സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല്‍പൂജിതനേ
ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല്‍പിതാവേ
സ്വര്‍ഗ്ഗത്തില്‍ മേവുന്ന മാലാഖമാരിലും
മുഖ്യന്‍മാരായുള്ള ദൂതരിലും
കത്തിജ്വലിക്കും നിന്‍ ദിവ്യ മഹത്വത്തെ
ഉച്ചത്തില്‍ ഘോഷണം ചെയ്തു ഞങ്ങള്‍
താവക പ്രീതിക്കു ഭാജനമാകുമീ
മാലാഖമാരെ വണങ്ങീടവേ
താവക ദിവ്യമഹത്വം മഹേശ്വരാ
മേല്ക്കുമേലെന്നും വളര്‍ന്നിടുന്നു
തേജസ്വിമാരാകും മാലാഖമാരെന്നും
സാദരം വന്ദനമര്‍ഹിക്കുന്നു
നായകാ നിന്റെ മഹത്വമസീമമീ
ഭൂമിയിലെന്നുമാരാധ്യനും നീ
ആകയാലാമോദ വായ്‌പോടെ വാഴുമാ
സ്വര്‍ഗ്ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യ ഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ