പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
ആധുനികവ്യവസായവത്കരണത്തിലൂടെ സോഷ്യലിസ്റ്റ് സമൂഹം നിര്‍മ്മിക്കാന്‍ സന്നദ്ധമായ ഒരു സൈദ്ധാന്തിക പരിപ്രേക്ഷ്യത്തിന് ഈ വീക്ഷണവൈരുധ്യങ്ങളെ വിശദീകരിക്കാന്‍ കഴിയാതെ പോയത് എത്രയും സ്വാഭാവികമായിരുന്നു. അന്തിമമായി, ആധുനികതാപ്രസ്ഥാനം ബൂര്‍ഷ്വാ ജീര്‍ണ്ണതയുടെ ആവിഷ്കാരങ്ങളായി വിലയിരുത്തപെ്പടുന്ന സ്ഥിതിവിശേഷം അതിലൂടെ ഉടലെടുക്കുകയും ചെയ്തു. കേസരി ബാലകൃഷ്ണപിള്ളയെ ബൂര്‍ഷ്വാ പണ്ഡിതമൂഢനായി വിലയിരുത്തിയ യുക്തിവിചാരത്തിന്റെ തുടര്‍ച്ചതന്നെയായിരുന്നു അത്.
പുരോഗമനസാഹിത്യത്തിന്റെ കേരളീയസന്ദര്‍ഭം ദേശീയതയുടെയും മാനവികതയുടെയും മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് നാടുവാഴിത്തത്തോടും മുതലാളിത്തചൂഷണത്തോടും എതിരിടുന്ന നിലയിലാണലേ്ളാ ഉയര്‍ന്നുവന്നത്. അതുകൊണ്ടുതന്നെ ആധുനികതാപ്രസ്ഥാനത്തിന്റെ ആശയ/അനുഭൂതി പ്രപഞ്ചവുമായി ഒരു സംവാദാത്മകബന്ധം സ്ഥാപിക്കുക ഇവിടെ ഒട്ടും എളുപ്പമായിരുന്നില്ള. പുരോഗമനസാഹിത്യത്തെ നിര്‍വ്വചിച്ച ഇ.എം.എസ്. ഉള്പെ്പടെയുള്ളവരുടെ അഭിരുചിയുടെ പരിമിതികളും ഇതില്‍ ഒരു വലിയ പങ്ക് വഹിച്ചു. ‘കുടിയൊഴിക്കലി’ലെ മധ്യവര്ഗസംഘര്ഷം പോലും ആസ്വദിക്കപെ്പടാത്ത വിധത്തിലുള്ള പ്രമേയപ്രത്യക്ഷതകളാണ് പുരോഗമനാവബോധമായി ഇവിടെ വിശദീകരിക്കപെ്പട്ടത്. അങ്ങനെ ഒരു ഭാഗത്ത് ചരിത്രപരമായി കൈവന്ന സൈദ്ധാന്തികന്യൂനീകരണവും മറുഭാഗത്ത് അഭിരുചിയുടെ പരിമിതികളും ചേര്‍ന്ന് നിര്‍മ്മിച്ചെടുത്ത ഭാവുകത്വത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ് കേരളത്തിലെ പുരോഗമനസാഹിത്യം ആധുനികതാപ്രസ്ഥാനത്തെ വിലയിരുത്തിയത്. അനുഭൂതിയുടെ ചരിത്രപരതയെ വിശദീകരിക്കുന്നതില്‍ അതിന് വിജയിക്കാനാവാതെ പോയതില്‍ ഒട്ടുംതന്നെ അത്ഭുതമില്ളായിരുന്നു.
Leave a Reply