സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം
രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രിയും ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്നുമറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ പരമോന്നത സിവിലിയന്‍ പുരസ്കാരം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. മെഡലും രാഷ്ട്രപതി ഒപ്പു വെച്ച പ്രശസ്തിപത്രവും ആണ് പുരസ്കാരം. പട്ടേലിന്റെ ജന്മവാര്ഷിക ദിനമായ ഒക്ടോബര്‍ 31ന് പുരസ്കാരം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന സമിതിയാകും പുരസ്കാരജേതാവിനെ തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും വ്യക്തികള്‍ക്കും അവാര്‍ഡിന് അര്‍ഹരാണ് എന്ന് തോന്നുന്നവരെ നാമനിര്‍ദേശം ചെയ്യാം. അത്യപൂര്‍വ ഘട്ടങ്ങളിലല്ലാതെ മരണാനന്തര ബഹുമതിയായി ഈ പുരസ്കാരം നല്‍കില്ല. പത്മ അവാര്‍ഡുകളോടൊപ്പം ഒരു വര്‍ഷം മൂന്നു പേര്‍ക്ക് വീതം പുരസ്കാരം സമ്മാനിക്കാനാണ് തീരുമാനം.