കര്‍ത്താവിന്റെ പീഡാസഹനം വഴിയുള്ള വിജയം
.
വിശുദ്ധവാരത്തിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഉപയോഗിക്കുന്നത്

സര്‍വ്വേശ്വരാ നിത്യനായുള്ള ദൈവമേ
സര്‍വ്വശക്താ പരിശുദ്ധ താതാ

ക്രിസ്തുനാഥന്‍വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേയ്ക്കു നന്ദിചൊല്ലാം

യുക്തവും ന്യായവുമാണതു ഞങ്ങള്‍ക്കു
രക്ഷാകരവും ജഗല്‍പിതാവേ

ക്രിസ്തുവാം നാഥന്റെ പീഡാസഹനവും
നിസ്തുലമാം പുനരുത്ഥാനവും

ഒന്നൊന്നായ് ഓര്‍മ്മപ്പെടുത്തുന്ന നാളുകള്‍
വന്നണഞ്ഞീടുന്നു ധന്യമായി

പാപത്തിന്‍ശക്തിയകറ്റി പാരില്‍നിന്നു
സ്‌നേഹപതാകയുയര്‍ത്തി യേശു

തിന്മയാം വൈരിതന്‍ ദുര്‍മ്മദമൊക്കെയും
നിര്‍മ്മാര്‍ജ്ജനം ചെയ്തു മുക്തി നല്‍കി

ആകയാലാമോദവായ്‌പോടെ നിത്യവും
നാകദൂതന്‍മാരാം ഗായകന്‍മാര്‍

ദിവപ്രതാപവാനങ്ങയെ വാഴ്ത്തുന്നു
മംഗളംപാടി വണങ്ങിടുന്നു

ആ ദിവ്യഗാനത്തൊടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ