ഭക്തിദീപിക
തന്മുന്നിൽക്കണ്ടാൻ സാധു താനത്തേവരെത്തേടു-
മമ്മഹാമൃഗത്തെ-ത്തന്നാകാംക്ഷാസർവസ്വത്തെ,
കണകുളുർത്താസ്യം നനഞ്ഞശ്രുവാൽ, രോമോൽഗമം
തിങ്ങിമെയ്യെങ്ങും, മനം മത്താടിയന്നായാടി
ആദ്യത്തെപ്പകയ്പുവിട്ടപ്പുറം വീണ്ടും നോക്കി-
യാദ്യനാമദ്ദേവനെ;ത്തദ്രൂപം സൗമ്യാൽസൗമ്യം.
വൃത്തക്കൺചെന്തീപ്പൊരിച്ചിന്തലി,ല്ലലർച്ചയി,-
ല്ലുദ്ധതച്ചാഞ്ചാട്ടമി,ല്ലുഗ്രാസ്യപ്പിളർപ്പില്ല;
പുരുഷാകാരം പൂണ്ട കാമധേനുവാം; മുഖം
പാരീന്ദ്രചർമ്മത്തിനാൽ ഛന്നമാം കുരങ്ഗമാം
തൻമൃഗാധിപാഭിഖ്യ സാർത്ഥമാക്കുവാനാനാ-
മമ്മട്ടിൽച്ചര്യാഭേദം സ്വീകരിച്ചതസ്സത്ത്വം!
ചൂടില്ലാത്തേജോരാശി, കോളില്ലാപ്പാരാവാര;-
മീടെഴും വിണാറായൊരാഗ്നേയശൈലദ്രവം;
ചാലവേ ശരത്തായ വർഷർത്തു, ശാന്താചാരം
ശീലിച്ച രൗദ്രം; സുധാസത്തായ ഘോരക്ഷ്വേളം
ദീനബാന്ധവൻ, ദയാവിഗ്രഹൻ, സരസ്സിൽ നി-
ന്നാനരെക്കരയ്ക്കേറ്റിപ്പാലിച്ചോനാണാ ഹരി.
അമ്മൃഗേന്ദ്രൻതൻ ദാസദാസൻപോൽ ഗീർവാണേന്ദ്ര-
നപ്പഞ്ചാസ്യൻതൻ സേവാജീവിപോൽ ചതുർമ്മുഖൻ
വിശ്വവും തന്നിൽക്കാട്ടാൻ ദക്ഷനാ വ്യാദീർണ്ണാസ്യ,-
നച്ചിത്രകായപ്രിയൻ ഭൂതേശൻ പശുപതി.
അത്ഭുതം നിരൂപിച്ചാൽ ഹംസാളിസംസേവ്യമാ-
മപ്പുണ്ഡരീകത്തെക്കാൾ മറ്റെന്തുണ്ടാകർക്കശം?
പണ്ടേറ്റം ദുഷ്പ്രാപമാം തദ്രൂ പാമൃതംമേന്മേ-
ലണ്ടർകോൻ നുകർന്നാനന്നായിരം നേത്രത്താലും,
താഴെത്തൻപൂങ്കാവുതാൻ വീണതക്കാടെന്നോർത്
തായിരം ദണ്ഡങ്ങളാലാകർഷിക്കുവോൻ പോലെ.
ദിവ്യസ്ത്രീഗണങ്ങൾ തൻ നീണ്ട മാൻകണ്ണെല്ലാമ-
ന്നവ്യമാം ന്റുസിംഹത്തിൻ മേനിയിൽ തുള്ളിച്ചാടീ,
തൻപിതാമഹപ്രിയൻ സ്വാമിയെദ്ദർശിക്കുവാൻ
വെമ്പിടും ബലിക്കേകീ സൂത്രാമാവർദ്ധാസനം.
ഭാവനാബലംകൊണ്ടുമാത്രം താൻ വർണ്ണിച്ചോരു
ദേവനെക്കണ്ടാൻ വ്യാസൻ ചക്ഷുസ്സാൽ തദ്രൂപനായ്.
പോരില്ലെന്നറിഞ്ഞല്പം ഖിന്നനാകിലും മർത്ത്യ-
പാരീന്ദ്രൻതന്നെപ്പാടിവാഴ്ത്തിനാൻ വീണാധരൻ.
“ഏറെ നാളായല്ലോ നീയെന്നെക്കാത്തകം വെന്തു
നീറുമാറങ്ങിങ്ങോടി,ക്കാൽനൊന്തു ക്ഷണിക്കുന്നു;
ഞാനിതാ വന്നേൻ മുന്നിൽച്ചങ്ങാതി!യെന്നാലെന്തു
വേണമെന്നോതിക്കൊള്ളൂ; ചെയ്തിടാമതൊക്കെയും;”
എന്നേറ്റം പ്രസന്നനായ്, സ്നിഗ്ദ്ധനായ്, ഹിതൈഷിയാ,-
യന്നൃപഞ്ചാസ്യൻ ഭക്തൻ വ്യാധനോടരുൾചെയ്തു.
ആവതും സുധാരസം മോഹിനീരൂപൻപണ്ടു
ദേവർക്കു നൽകിശ്ശേഷം തൻകണ്ണിലീട്ടിക്കൂട്ടി!
കിന്നരന്മാരെത്തുരങ്ഗാസ്യരായ്പ്പുരാണങ്ങൾ
ചൊന്നതിൽ തെറ്റു,ണ്ടൊരാൾ സിംഹാസ്യൻ തന്മദ്ധ്യത്തിൽ;
അല്ലെങ്കിലീയാർദ്രത്വമെങ്ങുനിന്നപാങ്ഗത്തിൽ?
വല്ലകീനിക്വാണത്തിൻ മാധുര്യം വചസ്സിങ്കൽ?
ഓതിനാൻ പ്രത്യുത്തരം വ്യാധൻ! “എൻ കണ്ണേ! പൊന്നേ!
നീ തെളിഞ്ഞിന്നെങ്കിലും വന്നുചേർന്നല്ലോ മുന്നിൽ.
കാട്ടിൽ നാം വാഴ്വോരല്ലീ ചങ്ങാതി! രണ്ടാൾക്കളും,
കൂട്ടരായ്പ്പൊറുക്കുവാൻ തമ്പുരാൻ കല്പിച്ചവർ?
എങ്ങുനീയൊളിച്ചൊളിച്ചിത്രനാൾത്തങ്ങീ? നിന്നെ-
യെങ്ങും ഞാൻ തിരഞ്ഞല്ലോ ചോട്ടിലും തലപ്പിലും.
കൂടുവിട്ടങ്ങിങ്ങു നീ കൂടുപാഞ്ഞീടുന്നോനോ?
വേടനെക്കുറിച്ചിത്ര കൂറില്ലാതിരിക്കാമോ?
ഞാനത്രേ നീ, നീയത്രേ ഞാൻ; നാമുമിക്കാനവും
വാനവും വേറല്ലെന്നു കാണ്മു ഞാൻ കുറേ നാളായ്.
എന്നുടപ്പിറപ്പേ! നീയെൻ ശിങ്കമല്ലേ? മേലി-
ലെന്നെ വിട്ടൊരേടത്തും പോകൊല്ലേ! ചതിക്കൊല്ലേ!
ജാതിക്കുമ്മി എന്ന കൃതി സ്കൂള്‍ ക്ലാസുകളില്‍ പാഠപുസ്തകമാക്കേണ്ടതാണ്.
വിജയകൃഷ്ണന്