ലോകപ്രശസ്തമായ ഒരിന്ത്യന്‍ കമ്പനിയുടെ തൊഴില്‍ക്ഷേമം കൈകാര്യം ചെയ്യുന്ന മാനേജരായിരുന്നു പ്രമോദ്. അഹമ്മദാബാദില്‍ നിന്ന്, എം.ബി.എ സ്‌കോളര്‍ഷിപേ്പാടെ വിദേശത്തു പരിശീലനം. കോടികളുടെ വില പറഞ്ഞുറപ്പിച്ച ഉദ്യോഗം. ലോകോത്തരകമ്പനികള്‍ വലവീശിപ്പിടിക്കാന്‍ ശ്രമിച്ചിട്ടും കൈവിട്ടുപോയ ലെജന്‍ഡിനെയാണ് സീസ്മാസ് കൈക്കലാക്കിയത്.
പ്രമോദിന്റെ കമ്പനിക്കു ചേര്‍ന്ന ആഡംബരത്തോടുകൂടിയതായിരുന്നു, അയാളുടെ ഫ്‌ളാറ്റ്. ലെതര്‍ അപേ്പാള്‍സ്റ്ററി ചെയ്ത സോഫകള്‍. ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ തറ. സെന്‍ട്രലൈസ്ഡ് എ.സി. തണുത്തൊഴുകുന്ന സംഗീതം. അക്ഷോഭ്യനായി ഇരിക്കുന്ന പ്രമോദ്.
ജയദീപ് സംസാരിച്ചു തുടങ്ങുവാന്‍വേണ്ടി അയാള്‍ കാത്തിരുന്നു.
ചൂടുചായയും വറുത്ത അണ്ടിപ്പരിപ്പും ഉപചാരമായി എത്തി.
ബെലിനോണിയന്‍ ട്രേയില്‍ നിരത്തിവച്ച, ആനക്കൊമ്പിന്റെ ബേസ് മാസ്‌കുള്ള കപ്പിലേക്ക്, പ്രമോദ് ചായ പകര്‍ന്നു.
സമം പാലും ഏലക്കായും ചേര്‍ത്ത്, അതിളക്കി.
-ഷുഗര്‍?
-തീര്‍ച്ചയായും.
ഷുഗര്‍ ബൗള്‍ തുറന്ന്, ചതുരക്കട്ടികള്‍ ഓരോന്നായി കപ്പിലേക്ക് എടുത്തിട്ടുകൊണ്ട് പ്രമോദ് ജയദീപിനെ നോക്കി.
-മതി.
ജയദീപ് കൈയുയര്‍ത്തി പറഞ്ഞു.
ചായ മൊത്തുമ്പോള്‍, പ്രമോദിന്റെ ടേസ്റ്റിനെക്കുറിച്ച് അയാള്‍ക്കു മതിപ്പു തോന്നി.
ജയദീപ് അത് തുറന്നു പറഞ്ഞു.
പ്രമോദ് നന്ദി രേഖപെ്പടുത്തി.

ഒരു മണിക്കൂര്‍ ജയദീപ് അയാള്‍ക്കൊപ്പം ചെലവഴിച്ചു. കൂടുതല്‍ നേരവും അവര്‍ സംസാരിച്ചത് സീസ്മാസിനെക്കുറിച്ചായിരുന്നു. വളരെ ചെറിയ മുതല്‍മുടക്കില്‍ തുടങ്ങിയ കമ്പനി. സ്‌നേഹിതന്‍മാരുടെ കൂട്ടായ്മയായിരുന്നു അതിന്റെ പ്രത്യേകത. വിശ്വസിക്കാനാവാത്ത രൂപത്തിലേക്ക് അതു വളര്‍ന്നു. ഇന്ന് ലോകത്തിലെ ഒന്നാംകിട കമ്പനിയാണ് സീസ്മാസ്.
-എന്തായിരുന്നു അതിന്റെ ഊര്‍ജ്ജം?
ജയദീപ് ചോദിച്ചു.
-ഹാര്‍ഡ് വര്‍ക്ക്. അവസരങ്ങള്‍ ചൂഷണം ചെയ്യുന്നതിലുള്ള മിടുക്ക്. ആഗ്രഹിച്ചത് നേടാനുള്ള ത്വര. ദാറ്റ്‌സ് ആള്‍!
വികാരഭേദമില്‌ളാതെ പ്രമോദ് പറഞ്ഞു.
എല്‌ളാംകൊണ്ടും പുതുയുഗത്തിനു ചേര്‍ന്ന ഒരാളായിരുന്നു പ്രമോദ്. സംഭാഷണം വിരസമാകാന്‍ തുടങ്ങുന്നു എന്നു കണ്ടപേ്പാള്‍ ജയദീപ് എഴുന്നേറ്റു.
-ഞാനിതൊക്കെ ഒന്നു കാണട്ടെ?
അനുവാദത്തിനായി കാത്തുകൊണ്ട് ജയദീപ് അയാളുടെ മുഖത്തേക്കു നോക്കി.
-വൈനോട്ട്?
ഇടതുവശം നിരത്തിവച്ചിരിക്കുന്ന ക്യൂരിയോകളിലേക്കു തിരിഞ്ഞപേ്പാള്‍ പ്രമോദ് പറഞ്ഞു:
-നോട്ട് ദാറ്റ് വേ. ഇതിലാണ് സംഭവം നടന്നത്.