മനോജ് കുറൂര്‍

 

രൂപപരമായ നിരവധി പരീക്ഷണങ്ങള്‍കൊണ്ട് സമൃദ്ധമായിരുന്നു ആധുനികകവിത. കവിതയിലെ താളം എന്ന ഘടകം മാത്രമെടുത്താല്‍ത്തന്നെ വിവിധ വൃത്തങ്ങളിലുള്ള കവിതകള്‍ കൂടാതെ നാടോടിപ്പാട്ടുകളുടെ മാതൃകകള്‍, വായ്ത്താരിത്താളങ്ങള്‍, മുക്തച്ഛന്ദസ്‌സ്, താളാത്മകവും അല്‌ളാത്തതുമായ വിവിധ ഗദ്യരൂപങ്ങള്‍ എന്നിങ്ങനെ സമൃദ്ധമായ വൈവിധ്യം കാണാം. വൃത്തം എന്ന പരമ്പരാഗതസങ്കല്പംതന്നെ ഇത്തരത്തില്‍ പുനര്‍നിര്‍വചിക്കപെ്പട്ടപേ്പാഴും കവിതയിലെ താളം എന്ന ഘടകം അതിന്റെ വൈവിധ്യത്തോടെ നിലനിന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. കവിയരങ്ങുകളിലും ചൊല്ക്കാഴ്ചകളിലും അവതരിപ്പിക്കപെ്പട്ട കവിതകളുടെ പ്രകടനപരതയുടെ അംശത്തെ പൊലിപ്പിക്കുന്നതിനും താളസാന്നിധ്യം സഹായകമായി.
എന്നാല്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനമായപേ്പാഴേക്കും ആധുനികകവിതയിലെ വികേ്ഷാഭസ്വരങ്ങള്‍ അമര്‍ന്നു തുടങ്ങുകയും കവിതയില്‍ പുതിയൊരു ഭാവുകത്വത്തിനുവേണ്ടിയുള്ള അന്വേഷണം അതിന്റെ എല്‌ളാ അങ്കലാപ്പുകളോടുംകൂടെ ആരംഭിക്കുകയും ചെയ്തു. തങ്ങള്‍ നേരിടുന്ന സമകാലികമായ ജീവിതത്തെ ആധുനികകവിതയുടെ രീതികളില്‍നിന്നു ഭിന്നമായ ഒരു സൗന്ദര്യശാസ്ത്രപരിസരത്തില്‍ ആവിഷ്‌കരിക്കുക എന്ന ഉത്കണ്ഠയ്ക്കപ്പുറം ഒരു പ്രസ്ഥാനസ്വഭാവം ഈ കവികളുടെ ശ്രമങ്ങള്‍ക്കുണ്ടായിരുന്നില്‌ള. അതുകൊണ്ടുതന്നെ താളം എന്ന ഘടകത്തിന്റെ കാര്യത്തിലും അന്നത്തെ പുതുകവിത പ്രതീകവിഭിന്നമായ കാഴ്ചപ്പാടുകളാണ് പുലര്‍ത്തിയത്.