മെസ്സിക്ക് ബലോന്‍ ദ് ഓര് പുരസ്കാരം
പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മോഡ്രിച്ചിന്റെയും കൈകളില്‍ മൂന്നുവര്‍ഷം മാറിമറിഞ്ഞ ബലോന്‍ ദ് ഓര് പുരസ്കാരം വീണ്ടുമൊരിക്കല്‍ കൂടി ലയണല്‍ മെസ്സിക്കു സ്വന്തം. ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്കുന്ന ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ആറാം തവണയും സ്വന്തമാക്കിയതോടെ മെസ്സി ചിരവൈരിയായ ക്രിസ്റ്റ്യാനോയെ പിന്നിലാക്കുകയും ചെയ്തു. 2009, 2010, 2011, 2012, 2015 വര്‍ഷങ്ങളിലാണ് മെസ്സി ഇതിനു മുന്‍പ് പുരസ്കാരം സ്വന്തമാക്കിയത്.
അമേരിക്കയെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച മേഗന് റപീനോയ്ക്കാണ് മികച്ച വനിതാ ഫുട്ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര് പുരസ്കാരം. യുവെന്റസിന്റെ ഡച്ച് ഡിഫന്‍ഡര്‍ മത്തിയാസ് ഡി ലിറ്റ് മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്വന്തമാക്കി. ലിവര്‍പൂളിന്റെ ബ്രസീലിയന്‍ താരം അലിസന് ബെക്കറിനാണ് മികച്ച ഗോള്‍കീപ്പര്‍ക്കുള്ള യാഷിന് പുരസ്കാരം.
ലോകമെങ്ങും നിന്നുമുള്ള സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ദെയ്ക് മെസ്സിക്കു പിന്നില്‍ രണ്ടാമതെത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൂന്നാമതായി.