ഭക്തിദീപിക
മഞ്ചവേ നേത്രം രണ്ടുമന്തണപ്രവേകന്നു;
പുഞ്ചിരിക്കൊൺകെപ്പേർത്തും പുരുഷൻ പുരാതനൻ;
തൂകവേ ബാഷ്പം സുമവ്യാജത്താൽ പലാശികൾ;
പോകവേ കുറേദൂരംകൂടവേ പതത്രികൾ;
മാറവേ മാർഗ്ഗം വെടിഞ്ഞങ്ങിങ്ങു ജീമൂതങ്ങൾ;
പേറവേ കമ്പം മെയ്യിൽ നിർഭരം നക്ഷത്രങ്ങൾ;
വീഴ്ത്തവേ സുധാരസം പ്രീണനായ് ജൈവാതൃകൻ;
ചാർത്തവേ തങ്കക്കതിർപ്പൂമാല്യം സഹസ്രാംശു;
നേടവേ തന്നായിരം കണ്ണിനും പുണ്യം ശക്ര,-
നാടവേ ഹർഷോന്മത്താരായിടും ബ്രഫ്മർഷിമാർ;
നോക്കവേ വക്ത്രം പൊക്കിയാവോളം ചതുർമ്മുഖൻ
മേൽക്കുമേലുയർന്നെത്തീ തദ്രഥം വൈകുണ്ഠത്തിൽ
വാരൊളിത്തനിത്തങ്കവർണ്ണമാ,ർന്നാമൂലാഗ്രം
മേരുവിൻ ശൃങ്ഗംപോലെ മിന്നുമാവനത്തെയും,
പ്രീതനായ് വരം നൽകാൻ പാണിപല്ലവംപൊക്കി
ദ്യോതിക്കും നൃപഞ്ചാസ്യവിഗ്രഹൻ പുരാനെയും,
ചേണിൽക്കണ്ടാഗന്തുവിൻ പാദ്യാംബുവാകും മട്ടി
ലാനന്ദബാഷ്പം വീഴ്ത്തി, യാദ്ധന്യൻ മഹീസുരൻ
സാഷ്ടാങ്ഗം നമസ്കരിച്ചീടിനാൻ താൻ നാട്ടിനും
കാട്ടിനും സമ്രാട്ടെന്ന് കാട്ടിടും വിരാട്ടിനെ
ചിൽപുമാൻ ഒരമോദാശ്രു വ്യാജത്താൽ നേത്രങ്ങളാം
പുഷ്പവാന്മാരെക്കൊ,ണ്ടബ്ഭക്തൻതൻ മൂർദ്ധാവിങ്കൽ
ആകാശഗങ്ഗാജലം വർഷിപ്പിച്ചരുൾചെയ്താ-
“നായുഷ്മൻ! പ്രസാദിച്ചേൻ; പോരും നിൻ തപ” സ്സെന്നായ്,
ഓതിനാനെഴുന്നേറ്റു കൈകൂപ്പിസ്സനന്ദനൻ;
“വേദവേദാന്തൈകാന്തവേദ്യനാം വിശ്വാത്മാവേ!
ആദ്യന്തഹീനം, പൂർണ്ണ,മത്ഭുതം, ശിവം, സച്ചി-
ദാനന്ദാകാരം, ശാന്ത,മദ്വൈതം, വിശ്വോത്തരം,
അക്ഷരം, തുര്യാതീത, മാഗമോൽഗീതം, പ്രത്യ-
ഗക്ഷസംലക്ഷ്യം, പ്രപഞ്ചാധാരം, പരാൽപരം;
നേതി നേതി,യെന്നോതി ശ്രുത്യംബപോലും നീങ്ങും
താദൃശം ഭവദ്രൂപം, ധ്യാതൃധ്യേയൈകാത്മകം;
ശ്രീഹരേ! ന്റുപഞ്ചാസ്യവിഗ്രഹം, സത്യം, ജഗ-
ന്മോഹനം, മുനിധ്യേയം പ്രഹ്ലാദപ്രിയങ്കരം
ശർമ്മമെന്തിതിന്മീതേ?-കാണുന്നുവല്ലോ മുന്നിൽ-
ച്ചർമ്മചക്ഷുസ്സാൽ, വെറും മർത്ത്യകീടമാം ഞാനും!
ഹോമകുണ്ഡാഗ്നിക്കകം തേടിനേൻ ഭവാനെ ഞാ-
നാ മാരുൽസഖൻ ചൊല്ലീ തല്ലൗല്യം ജിഹ്വാഗ്രത്താൽ,
ക്ഷേത്രത്തിനുള്ളിൽച്ചെന്നു നോക്കിനേൻ; ഏതോ ദേവൻ
മാത്രമായതെൻമുന്നിലങ്ങയെദ്ദർശിപ്പിച്ചു;
തിർത്ഥത്തിൽ സ്നാനം ചെയ്തേൻ; ആവതല്ലന്തഃശുദ്ധി
ചേർത്തിടാനെന്നസ്ഥലം കണ്ണീർവാർത്തെന്നോടോതി,
വ്യോമത്തെയുൽഗ്രീവനായ് വീക്ഷിച്ചേൻ; താരങ്ങളെൻ
ഭീമമാം മൗഢ്യം കണ്ടു സാവജ്ഞസ്മിതം തൂകി
പട്ടണംചുറ്റിപ്പാർത്തേൻ; അങ്ങു ഞാൻ കണ്ടേൻ ലോകർ
മറ്റേതോ ഹിരണ്യാഖ്യമൂർത്തിയെബ്ഭജിപ്പതായ്,
പിമ്പു ഞാൻ പോന്നേൻ വിര,ഞ്ഞിക്കാട്ടിൽത്തിരഞ്ഞുകൊ-
ണ്ടെൻ ഭവവ്യാധിക്കന്തമേകേണ്ടും ദിവ്യൗഷധം.
താവകം സാക്ഷാൽക്കാരം ഹന്ത! ഞാനാശിച്ചല്ലോ;
ദേവഗോഷ്ഠിയിൽപ്പാടാൻ ദർദ്ദുരം കൊതിച്ചല്ലോ!
തന്നെ താനറിഞ്ഞിടാനാവാത്തൊരിബ്ബാലകൻ
തന്നഹങ്കാരം-ധാർഷ്ട്യം-സ്വാമിയും പൊറുത്തല്ലോ!
അല്ലെങ്കിൽ ഭൃഗുക്കഴൽപ്പാടെഴുംമാറുള്ളങ്ങേ-
ച്ചൊല്ലെഴും കൃപോദ്രേകമാർക്കുതാൻ പുകഴ്ത്താവൂ?
വേട്ടുവക്കിടാത്തനാം ചാത്തനെപ്പോലും ഭവാൻ
കൂട്ടോടേ ഭവല്പുണ്യലോകത്തിൽക്കയറ്റവേ
ഭക്തിതൻ പാരമ്യത്തെപ്പാരിതിൽ പ്രതിഷ്ഠിച്ചു;
മുക്തിതന്നദ്ധ്വാവാർക്കും ഗമ്യമെന്നുൽഘോഷിച്ചു.
അക്കാഴ്ച കണ്ടൊന്നാദ്യമത്ഭുതപ്പെട്ടേൻ ഞാ,ന-
ദ്ദുഷ്കൃതം ഹർഷാശ്രുവാൽ ക്ഷാളിച്ചേൻ പിറ്റേക്ഷണം
ജാതിക്കുമ്മി എന്ന കൃതി സ്കൂള്‍ ക്ലാസുകളില്‍ പാഠപുസ്തകമാക്കേണ്ടതാണ്.
വിജയകൃഷ്ണന്