീടിന പുരുഷനു
ദുഷ്കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.
ശരഭംഗമന്ദിരപ്രവേശം
രാമലക്ഷമണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാര്‍.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരന്‍ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്തു ചിത്താ
നന്ദമുള്‍ക്കൊണ്ടു ശരഭംഗനുമരുള്‍ചെയ്തുഃ
”ഞാനനേകംനാളുണ്ടു പാര്‍ത്തിരിക്കുന്നിതത്ര
Leave a Reply