36

അപ്പുറം നൃസിംഹത്തെത്തന്മുന്നിൽച്ചേർത്തുംകൊണ്ടു
വിപ്രനെത്തേടിപ്പോയാൻ ശിഷ്ടനാം വനേചരൻ
പുൽക്കയർത്തുമ്പും മുളങ്കമ്പുമുണ്ടോരോ കൈയി-
ലക്കൊച്ചന്നുണ്ടോ പിന്നെയമ്മൃഗത്തിനെബ്ഭയം?
വള്ളിയാൽ വലിക്കവേ നൊന്തുപോം കഴുത്തെന്നോർ-
ത്തല്ലലാർന്നടുത്തുചെന്നൂതിടും തലോലിടും;
പച്ചിലച്ചാറൊട്ടെന്തോ തേച്ചിടും പിഴിഞ്ഞങ്ങു;
പൃച്ഛിക്കും ‘പുല്ലോ നീരോ വേണമോ വഴിക്കെന്നായ്;
“എന്മണിച്ചിങ്ങം പാവ”മെന്നോതും; മുഖം കുനി-
ച്ചുമ്മവച്ചിടും, മാറിൽച്ചേർത്തണച്ചാശ്ലേഷിക്കും;
അമ്മട്ടിൽചെന്നെത്തിനാൻ തൻവിലങ്ങുമായ്ദ്ദാന്തൻ
തന്മുന്നിൽ കൃതാർത്ഥനാമപ്പരാർത്ഥൈകസ്വാർത്ഥൻ.

37

വെന്നുതാൻ വിളങ്ങുന്നൂ ദൈവത്തിൻ ദയാദൃഷ്ടി,-
യന്നോളം ശ്മശാനമായ്ത്തീർന്നീലാത്തപോവനം.
ദൂരെയൊന്നെന്തോ കാണ്മൂ-ധൂമമ,ല്ലുണക്കാർന്ന
ദാരുവിൻ മൂട,ല്ലാരും നേർന്നൊരാളുരുവല്ല;
അസ്ഥിപഞ്ജരംതന്നെ, നിൽക്കുന്നു പാദങ്ങളിൽ;

 

നിശ്ചയം ശ്വാസോച്ഛ്വാസവ്യാപാരം നീങ്ങീട്ടില്ല;
ആയതത്തപസ്വിതാൻ; തന്മേനി പക്ഷേ വെറും
ഛായതൻ ഛായയ്ക്കൊക്കുമത്രമേൽച്ചടച്ചുപോയ്
എങ്കിലെ,ന്തതിന്നന്നുമേകുന്നുണ്ടുൾച്ചൈതന്യ-
‘മെൻ ഹിതം ഞാൻ നേടു’മെന്നുള്ളൊരവീരവ്രതം
ജീവനാം പതത്രിതൻ പക്ഷത്തെസ്തംഭിപ്പിച്ചു
മേവുന്നുണ്ടജയ്യമാപ്പൗരുഷോക്തമാം മന്ത്രം

38

“ആൾശിങ്കം ചാരത്തിതാ നിൽക്കുന്നു; തൃക്കൺപാർക്കാം;
വാശ്ശതും കൊതിച്ചതെൻ തമ്പുരാനിതൊന്നല്ലി?
ആട്ടിനെക്കാളും പാവ,മേതു കുഞ്ഞിനും കളി-
പ്പാട്ടമായങ്ങേയ്ക്കേകാ, മത്രമേൽപ്പച്ചപ്പാവം!
പാർക്കണേ തൃക്ക”ണ്ണെന്നു വാവിട്ടു വേടൻ കൂറും
വാക്കുകേ,ട്ടടച്ച കണ്ണദ്വിജൻ തുറക്കവേ
ചെപ്പടിപ്പിരട്ടല്ല പാതിരാക്കിനാവല്ല-
തുൾപ്പിച്ച,ല്ലധ്യാസമ,ല്ലാശ്ചര്യമത്യാശ്ചര്യം!
ആർക്കുതാൻ കേട്ടാൽത്തോന്നും സത്യമായ്? ത്രയീശീർഷ-
വാക്യങ്ങൾക്കാധാരമാം വൈകുണ്ഠൻ ജഗന്നാഥൻ
കായാധവേദ്യൻ മർത്ത്യപഞ്ചാസ്യൻ നില്പൂമുന്നിൽ
നായാടിക്കിടാത്തന്റെ പൊട്ടിപ്പുൽക്കെട്ടിൽത്തങ്ങി!!

39

താൻ തീരെ സ്മരിക്കാത്ത വേടൻതൻ വാഗ്ദാനമ-
ദ്ദാന്തൻ തന്നുള്ളിൽ പൊന്തീ സ്നാതമാം ഹംസംപോലെ
സ്തംഭവും രോമാഞ്ചവും സ്വേദവും നേത്രാംബുവും
ജൃംഭിച്ചു ശരീരത്തിൽ; പൂമൊട്ടായ്ക്കൂടീ കരം;
ഹൃൽഗതം വക്തവ്യമായ്ത്തീർന്നീല, തീർന്നാലതും
ഗദ്ഗദപ്രത്യൂഹത്താൽ കണ്ഠം വിട്ടുയർന്നീല.
ആ രീതിവാചംയമൻ കൈക്കൊൾകെക്കാട്ടാളന്റെ
കാരിരുമ്പൊളിക്കായം കാഞ്ചനത്തിടമ്പായി.

ഇങ്ഗാലം ഹീരപ്രായം; ഹീരകം താരപ്രയം;

താരകം സൂരപ്രായം; സൂരൻ ഹാ! ഹര്പ്രയൻ.
ആ മട്ടിൽ മാറീ മേനി ലുബ്ധകൻവൻപ്പോ-
ളാന്തരജ്യോതിസ്സുതാൻ ബാഹ്യവും സച്ചിന്മത്രം.

40

ചാലവേ സംസാരമാം രാഹുവിൻ വക്ത്രംവിട്ട-
ബ്ബാലനാം വ്യാധൻ മിന്നീ പാരിതിൻ ത്രയീതനു:
ശോഭനൻ വൈകുണ്ഠനെപ്പിന്നെയന്നൃപഞ്ചാസ്യ
താപനീയശ്രുത്യന്തരത്നത്താൽ സേ്താത്രംചെയ്താൻ.
അത്രനാൾ മണൽത്തിട്ടാം തദ്രസജ്ഞയിൽപ്പാഞ്ഞാ-
ളദ്ദിനം കൂലങ്കഷപ്രായത്തിൽ സരസ്വതി.
ജ്ഞാനിയാമദ്ധന്യൻ തന്നുൽഗതിയ്ക്കുടൻ വന്നൂ
വാനിൽനിന്നത്യത്ഭുതം വൈഷ്ണവം മഹാരഥം.
“വത്സ! നീ മദ്ധാമത്തിൽ വാഴ്”കെന്നു ചൊന്നാൻ ഭക്ത-
വത്സലൻ പ്രപന്നാർത്തിഭഞ്ജനൻ പത്മാധവൻ.
വിപ്രനോ”ടങ്ങേപ്പുണ്യമെൻ മോക്ഷ”മെന്നോതിനാ-
നപ്പുമാൻ കൃതജ്ഞനായപ്പുറം വിമാനസ്ഥൻ.