വിശുദ്ധരുടെ മാതൃകയും മാദ്ധ്യസ്ഥ്യവും

വിശുദ്ധരുടെ തിരുനാളുകളിലും സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍, നാമഹേതുക വിശുദ്ധര്‍ എന്നിവരുടെ ദിവ്യപൂജകളിലും ആമുഖഗീതിയില്ലാത്ത വിശുദ്ധരുടെ തിരുനാളുകളിലേയും മഹോത്‌സവങ്ങളിലേയും ദിവ്യപൂജകളിലും ഉപയോഗിക്കുന്നത്. വിശുദ്ധരുടെ അനുസ്മരണ പൂജകളിലും ഉപയോഗിക്കാം.

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍ വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ഉത്തമപുണ്യവാന്‍മാരുടെയദ്ഭുത
സത്യ വിശ്വാസപ്രഖ്യാപനത്താല്‍

അങ്ങീസഭയെ പരിപുഷ്ടമാക്കുന്നു
വിണ്ണില്‍ വസിപ്പൊരു സ്‌നേഹതാതാ

അങ്ങയെ സ്‌നേഹിച്ചു ജീവിക്കാന്‍ ഞങ്ങള്‍ക്കു
തന്നല്ലോ വന്ദ്യര്‍തന്‍ മാതൃകകള്‍

ഞങ്ങള്‍തന്‍ ആത്മാവുരക്ഷ പ്രാപിക്കുവാന്‍
തന്നിടുന്നു ഞങ്ങള്‍ക്കുത്തേജനം

ധന്യരവരുടെ മാദ്ധ്യസ്ഥ്യം ഞങ്ങള്‍ക്കും
പിന്‍ബലമായി ലഭിച്ചുവല്ലോ

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവ്യ പ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യ ഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ (2)