ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്കയാല്‍
സന്നധൈര്യേണ വനമാര്‍ഗേ്ഗ സഞ്ചരിക്കുമ്പോള്‍
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്താന്‍ഃ
‘വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമിലെ്‌ളന്തൊരു സത്വമിദം?
ലക്ഷമണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിക്കുമിപേ്പാളിവന്‍ നമ്മെയെന്നറിഞ്ഞാലും. 1730
പക്ഷിയും മൃഗവുമലെ്‌ളത്രയും ചിത്രം ചിത്രം!
വക്ഷസി വക്രതം കാലും തലയുമില്‌ളതാനും.
രക്ഷസ്‌സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാല്‍.
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും.”
രാഘവനേവം പറഞ്ഞീടിനോരനന്തര
മാകുലമകന്നൊരു ലക്ഷമണനുരചെയ്താന്‍ഃ
‘പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ
നോരോരോ കരം ഛേദിക്കേണം നാമിരുവരും.” 1740
തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമന്‍
ലക്ഷമണന്‍ വാമകരം ഛേദിച്ചാനതുനേരം
രക്ഷോവീരനുമതി വിസ്മയംപൂണ്ടു രാമ
ലക്ഷമണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെഃ
‘മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ
യിബ്ഭുവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍.
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും.
ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും
കാരണമെന്തു നിങ്ങള്‍ സത്യം ചൊല്‌ളുകവേണം.” 1750
ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു
ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്തുഃ
‘കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി
ജ്യേഷ്ഠനന്ദനനഹം രാമനെന്നലേ്‌ളാ നാമം.
സോദരനിവന്‍ മമ ലക്ഷമണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.