പച്ചവാക്കിന്റെ നഗ്നതയില്‍ സൂചിമുനകൊണ്ടെഴുതിയ കവിതകള്‍
‘ജലശയ്യ’, ‘കല്ലില്‍ കൊത്തിയ കവിതകള്‍’ എന്നിങ്ങനെ രണ്ടു ചെറുസമാഹാരങ്ങള്‍ മാത്രമേ സാംബശിവന് പ്രസിദ്ധീകരിച്ചിട്ടുള്ളു. കയ്പുനീരിന്റെ തേന്‍ കിനിയുന്ന കറുത്ത പൂക്കളുടെ വസന്തമായിരുന്നു സാംബശിവന്റെ പ്രിയപ്പെട്ട ഋതു; വിഷാദസമുദ്രങ്ങളുടെ നീലിച്ച മൗനം ആ കവിതകളുടെ മഹാസാന്ദ്രതയും. അതുകൊണ്ടാണ്:
“അനുഭവങ്ങളുടെ അടുപ്പുകല്ലില്‍
പഴുത്തുരുകിയ
അനുഭൂതികളാണ് എനിക്ക് കവിത”
എന്ന് സാംബശിവന് പച്ചവാക്കിന്റെ നഗ്നതയില്‍ സൂചിമുനകൊണ്ട് കുറിച്ചുവച്ചത്. ഇവിടെ പൊള്ളിപ്പഴുത്തു നില്ക്കുന്ന അനുഭൂതികളുടെ തെച്ചിപ്പഴങ്ങളെ കവി തീവ്രമായൊരാനന്ദത്തില് ആസ്വദിക്കാന്‍ തയ്യാറാവുകയാണ്. ഇങ്ങനെ സ്വന്തം വേദനകളുടെ മാംസഭോജനം നടത്തുന്ന അപൂര്‍വം കവികളേ ഇന്നുള്ളു. അവരാണ് കവിതയുടെ വേദനാപൂര്‍ണമായ ആത്മസാക്ഷ്യങ്ങളെ കല്ലില്‍ കൊത്തിവയ്ക്കുന്നത്. പര്‍വതങ്ങളുടെ നീരുറവകളും കുത്തനെയുള്ള വെള്ളച്ചാട്ടങ്ങളും ചാടിക്കടന്ന ഇവരുടെ വാക്കുകള്‍ കൊടുമുടികളില്‍ വസന്തമായി വിടരുകയും ചെയ്യും.
“താജ്മഹലിന്റെ
ഹൃദയം നനയ്ക്കുന്ന ജലത്തുള്ളിപോല്‍
നമ്മുടെ കവിത
സമൂഹത്തെ ഉണര്‍ത്താതിരിക്കുമോ?”
സാംബശിവന് നിര്‍മമതയുടെ ധിക്കാരത്താല്‍ സൗമ്യമായി ചോദിച്ചതിന്റെ കാരണം മറ്റൊന്നല്ല. അങ്ങനെ വൃക്ഷം വിത്തിനെ കൊടുങ്കാറ്റില്‍ ഉപേക്ഷിക്കുംപോലെ സാംബശിവന് എഴുതിയ കവിതകളില്‍ നിന്നും എഴുതാനിരിക്കുന്ന കവിതകളിലേക്ക് തന്നെ നിരന്തരം ഉപേക്ഷിക്കുകയായിരുന്നു. മുന്‍പേ വീണ പൂക്കള്‍ മണ്ണിലുണര്‍ത്തിയ വസന്തങ്ങളുടെ ഗര്‍ഭപാത്രത്തില്‍ എന്നോ വൃക്ഷം ഉപേക്ഷിച്ച വിത്തുകള്‍ മുളച്ചുവരുന്നതുപോലെ തന്റെ കവിതയുടെ പുനര്‍ജനിയില്‍ സാംബശിവന് അഗാധമായി വിശ്വസിക്കുകയും ചെയ്തു. കവിതയുടെ ഊടുവഴികളില്‍ കാണുന്ന വെളിച്ചം ലോകത്തിന്റെ വെളിച്ചമായിരിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു. വിളക്കു തെളിക്കാന്‍ എഴുന്നേല്‍ക്കുന്നവന്റെ കാല്ക്കല് വീഴുന്ന രാത്രികളാക്കി, പ്രതിസന്ധികളെ നിരന്തരം മറികടക്കുന്നവനാണ് കവി എന്ന തിരിച്ചറിവായിരുന്നു സാംബശിവന്റെ സിദ്ധാര്‍ത്ഥത.
Leave a Reply