ക്രിസ്തുവിന്റെ രണ്ട് ആഗമനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ
ഡിസംബര്‍ 17 മുതല്‍ 24 വരെയുള്ള കാലികപൂജകളിലും പ്രത്യേക ആമുഖഗീതിയില്ലാത്ത പൂജകളിലും ഉപയോഗിക്കുന്നത്.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ
    ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
    ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
       യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
       രക്ഷാകരവും ജഗല്‍ പിതാവേ.

ധന്യ പ്രവാചകരെല്ലാം പ്രഘോഷിച്ച
കന്യകാമേരിതന്‍ ഓമല്‍ പുത്രന്‍
    അംഗനാ രത്‌നമാമമ്മതന്‍ സ്‌നേഹത്തി-
    ന്നങ്കത്തലത്തില്‍ വളര്‍ന്നു വന്നു.
       ആഗതനാകുന്ന രക്ഷകനേശുവേ
       യോഹന്നാന്‍ പാടിപ്പുകഴ്ത്തി മന്നില്‍

       ദൈവ കുഞ്ഞാടിനെക്കാണിച്ചു തന്നവന്‍
       ഭൂവില്‍ വസിപ്പോര്‍ക്കു മോദമോടെ.
 
 പുത്തന്‍ പിറവിയെ സാനന്ദം കൊണ്ടാടാന്‍
 പുത്രര്‍ക്കു നല്‍വരം നല്‍കുന്നു നീ
        രക്ഷകനേശുവിങ്ങാഗതനാകുമ്പോള്‍
        അത്യുന്നതനാകും തമ്പുരാനേ.

           നിന്‍സ്തുതി ഗീതങ്ങളാലപിച്ചീടുവാ-
           നുത്‌സുകരായ് ഞങ്ങള്‍ വാഴുവാനും
   
           ധ്യാനജപങ്ങളില്‍ മഗ്‌നരായ് ഞങ്ങളെ
           കാണുവാനും നീ വരം തരേണം.
       
ആകയാലാമോദ വായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

   ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
   മംഗളം പാടി വണങ്ങിടുന്നു.

      ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
      ആലപിച്ചീടുന്നു താഴ്മയോടെ (2)