അറിയാത്തവള്‍ക്കൊരു ക്ഷണക്കത്ത്
അഴലിന്റെയാഴിയലിയുന്നതാണലയാഴി
അതില്‍ വീണു താഴുമ്പൊഴും
മോതിരവിരല്‍ കോര്‍ത്തുനിന്നാല്‍ മോചനം വാങ്ങാതെ നീങ്ങാം
അതിനായിന്നീ ക്ഷണം…!
ഇക്ഷണം നീയിങ്ങുവന്നെത്തിയാല്‍ നുകര്‍ന്നും പകര്‍ന്നു-
മക്ഷയപാത്രങ്ങളാക്കിടാമീ കണ്ണന്‍ചിരട്ടകള്‍.
നമുക്കെന്തിനു നാടും നഗരവും വീടും കിടാങ്ങളും
നമുക്കു നാമേ കിടാവും കടങ്ങളും
മോഹങ്ങള്‍ കത്രികച്ചുണ്ടുള്ള പക്ഷികള്‍
പിടിക്കാനൊരുങ്ങാ,തെറിഞ്ഞുകൊടുക്കാ-
മുള്ളിലെ പൊന്നണിവസ്ര്തം.
നിദ്രയിലാകെ നിന്‍ നിഷ്‌കളങ്കച്ചേല കീറുവാനാകില്ലെനിക്ക്
നാണം മറയ്ക്കലാണെന്റെ നാണം
ദിഗംബരരാകാം നമുക്കിനി
കാട്ടുതീയില്ലാത്ത കാട്ടാളനില്ലാത്ത
നാട്ടിലേക്കെത്തുവാന്‍ ഹംസപക്ഷങ്ങളിലുയര്‍ന്നു പാറാം
ചെംപട്ടു കിട്ടുന്നതും കാത്തുകാത്തിരിക്കാം, നീ വരൂ…!
അറിവിന്റെയാഴിയലിയുന്നതാണലയാഴി
അവിടെയാ രാമഗിര്യാശ്രമ തടങ്ങള്‍
പൂഴിയിലൂഴിപെറ്റുണ്ടായ നൈര്‍മല്യമുദ്രകള്‍
പെണ്ണേ… തറ്റുടുക്കാ,മെണ്ണാതെ ശയനപ്രദക്ഷിണം ചെയ്യാം
ധൂളിയിലൂടെയീ ഭൂമിയറിയട്ടെ നമ്മളെ…!
Mob: 9446400817
Leave a Reply