യുദ്ധകാണ്ഡംപേജ് 34
അയോദ്ധ്യയിലേക്കുള്ള യാത്ര
മന്നവന്‍തന്നെ വന്ദിച്ചപേക്ഷിച്ചിതു
പിന്നെ വിഭീഷണനായ ഭക്തന് മുദാ
‘ദാസനാമെന്നെക്കുറിച്ചു വത്സല്യമു
ണ്ടേതാനുമെങ്കിലെ്രെതവ സന്തുഷ്ടനായ്
മംഗലദേവതയാകിയ സീതയാ
മംഗലസ്നാനവുമാചരിച്ചീടണം
മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു
നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം’
എന്നു വിഭീഷണന് ചൊന്നതു കേട്ടുടന്
മന്നവര്‍മന്നവന്‍ താനുമരുള്‍ചെയ്തു
‘സോദരനായ ഭരതനയോദ്ധ്യയി
ലാധിയും പൂണ്ടു സഹോദരന് തന്നൊടും
എന്നെയും പാര്‍ത്തിരിക്കുന്നിതു ഞാനവന്
തന്നോടുകൂടിയൊഴിഞ്ഞലങ്കാരങ്ങള്‍
ഒന്നുമനുഷ്ഠിയ്ക്കയെന്നുള്ളതിലെ്ളടോ!
ചെന്നൊരു രാജ്യത്തില്‍ വാഴ്കയെന്നുള്ളതും.
സ്നാനാശനാദികളാചരിക്കെന്നതും
നൂനമവനോടുകൂടിയേയാവിതു
എന്നു പതിനാലു സംവത്സരം തിക
യുന്നതെന്നുള്ളതും പാര്ത്തവന് വാഴുന്നു
ചെന്നീല ഞാനന്നുതന്നെയെന്നാലവന്‍
വഹ്നിയില്‍ ചാടിമരിക്കുമേ പിറ്റേന്നാള്‍
എന്നതുകൊണ്ടുഴറുന്നിതു ഞാനിഹ
വന്നു സമയവുമേറ്റമടുത്തങ്ങു
ചെന്നുകൊള്‍വാന്‍ പണിയുണ്ടതിന്‍ മുന്നമേ
നിന്നില്‍ വാത്സല്യമില്ളായ്കയുമല്ള മേ
സല്ക്കരിച്ചീടു നീ സത്വരമെന്നുടെ
മര്‍ക്കടവീരരെയൊക്കവെ സാദരം
പ്രീതിയവര്‍ക്കു വന്നാലെനിയ്ക്കും വരും
പ്രീതി,യതിന്നൊരു ചഞ്ചലമില്ള കേള്
എന്നെക്കനിവോടു പൂജിച്ചതിന്‍ഫലം
വന്നുകൂടും കപിവീരരെപ്പൂജിച്ചാല്‍’
പാനാശനസ്വര്‍ണ്ണരത്നാംബരങ്ങളാല്‍
വാനരന്മാര്‍ക്കലംഭാവം വരുംവണ്ണം
പൂജയും ചെയ്തു കപികളുമായ് ചെന്നു
രാജീവനേത്രനെക്കൂപ്പി വിഭീഷണന്
ഭക്ഷിപ്രമയോദ്ധ്യയ്ക്കെഴുന്നള്ളുവാനിഹ
പുഷ്പകമായ വിമാനവുമുണ്ടലേ്ളാ’
രാത്രിഞ്ചരാധിപനിത്ഥമുണര്‍ത്തിച്ച
വാര്‍ത്ത കേട്ടാസ്ഥയോടും പുരുഷോത്തമന്
കാലത്തു നീ വരുത്തീടുകെന്നാനഥ
പൗലസ്ത്യയാനവും വന്നു വന്ദിച്ചിതു
ജാനകിയോടുമനുജനോടും ചെന്നു
മാനവവീരന്‍ വിമാനവുമേറിനാന്‍
അര്‍ക്കാത്മജാദി കപിവരന്മാരൊടും
നകതഞ്ചാധിപനോടും രഘൂത്തമന്
മന്ദസ്മിതം പൂണ്ടരുള്‍ചെയ്തിതാദരാല്‍
‘മന്ദേതരം ഞാനയദ്ധ്യയ്ക്കു പോകുന്നു
മിത്രകാര്യം കൃത്യമായിതു നിങ്ങളാല്‍
ശത്രുഭയമിനി നിങ്ങള്ക്കകപെ്പടാ
മര്‍ക്കടരാജ! സുഗ്രീവ! മഹാമതേ!
കിഷ്കിന്ധയില്‍ ചെന്നു വാഴ്ക നീ സൗഖ്യമായ്
ആശരാധീശ! വിഭീഷണ! ലങ്കയി
ലാശു പോയ് വാഴ്ക നീയും ബന്ധുവര്‍ഗ്ഗവും’
കാകുത്സ്ഥനിത്ഥമരുള്‍ചെയ്ത നേരത്തു
വേഗത്തില്‍ വന്ദിച്ചവര്‍കളും ചൊല്ളിന്നാര്
‘ഞങ്ങളും കൂടെ വിടകൊണ്ടയോദ്ധ്യയി
ലങ്ങു കൗസല്യാദികളെയും വന്ദിച്ചു
മംഗലമാമ്മാറഭിഷേകവും കണ്ടു
തങ്ങള്‍തങ്ങള്‍ക്കുള്ളവിടെ വാണീടുവാന്‍
ഉണ്ടാകവേണം തിരുമനസെ്സങ്കിലേ
കുണ്ഠത ഞങ്ങള്‍ക്കു തീരു ജഗല്‍പ്രഭോ!’
‘അങ്ങനെതന്നെ നമുക്കുമഭിമതം
നിങ്ങള്‍ക്കുമങ്ങനെ തോന്നിയതത്ഭുതം
എങ്കിലോ വന്നു വിമാനമേറീടുവിന്‍
സങ്കടമെന്നിയേ മിത്രവിയോഗജം’
സേനയാ സാര്‍ദ്ധം നിശാചരരാജനും
വാനര്‍ന്മാരും വിമാനമേറീടിനാര്‍
സംസാരനാശനാനുജ്ഞയാ പുഷ്പകം
ഹംസസമാനം സമുല്പതിച്ചു തദാ
നക്തഞ്ചരേന്ദ്രസുഗ്രീവാനുജപ്രിയാ
യുക്തനാം രാമനെക്കൊണ്ടു വിമാനവും
എത്രയും ശോഭിച്ചതംബരാന്തേ തദാ
മിത്രബിംബം കണക്കേ ധനദാസനം
ഉത്സംഗസീമ്നി വിന്യസ്യ സീതാഭക്ത
വത്സലന്‍ നാലു ദിക്കും പുനരാലോക്യ
‘വത്സേ! ജനകാത്മജേ! ഗുണ വല്ളഭേ!
സത്സേവിതേ! സരസീരുഹലോചനേ!
പശ്യ ത്രികൂടാചലോത്തമാംഗസ്ഥിതം
വിശ്വവിമോഹനമായ ലങ്കാപുരം
യുദ്ധാങ്കണം കാണ്‍കതിലങ്ങു ശോണിത
കര്‍ദ്ദമമാംസാസ്ഥിപൂര്‍ണ്ണം ഭയങ്കരം
അത്രൈവ വാനര രാക്ഷസന്മാര് തമ്മി
ലെത്രയും ഘോരമായുണ്ടായി സംഗരം
അത്രൈവ രാവണന് വീണു മരിച്ചിതെ
ന്നസ്ത്രമേറ്റുത്തമേ! നിന്നുടെ കാരണം
കുംഭകര്ണ്ണന് മകരാക്ഷനുമെന്നുടെ
യമ്പുകൊണ്ടത്ര മരിച്ചിതു വല്ളഭേ!
Leave a Reply