6

ആബ്ഭദ്രാസനസ്ഥനാം ദൈത്യേന്ദ്രൻ ഹിരണ്യാഖ്യൻ
വാ‌പുറ്റോരനാത്മീയശക്തിതന്നയശ്ചൈത്യം;
ചാരവേ കിശോരനാം പ്രഹ്ലാദൻ മഹാധീരൻ
ഘോരനാം പിതാവിന്നു ധർമ്മോപദേശം ചെയ്‌വോൻ;
കാറിനും നീർത്തുള്ളിക്കും മദ്ധ്യത്തിൽത്തൂമിന്നലിൻ
നേരെഴും കയാധ്വംബ, ഭീതിയാൽ വിറയ്പവൾ;
തെല്ലകന്നൊരറ്റത്തു ജീവനോടാമന്ത്രണം
ചൊല്ലിടും ശണ്ഡാമർക്കർ ശിഷ്യനാല്പരാജിതർ;
വാളുലച്ചുജാറായി സ്വാമിതൻ കൺകോൺനോക്കി
നീളവേ ചുറ്റും നിൽക്കും ദൈതേയർ സംഖ്യാതീതർ;
ഇത്തരം സദസ്സൊന്നു ഭൈരവം, സുദുഷ്‌പ്രേക്ഷ്യം,
ചിത്തത്തിൽ കാണും ദ്വിജൻ ഗാഢമാം സമാധിയിൽ.

7

“എങ്ങെടാ! കാണട്ടെ, ഞാൻ കാണട്ടെ നിൻദൈവത്തെ-

യെൻകുടുംബൈകദ്രോഹിയാകുമാപ്പാഴ്കീടത്തെ.
ഇപ്പൊഴിക്കൽത്തൂണിലുണ്ടെങ്കിലിറങ്ങട്ടെ-
യപ്പരബ്രഹ്മപ്രഖ്യ കൈക്കൊള്ളും നപുംസകം!”
എന്നുരച്ചീറക്കലിക്കോമരം തുള്ളും പാപി
കണ്ണിണക്കനൽക്കണപ്പേമാരി വാരിത്തൂകി
ഭ്രൂകുടിപ്പോർവിൽ വളച്ചാഞ്ഞു മപ്പടിച്ചാർത്തു
വേഗത്തിൽപ്പാഞ്ഞത്തൂണിൽ മത്തഹസ്തിയെപ്പോലെ
കാൽച്ചവിട്ടേല്പിപതൊട്ടീക്ഷിക്കും വിപ്രൻ; പിന്നെ
വാച്ചിടും മഹോഗ്രമാം സിംഹനാദവും കേൾക്കും;
ഞെട്ടിപ്പോം തെല്ലൊന്നുടൻ; മേഘഗർജ്ജനം മാത്രം
പെട്ടിടും പിന്നീടതിൻ മാറ്റൊലിക്കൊപ്പം കാതിൽ.

8

ആക്കത്തും കനൽക്കട്ടയ്ക്കൊപ്പമായ്ത്തുറിച്ചക-
ണ്ണാക്കൊലക്കട്ടാരിനാ,ക്കാച്ചിളുക്കാളുംഗളം;
ആച്ചന്മലന്മദോഗ്രഭ്രൂ വാത്തിങ്കൾപ്പൊളിദ്ദംഷ്ട്ര-
യാസ്സടാഘടാകല്പഭീമമാമാസ്യച്ഛിദ്രം;
ആക്കൂർത്ത വൈരക്കമ്പിക്കൊത്തു നീണ്ടെഴും രോമ,-
മാക്കൃതാന്താസൃക്പാനരൂപ്യപാത്രമാം നഖം;
ആയിരക്കോടിക്കണക്കർക്കർ ചേർന്നുദിച്ചോര-
ക്കായം—ഉൾക്രോധത്തീതൻ മൂർത്തമാം വിജൃംഭണം
ആകണ്ഠം സിംഹാകാര, മപ്പുറം നരാകാരം,
ഭീകരംരോമാഞ്ചദംമൂർച്ഛനം സന്ദാഹകം
ആർക്കുതാൻ നോക്കാം ഹരേ! താദൃശം ഭവദ്രൂപ-
മാക്കുമാരനാമങ്ങേ പ്രഹ്ലാദന്നേകന്നെന്ന്യേ?”

9

 

ആക്കൽത്തൂൺ രണ്ടായ്പ്പിളർന്നാർത്തൊറ്റച്ചാട്ടംകൊണ്ടു
മൂർഖനാം ഹിരണ്യന്റെ മൂർദ്ധാവിൽക്കുതിച്ചേറി,
കെട്ടിയൊന്നമർത്തിയെല്ലത്രയും ഞെരിച്ചങ്ഗ-
മഷ്ടിചെയ്തല്പാല്പമായ്ദ്ദംഷ്ട്രപ്പല്ലാഞ്ഞാഞ്ഞൂന്നി.
മാറിടം നഖങ്ങളാൽ നൂറുകൂറായിക്കീറി,-
ദ്ധാരധാരയായ്ച്ചാടും ചോരനീർ കുടിച്ചാടി
വീരനീരാട്ടാ,ർന്നണിപ്പോർവെറ്റിപ്പൂമാലയായ്
വൈരിതന്നാന്ത്രം ചൂടി ച്ചെഞ്ചുവപ്പൂഴിക്കേറ്റി.
ക്രോധത്തീ കെടായ്കയാൽ പിന്നെയും രോദഃകർണ്ണം
ഭേദിക്കും ഘോരോൽക്രോശം കൈവളർത്തസ്മൽപ്രഭു-
താനും തൻ ഭക്താഗ്ര്യനും മാത്രമായ് ശേഷിച്ചൊരാ
സ്ഥാനത്തിൽ പ്രവേശിപ്പാനന്യനാരൊളർഹൻ?

10

കണ്ടിടും ദ്വിജൻ ചുറ്റും ഭീതിയാൽ പിന്നോട്ടേയ്ക്കു
മണ്ടിടും നാൽക്കൊമ്പനാൽ മ്ലാനമാം മഹേന്ദ്രനെ;
സംഭ്രമിച്ചങ്ങിങ്ങോട്ടും സാധുവാം ഗജാസ്യനെ-
ത്തൻഭുജം രണ്ടും നീട്ടിത്താണ്ടിടും ഗിരീശനെ;
അങ്ങിടയ്ക്കെങ്ങോ പാഞ്ഞ മാൻകിടാവിനെത്തേടി-
യെങ്ങുമേ കാണായ്കയാൽ ഖിന്നമാം മൃഗാങ്കനെ;
‘പോ, മുന്നോട്ടെത്തട്ടെ ഞാൻ വേഗ’മെന്നോതിദ്ദണ്ഡാൽ
പോത്തിനെത്താഡിക്കുന്ന ദീനനാം കൃതാന്തനെ;
പേരിനാൽപ്പോലും വരാം ജീവാപായമെന്നോർത്തു
ദൂരെപ്പുക്കൊളിച്ചിട്ടും ക്ഷുദ്രമാമൃക്ഷൗഘത്തെ;
കാണാതെയൊന്നേയുള്ളൂദാനവസ്തംബേരമ-
പ്രാണാന്തപ്രദാനോൽകമാകുമന്നൃസിംഹത്തെ.