തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോള്‍
ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോകുന്നു
എന്റെ വൃത്തം ഓടയില്‍ പെറ്റുവീണ കുഞ്ഞിന്റെ
നിലവിളിയുടെ വൃത്തമാണ് (സത്യവാങ്മൂലം)
എന്ന് സച്ചിദാനന്ദനും
കവിയുടെ ഛന്ദസ്‌സിനു മുറിവേറ്റിരിക്കുന്നു, ഛന്ദോജ്ഞാനിയെ കടല്‍ത്തീരത്തിലെ മുതല ഇന്നും കാത്തിരിക്കുന്നു (കരിനാക്കുള്ളവന്റെ പാട്ട്),
എന്നിങ്ങനെയുള്ള നിരവധി വരികള്‍ എ. അയ്യപ്പനും എഴുതിയത് ഇതിന്റെ തുടര്‍ച്ചയുമാകുന്നു.
താളത്തിന്റെ താഴ്‌വരയില്‍
കടമ്മനിട്ട രാമകൃഷ്ണനെ
ഒരു കാട്ടാളന്‍
അമ്പെയ്തു വീഴ്ത്തി (ടി. പി. രാജീവന്‍, രാഷ്ട്രതന്ത്രം)
എന്നും
ശാര്‍ദ്ദൂലവിക്രീഡിതമായാലേ എന്റെ വൃത്തം ശരിയാവുകയുള്ളു. എഴുതുന്നവയെല്‌ളാം പന്ത്രണ്ടാല്‍ മസജംതന്നെ (എ. സി. ശ്രീഹരി, വായനാവികൃതി)
എന്നുമൊക്കെയുള്ള ചില വരികളൊഴിച്ച് പുതുകവിതകളില്‍ വൃത്ത-താളങ്ങളെക്കുറിച്ചുള്ള പ്രസ്താവനകള്‍ അപൂര്‍വമാണ് എന്നുതന്നെ പറയാം. അതായത് വൃത്തം ഈ കവിതകളില്‍ ഒരു ബാധയോ ബാധ്യതയോ അല്‌ള. പല കവിതകളിലും മുന്‍വിധികളില്‌ളാതെതന്നെ ഈ കാവ്യഘടകത്തിന്റെ സാധ്യത പ്രയോജനപെ്പടുത്തിയിട്ടുമുണ്ട്. വര്‍ണ-മാത്രാനിയമങ്ങള്‍ കര്‍ശനമായ സംസ്‌കൃതവൃത്തങ്ങള്‍ പോലും ഇത്തരത്തില്‍ പുതുകവിതയില്‍ ഉപയോഗിക്കപെ്പടുന്നു.
എങ്ങും മഞ്ഞു പരന്നു.