രൈക്വഋഷി പുരസ്‌കാരം മനു മാസ്റ്റര്‍ക്ക്
കോഴിക്കോട്: ഈ വര്‍ഷത്തെ ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ 11ാമത് ‘രൈക്വഋഷി’ പുരസ്‌കാരം വിശ്രുത നര്‍ത്തകി പദ്മശ്രീ ചിത്രാ വിശ്വേശരന്റെ ഏക ശിഷ്യന്‍ നാട്യാചാര്യനും ഉപാസകനുമായ കൊടുങ്ങല്ലൂര്‍ സ്വദേശി മനു മാസ്റ്റര്‍ എന്ന പി.എസ്. അബ്ദുള്‍ മനാഫിന്. ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പ്പന ചെയ്ത ഫലകവും പ്രശസ്തി പത്രവും പൊന്നാടയും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ദീപാവലി ദിനമായ ഒക്ടോബര്‍ 27ന് വൈകീട്ട് 3ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എല്‍.ഗിരീഷ് കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. ഇതേ ചടങ്ങില്‍ ചെണ്ട വിദ്വാന്‍ പോരൂര്‍ രാമചന്ദ്രമാരാരെ ആദരിക്കും. ഇന്ത്യന്‍ റെയ്കി അസോസിയേഷന്റെ സ്ഥാപകനും രാഷ്ട്രീയസാംസ്‌കാരിക നേതാവുമായ സി.എം.കൃഷ്ണനുണ്ണി അനുസ്മരണ പ്രഭാഷണം ഗുരുവായൂരപ്പന്‍ കോളേജ് റിട്ട. മലയാളം പ്രൊഫ.കെ.പി. ശശിധരന്‍ നിര്‍വഹിക്കും.ഛാന്ദോഗ്യോപനിഷത്തില്‍ പരാമര്‍ശിക്കുന്ന കാളവണ്ടിക്കാരനായ രൈക്വ മഹര്‍ഷിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ രൈക്വഋഷി പുരസ്‌കാരത്തിന് നിഷ്‌കാമ കര്‍മ്മയോഗികളെയും ഭാരതീയ സംസ്‌കാരത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെയുമാണ് യോഗ്യരായി കാണുന്നത്.