ആമുഖഗീതി

പുരോഹിതന്‍ സ്‌തോത്രയാഗ പ്രാര്‍ത്ഥന ആരംഭിക്കുന്നു. കൈകള്‍ വിരിച്ചു പാടുന്നു.

പുരോ : കര്‍ത്താവു നിങ്ങളോടുകൂടെ.
ജനം :   അങ്ങയോടുംകൂടെ.

കൈകള്‍ ഉയര്‍ത്തിക്കൊണ്ടു തുടരുന്നു.

പുരോ : ഹൃദയം കര്‍ത്താവിങ്കലേക്കുയര്‍ത്തുവിന്‍.
ജനം :   ഇതാ ഞങ്ങളുയര്‍ത്തിയിരിക്കുന്നു.

കൈകള്‍ അതേ നിലയില്‍ വിരിച്ചുപിടിച്ചുകൊണ്ടു പാടുന്നു.

പുരോ : നമ്മുടെ കര്‍ത്താവായ ദൈവത്തിനു നന്ദി പ്രകാശിപ്പിക്കാം.
ജനം :   അത് ഉചിതവും ന്യായവുമത്രേ.

പുരോഹിതന്‍ അതേനിലയില്‍ കൈകള്‍ വിരിച്ചുപിടിച്ചുകൊണ്ട് ആമുഖഗീതികള്‍ പാടുന്നു.

16. ആഗമനകാലം ഒന്നാം ഞായര്‍മുതല്‍ ഡിസംബര്‍ 16 വരെയുള്ള കാലിക പൂജകളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത പൂജകളിലും ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

   ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
   ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം.

      യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
      രക്ഷാകരവും ജഗല്‍പിതാവേ.

ക്രിസ്തുവാം നാഥനീ മര്‍ത്യ പ്രകൃതിയെ
പാര്‍ത്തലം തന്നില്‍ വരിച്ചുകൊണ്ട്

   ആദ്യത്തെ ആഗമനത്താല്‍ പരിത്രാണ
   പ്രാക്തന പദ്ധതി പൂര്‍ത്തിയാക്കി

      നിത്യരക്ഷാമാര്‍ഗ്ഗം ഞങ്ങള്‍ക്കവിടുന്നു
      ചിത്തമലിഞ്ഞു തുറന്നു തന്നു.

വീണ്ടും പ്രതാപത്തിലാഗതനാകുമ്പോള്‍
പണ്ടു താന്‍ വാഗ്ദാനം ചെയ്തതുപോല്‍

   ജാഗ്രതയോടിവര്‍ കാത്തു വസിച്ചൊരു
   നിത്യ സമ്മാനവും കൈവരിക്കാന്‍

      സര്‍വ്വജനങ്ങള്‍ക്കും കര്‍ത്താവേ ഞങ്ങള്‍ക്കും
      നിര്‍വ്വിഘ്‌ന ഭാഗ്യമുണ്ടായിടേണം.

ആകയാലാമോദവായ്‌പോടെ നിത്യവും
നാക ദൂതന്‍മാരാം ഗായകന്‍മാര്‍

   ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
   മംഗളംപാടി വണങ്ങീടുന്നു.

      ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
      ആലപിച്ചീടുന്നു താഴ്മയോടെ (2)