പേജ് 4
മാണിക്യവീണയും മീട്ടിയിരിക്കുന്ന
മാനസമോഹിനിയുണ്ടൊരുത്തി.
ഉല്‍ക്കര്‍ഷദേവതയാണവ,ളുണ്ടുള്ളി
ലുല്‍ക്കടപ്രേമമവള്‍ക്കു നിന്നില്‍!
സ്വപ്നവും കണ്ടിങ്ങിരുന്നാല്‍, നീയെമ്മട്ട
സ്വര്‍ഗ്ഗീയരംഗത്തില്‍ ചെന്നുചേരും?
ആകര്‍ഷകങ്ങളാമായിരം സിദ്ധിക
ളേകിയിട്ടുണ്ടു നിനക്കു ദൈവം.
നീയവ പാഴില്‍ നശിപ്പിക്കയാ,ണോരോ
മായികസ്വപ്നത്തിന്‍ കൂട്ടുകൂടി.
പാടിയാല്‍മാത്രം മതിയോ പരഭൃതം
തേടണ്ടേ മാകന്ദപല്‌ളവങ്ങള്‍?
ഉല്‍ക്കര്‍ഷം നിന്നെ വിളിക്കുന്നു കൈകാട്ടി
യുള്‍ക്കിതപ്പാര്‍ന്നു നീയിങ്ങു നില്‍പൂ!
സ്വല്‍പവും ക്ഷുത്തടങ്ങീടുകില്‌ളാര്‍ക്കു, മാ
സ്വപ്നാമൃതംകൊണ്ടെന്നോര്‍മ്മവേണം.
പ്രായോഗികത്വത്തിന്‍ പാത പറ്റിച്ചേര്‍ന്നു
നീയവിടേയ്ക്കു കുതിച്ചുചെല്‌ളൂ.
കല്‌ളുണ്ടു, മുള്ളുണ്ടു, കാനനവീഥിയാ
ണെല്‌ളാം സഹിക്കാനൊരുങ്ങണം നീ.
പാതിവഴി കഴിഞ്ഞെത്തിയാല്‍,പ്പിന്നത്തെ
പ്പാതയില്‍പ്പുഷ്പിതപാദപങ്ങള്‍,
ഞെട്ടറ്റുതിര്‍ന്നിടും പൂക്കളാല്‍, നീളെ, നല്‍
പ്പട്ടുപാവാടവിരിച്ചിരിക്കും!
വന്നെതിരേറ്റിടും നിന്നെയാ മോഹിനി
പൊന്നിന്‍ പൂന്താലവും കയ്യിലേന്തി
ഒട്ടും മടിക്കേണ്ട, നീ നിന്മിനുത്തൊരീ
പ്പട്ടാടയെല്‌ളാമഴിച്ചു മാറ്റൂ!
പൊട്ടാത്തിരുമ്പിനാല്‍ത്തീര്‍ത്തൊരീയെന്‍പട
ച്ചട്ട നീ വാങ്ങിച്ചെടുത്തു ചാര്‍ത്തൂ!
തെല്‌ളുനാള്‍ക്കുള്ളില്‍ നീ സൌഭാഗ്യശൃംഗത്തി
ലുല്‌ളസിക്കും, നീ യശസ്വിയാകും.
ഇന്നേവം നിന്നെയവഗണിച്ചീടുവോ
രന്നു നിന്നെക്കാണ്‍കെ കൈകള്‍ കൂപ്പും!
യുക്തിയും ബുദ്ധിയും യോജിച്ചൊരത്ഭുത
ശക്തി നിനക്കുണ്ടധീനമായി.
പാരില്‍, നീ, യീവെറുമാലസ്യമൊന്നിനാല്‍
പാഴിലതയ്യോ കളയരുതേ!
നന്മവരട്ടെ നിനക്കിനി വൈകേണ്ട
നര്‍മ്മസഖാവേ പുറപെ്പടൂ നീ! …’
Leave a Reply