പുരോ: സര്‍വ്വാധിനാഥനാം താതനീ നിങ്ങളെ
പാവനപ്രേമത്താല്‍ ബന്ധിക്കട്ടെ
ക്രിസ്തുവിന്‍ ശാന്തി വസിക്കട്ടെ നിങ്ങള്‍തന്‍
ചിത്തങ്ങളിലും കുടുംബത്തിലും

ജനം: ആമ്മേന്‍

പുരോ: സന്താന ഭാഗ്യം ലഭിക്കട്ടെ നിങ്ങള്‍ക്കു
സാന്ത്വനമേകും സുഹൃത്തുക്കളും
സ്‌നേഹത്തിലെല്ലാവരോടും പുലരുവാന്‍
ഏകട്ടെ ദൈവമനുഗ്രഹങ്ങള്‍

ജനം: ആമ്മേന്‍

പുരോ: ലോക സമക്ഷമാ ദൈവസ്‌നേഹത്തിനു
പാവനസാക്ഷികളായ് വസിച്ചും
ആലംബഹീനര്‍ക്കുമാര്‍ത്തര്‍ക്കുമീപ്പാരില്‍
ആശ്രയം നല്‍കിയും വാണശേഷം
സ്വര്‍ഗ്ഗഭവനത്തിലായവന്‍ നിങ്ങളെ
സ്വാഗതം ചെയ്യാനിടവരട്ടെ

ജനം: ആമ്മേന്‍

പുരോ: താതനും പുത്രനും പാവനാത്മാവുമാം
നിത്യ കാരുണ്യവാന്‍ സര്‍വ്വശക്തന്‍
തന്‍ ദിവ്യാനുഗ്രഹം നിങ്ങളില്‍ വന്നണ-
ഞ്ഞെന്നെന്നും നിലനില്ക്കുമാറാകട്ടെ

ജനം: ആമ്മേന്‍