ഇടപ്പള്ളി രാഘവന് പിള്ളയുടെ കൃതികള്
ആനന്ദ,മാനന്ദ,മല്ലും പകലുമെൻ
 മാനസപ്പൈങ്കിളി പാടും മന്ത്രം.
 ആതങ്ക,മാതങ്ക,മേതു വഴിക്കുമാ-
 ച്ചാതകം നിത്യം ചെന്നെത്തും കേന്ദ്രം!
 ഈവിധമെത്രനാൾ മുന്നോട്ടു പോയാലെൻ
 ജീവിതപ്പാത തെളിഞ്ഞുകാണം?
 അത്തൽക്കടൽത്തിരയെണ്ണുവാനാണെങ്കിൽ
 മർത്ത്യതയെന്തിനെനിക്കു കിട്ടി?
ആകാശസൂനങ്ങളായിരം ചേർത്തു ഞാ-
 നാകാമ്യമാമൊരു മാല കോർക്കും.
 തീരനിരാശയാം പാഴ്_മരുഭുവില-
 ത്താരുകളെല്ലാം കൊഴിഞ്ഞുവീഴും!
 ആയതാണിയുവാനർഹനാമെൻ നാഥ-
 നായില്ലിനിയും സമയമെത്താൻ!
 നാളുകളോരോന്നുമീവിധം പാഞ്ഞുപോം
 ‘നാളെ’യെന്നുള്ളൊരാപ്പാട്ടു പാടീ.
 നീളുമിത്തന്തുവിൻ ശൂന്യത നീക്കുവാൻ
 നീടെഴും പൂക്കളോരെണ്ണമില്ലേ?
നിർദ്ദയം യാത്രയും ചൊല്ലാതെ യാമിനി
 നിദ്രയുമായിത്തിരിച്ചുപോകും.
പിന്നേയുമെല്ലാം പുതുക്കുവാനായിട്ടു
 പൊന്നിൽക്കുളിച്ചു പുരിയെത്തും;
 എങ്കരൾ ചൂഴുന്ന കൂരിരുളമ്മുഖം
 പങ്കിലമാക്കിപ്പറഞ്ഞയക്കും!
 വാർതിങ്കളാകും ചഷകത്തിലാനന്ദ—
 ച്ചാർ പകർന്നുത്സവദായികയായ്
 ഈ മന്ദഭാഗ്യതൻ പുഞ്ചിരിപ്പൂവിനായ്
 ഹേമന്തരാത്രിയും വന്നണയും.
 എന്നാലാ യാമിനയെൻ തപ്തബാഷ്പത്താ—
 ലെന്നുമക്കിണ്ണം നിറച്ചുപോകും!
 ചന്ദനക്കാടിനെക്കോൾമയിർക്കൊള്ളിക്കും
 മന്ദസമീരണാർദ്രചിത്തൻ
 ആർക്കുമദൃശ്യമാം പട്ടുകൈലേസാലെൻ
 വേർപ്പണിമുത്തുകളൊപ്പിമാറ്റും
 കഷ്ട,മത്തൈത്തെന്നലെൻ നെടുവീർപ്പിനാൽ
 തപ്തനായെന്നും തിരിച്ചുപോകും!
 പിന്നെയുമെത്തിടും പോയവരൊക്കെയും
 മണ്ണിനെ വിണ്ണെന്നു ഞാനുരപ്പൻ.
 എങ്കിലുമിന്നോളമെന്നിലണഞ്ഞതി—
 ല്ലെങ്കരൾ കാംക്ഷിക്കും കമ്രരൂപം!
 ‘കാണും നീ’യെന്നെന്നോടെന്നും കഥിക്കുമി—
 ക്കാലത്തെയെങ്ങനെ വിശ്വസിക്കും!
ജീവിതഗ്രന്ഥത്തിലോരോ വശങ്ങളു—
 മീവിധം മുന്നോട്ടു ഞാൻ മറിച്ചാൽ
 തപ്തബാഷ്പാങ്കിതമല്ലാത്തൊരക്ഷരം
 തത്ര കണീടുവാനാകയില്ല!
 അന്ത്യലിപിയും കുറിച്ചു പിരിയാനെ—
 ന്നന്തരാത്മാവു കതിച്ചീടുമ്പോൾ,
 ‘ആയില്ല’യെന്നൊരശരീരസന്ദേശ—
 മാരെലെൻകർണത്തിൽ വന്നലയ്ക്കും.
 കാലത്തിൻ കൈക്കുക്മ്പിൾ പൂർണ്ണമായ്ത്തീരുവാൻ
മേലിലുമെൻകണ്ണീർ വേണമെന്നോ?
 ആകട്ടെ,യശ്രുപ്പുഴയിൽ നിഴലിക്കും
 നാകത്തെക്കണ്ടു ഞാനാശ്വസിക്കാം!…

Leave a Reply