സമാധാനം

“പരിമളേ!” മമ സഖീ! മദീയഹൃത്തിൽ
പരിതാപമധികമായ് വളർന്നിടുന്നു!
പകലവൻ പതിവുപോൽ മറയുംമുമ്പി-
ലകളങ്കഹൃദയമൊന്നുടഞ്ഞുപോണം.
തണലറ്റു തളർന്നൊരിത്തളിരിനു നീ
ഗുണദോഷപ്പുതുമഴ പൊഴിച്ചിടേണ്ടാ;
അടിയണമതുചെന്നി,ട്ടപാരതത-
ന്നടിയിലാ, യവിടെയാണഭയമാർക്കും!….
കനക്കുന്ന കദനത്താൽ കരയുമെന്നിൽ
നിനക്കൊരു ലവലേശം കരുണയില്ലേ?
മനച്ചുമരണിയുമാ മനോജ്ഞചിത്രം
മറക്കുവാൻ പറയും നിൻ കരൾ കഠിനം!
ഗുരുജനഹിതമെന്തെന്നുരയ്ക്കും നിന്നിൽ
പരിഭവമശേഷമി’സ്സുഭഗ’യ്ക്കില്ലാ;
എനിക്കൊരു ഹൃദയമുണ്ടതിനെ ഞാനും
നിനയ്ക്കുന്നവിധം തന്നെ ചെലവഴിക്കും!….
പുരന്ദരദിശിതന്റെ പുളകപൂരം
ഒരു ഞൊടിക്കകമാരോ തുടച്ചു മായ്ക്കാം
അഴകേറ്റമൊഴുകുന്ന മഴവില്ലിങ്ക-
ലദൃശ്യമാമൊരു കരം കരി പുരട്ടം
ശരി,യെന്നാൽ ക്ഷണികമല്ലതുവിധമെൻ
ചിരന്തനസുകൃതമാ മധുരരൂപം!

 

ഇരുൾ വന്നു പരക്കുമെൻ ശ്മശാനത്തില-
സ്മരണതൻ കിരണങ്ങൾ കനകം പൂശും!…
മരുഭൂവാം മമ ഹൃത്തിൽ മരതകച്ചാർ-
ത്തണിയിച്ചു കുളിർപ്പിച്ച ഘനശകലം
ഇതരർതൻ ഹൃദയത്തിനിരുളാണെങ്കി-
ലിവളതിലണുപോലുമിളകുകില്ലാ!
ഒരു മിന്നലവിടെയുണ്ടതിനായെന്റെ
നെടുവീർപ്പു നിരന്തരമലിഞ്ഞിടുന്നു!
അനുപമമതെന്നാളുമലഭ്യമെങ്കി-
ലബലയാണിവളെന്നോർത്തടങ്ങിക്കൊള്ളാം!
മരണത്തിൻ മടിത്തട്ടിലുറങ്ങുവോളം
കരളാലക്കളേബരം മുകർന്നുകൊള്ളാം!