പുരോഗമനസാഹിത്യത്തിന്റെ ഭാവിജീവിതം
മൂന്ന്
ഇങ്ങനെ, സൈദ്ധാന്തികമായ അപര്യാപ്തതയും ഭാവുകത്വപരമായ പരിമിതിയും ഉണ്ടായിരുന്നുവെങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ മലയാളസാഹിത്യത്തെ നിര്‍ണ്ണയിച്ച ഏറ്റവും പ്രധാനപെ്പട്ട പ്രേരണകളിലൊന്ന് പുരോഗമനസാഹിത്യത്തിന്േറത് തന്നെയായിരുന്നു. വൈരുധ്യപൂര്‍ണമായ ഈ സ്ഥിതിവിശേഷത്തിന് വഴിവച്ചത്, നമ്മുടെ പ്രമുഖ നിരൂപകരിലൊരാള്‍ വിശദീകരിച്ചതുപോലെ, പുരോഗമനസാഹിത്യം ചരിത്രത്തിന്റെ ഇന്ധനമായി നിലകൊണ്ടു എന്നതാണ്. നവോത്ഥാനത്തിന്റെയും ആധുനികപരത്വത്തിന്റെയും ഊര്ജ്ജമപ്പാടെ ഏറ്റുവാങ്ങി, കാലപരിണാമത്തിന്റെ നടുക്കുറ്റിപോലെ നിലകൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് പുരോഗമനസാഹിത്യം സ്വന്തം പരിമിതികളെയും മറികടന്നുപോയ മഹാപ്രസ്ഥാനമായി മലയാളഭാവനയിലും ഭാവുകത്വത്തിലും ഇടം കണ്ടെത്തിയത്.
ആധുനികാനന്തരം എന്ന് വിവരിക്കാവുന്ന ഭാവുകത്വവും വൈജ്ഞാനികാവബോധവും മേല്‍ക്കൈ നേടിയ സമകാലിക മലയാളസന്ദര്‍ഭത്തില്‍ പുരോഗമനസാഹിത്യസങ്കല്പത്തിന്റെ പ്രസക്തി എന്താണ്? രണ്ടുതരത്തിലുള്ള ഉത്തരങ്ങള്‍ ഇതിന് സാധ്യമാണെന്ന് പറയാം. പുരോഗമനസാഹിത്യത്തെ ഒരു ചരിത്രസ്ഥാപനം എന്ന നിലയില്‍ വിലയിരുത്തിയാല്‍ അത്തരമൊന്നിന് ഇനിയങ്ങോട്ട് വലിയപ്രസക്തിയുണ്ടാവുക സാധ്യമല്ള. കാരണം അടിസ്ഥാനപരമായി അത് പങ്കുവച്ചതും ഉയര്‍ത്തിപ്പിടിച്ചതും ആധുനികീകരണത്തിന്റെ ലോകബോധത്തെയാണ്. അത്തരമൊരു ലോകാവബോധവും ഭാവുക്ത്വവും അതിന്റെ ചരിത്രദൗത്യങ്ങള്‍ ഇതിനകം നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു. പ്രഹസനമായിപേ്പാലും ആവിഷ്കരിക്കനാവാത്തവിധം അത് ചരിത്രത്തില്‍ കെട്ടടങ്ങിക്കഴിഞ്ഞു.
എന്നാല്‍ ആധുനികതാവിമര്‍ശം എന്ന നിലയില്‍ പുരോഗമനസാഹിത്യത്തിന് കൈവരിക്കാന്‍ കഴിയുമായിരുന്ന വിമര്ശനമൂല്യത്തെ മുന്‍നിര്‍ത്തി വിലയിരുത്തിയാല്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന് ഇനിയും തുടരാനാവും. പുരോഗമനസാഹിത്യത്തിന്റെ ഇതഃപര്യന്തമുള്ള രേഖീയഗതിയുടെ തുടര്ച്ചയല്ള; അതില്‍നിന്നുള്ള വലിയൊരു വിടുതിയാണ് ഇതിനാവശ്യം. ആധുനികത നിര്‍വചിച്ചെടുത്ത മാനവവാദപരമായ സാഹിത്യദര്‍ശനത്തെയും ലോകാവബോധത്തെയും പ്രകരണനിഷ്ഠമായി വിമര്‍ശനവിധേയമാക്കിക്കൊണ്ടേ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന് ഈ വിടുതിയെ സാക്ഷാത്കരിക്കാനാവൂ. സമകാലികജീവിതത്തിന് മുന്നിലും ചരിത്രത്തിന്റെ ഇന്ധനമായി നിലകൊള്ളാന്‍ പുരോഗമനസാഹിത്യത്തെ സജ്ജമക്കുന്നതും ഈ വിടുതിതന്നെയായിരിക്കും.
മുഖ്യമായും മൂന്ന്-നാല് പ്രമേയങ്ങളെ മുന്‍നിര്‍ത്തി ഈ വിടുതിയുടെ സ്വഭാവത്തെ നമുക്ക് വിശദീകരിക്കാനാവും. ഒന്നാമതായി ആധുനികത അമര്‍ച്ചചെയ്ത തൃഷ്ണാജീവിതത്തിന്റെയും ബഹുസ്വരമായ സ്വത്വബാധ്യതകളുടെയും വീണ്ടെടുപ്പിനായി പുരോഗമനസാഹിത്യം നിലകൊള്ളേണ്ടതായിട്ടുണ്ട്.
Leave a Reply