സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
ക്രിസ്തുനാഥന്‍ താഴ്ന്ന മര്‍ത്യപ്രകൃതിയെ
പാര്‍ത്തലം തന്നില്‍ വരിച്ചുകൊണ്ട്
ആദ്യത്തെ ആഗമനത്താലെ പൂര്‍വ്വിക
രക്ഷണപദ്ധതി പൂര്‍ത്തിയാക്കി
നിത്യരക്ഷാമാര്‍ഗ്ഗം ഞങ്ങള്‍ക്കവിടന്നു
കാരുണ്യപൂര്‍വ്വം തുറന്നുതന്നു
വീണ്ടും പ്രതാപത്തില്‍ താനെഴുള്ളുമ്പോള്‍
പണ്ടു താന്‍ വാഗ്ദാനം ചെയ്തതുപോല്‍
ജാഗ്രതയോടെ പ്രതീക്ഷിച്ചിരുന്നതാം
നിത്യസമ്മാനവും കൈവരിക്കാന്‍
സര്‍വ്വജനങ്ങളും കാണ്‍കവെ ഞങ്ങള്‍ക്കു
ഏവര്‍ക്കും ഭാഗ്യമുണ്ടായിടേണം
ആകയാലാമോദ വായ്‌പോടെ വാഴുമോ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ