ശകുന്തളയുടെ ദൂരങ്ങള്‍: പ്രകൃതിയില്‍ നിന്ന് വിഹായസ
മൂന്ന്
രാജാവിന്റെ വേട്ടക്കൊതിമൂലമുള്ള വൈഷമ്യത്തെക്കുറിച്ച് രണ്ടാം അങ്കത്തിന്റെ തുടക്കത്തില്‍ വീദൂഷകന്‍ പതിവു ശൈലിയില്‍ ചിലതു പറയുന്നുണ്ട്. പറയുന്നത് തമാശരൂപേണയാണെങ്കിലും മാംസക്കൊതിപൂണ്ട് കാടിളക്കുന്ന നാഗരികന്റെ അത്യാര്‍ത്തിക്ക്, അതൊരു വിമര്‍ശനമാവുന്നുണ്ട്. കാടിന്റെ ശ്രേഷ്ഠതയെ മാനിക്കാത്ത ഒരു പ്രേരണ ഈ കാടിളക്കലിലുണ്ട്. ഈ അക്രമത്തിന് അറുതിയുണ്ടാവാന്‍ കാരണം, നാടകത്തില്‍ ദുഷ്യന്തന് ശകുന്തളയോട് അനുരാഗം വളരുന്നതാണ്. ഇവിടെ വേട്ടയ്‌ക്കെതിരായി സ്ത്രീപുരുഷാനുരാഗമെന്ന പ്രകൃതിസ്വഭാവം കടന്നുവരികയാണ്.
തന്റെ വില്‌ള് വിശ്രമം പൂണ്ടാലേ കാടിന്, കാട്ടിലെ ജീവജാലങ്ങള്‍ക്ക് സൈ്വരമുള്ളു എന്ന് ദുഷ്യന്തന്‍ മനസ്‌സിലാക്കുന്നത് യാദൃച്ഛികമാകണമെന്നില്‌ള:
നീരില്‍ പോത്തുകള്‍ കൊമ്പുകുലച്ചു കളിയാടീടട്ടേ കേടെന്നിയേ
സാരംഗം തണലില്‍ക്കിടന്നയവിറക്കീടട്ടെ കൂട്ടത്തോടെ
സൈ്വരം സുകരപംക്തി മുസ്തകള്‍ കുഴിക്കട്ടേ തടാകങ്ങളില്‍
ചേരാതേ ഗുണബന്ധനം നടുനിവര്‍ത്തീടട്ടെയെന്‍ വില്‌ളിതും.
ശകുന്തളയെ ഓര്‍ക്കുമ്പോള്‍ ദുഷ്യന്തനുണ്ടാകുന്ന ഉല്‍ക്കണ്ഠയില്‍, കാടിന്റെ കന്യകാത്വത്തെക്കുറിക്കുന്ന ഗൂഢമായ ഒരു ആനന്ദം അടങ്ങിയിരിപ്പുണ്ട് (ശേ്‌ളാകം10-രണ്ടാമങ്കം). അവിടെയും വിധി/പ്രകൃതിഹിതം കടന്നുവരുന്നു: …പാര്‍ത്തില്‌ളീ ഞാനെവന്നോ വിധിയിതനുഭവിക്കുന്നതിന്നേകിടുന്നു!
സത്ത വിധിയും പ്രകൃതിയുമാണ്. വിധി ധനവുമാണ്. വിഭവങ്ങളേക്കാള്‍ വലിയ ധനം തപത്തിന്റെ ജ്ഞാനമാണ്. നാട്ടുകാര്‍ വെറും പണം തരുമ്പോള്‍ കാട്ടിലെ മുനിമാര്‍ തപോപുണ്യമാണ് രാജ്യത്തിന് നല്‍കുന്നത്. ത്യാഗിയായ കണ്വന്റെ തപോജീവിതത്തിന്റെ ഭാഗമാണ് ശകുന്തളയും. മുല്‌ളവള്ളിയും തേന്മാവും മാന്‍കുട്ടിയും അനസൂയയും പ്രിയംവദയുമെല്‌ളാം കണ്വന്റെ തപോനിഷ്ഠയുടെ ഭാഗമാണ്. അവരുടെയെല്‌ളാം സാന്നിദ്ധ്യം നല്‍കുന്ന സുഖത്തെക്കുറിച്ച്് ദുഷ്യന്തന്‍ പല പ്രവാശ്യം പറയുന്നുമുണ്ട്. കൊട്ടാരത്തിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ, മനസ്‌സ് രണ്ടായ് പിരിഞ്ഞ ദുഷ്യന്തന്റെ അവസ്ഥ, കുന്നില്‍ത്തടഞ്ഞ പുഴയുടേതുപോലെയാണെന്ന് കാളിദാസന്‍ പറയുന്നു. ഉപമയിലും പ്രകൃതിദൃശ്യം കടന്നുവരുന്നു. ഈ സാന്നിദ്ധ്യം ശാകുന്തളത്തില്‍ നിത്യമാണ്, മറ്റു പല കാളിദാസകൃതികളിലേയും പോലെ.
Leave a Reply