ജ്ഞാനസ്നാനത്തിരുനാള്‍
സര്‍വ്വേശ്വരാ പരിശുദ്ധനാം ദൈവമേ
സര്‍വ്വശക്താ ജഗല് പൂജിതനേ
ക്രിസ്തുനാഥന് വഴി എങ്ങുമെന്നേരവും
ഭക്തിയോടങ്ങേക്കു നന്ദിചൊല്ലാം
ആയതു യുക്തവും രക്ഷയേകുന്നതും
ന്യായവും തന്നെ ജഗല് പിതാവേ
നിന്നേകസൂനുവിന് ജ്ഞാനസ്നാനംവഴി
നിത്യസത്യങ്ങള് വെളിപ്പെടുത്തി
നിന്നോമല്‍ പുത്രനീ മര്ത്യപ്രകൃതിയില്
മര്ത്ത്യരോടൊത്തു വസിച്ചിടുന്നു
സ്വര്‍ഗ്ഗത്തില്‍നിന്നും അരുളി നീ സാക്ഷ്യവും
സ്വര്ഗ്ഗപിതാവാകും തമ്പുരാനെ
പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധ റൂഹായും
രക്ഷകനേശുവില് വന്നിറങ്ങി
ആനന്ദതൈലത്താലഭിഷേകം ചെയ്തു-നിന്
ഓമല് സുതന് നാഥനേശുവിനെ
സര്‍വ്വജനങ്ങള്‍ക്കും രക്ഷതന്‍ സന്ദേശം
നല്കുവാനായും നിയുക്തനാക്കി
ആകയാലാമോദ വായ്പോടെ വാഴുമാ
സ്വര്‍ഗീയ ഗായകര്‍ മാലാഖമാര്‍
ദിവ്യ പ്രതാപവാനങ്ങേയ്ക്കു നിത്യവും
മംഗളംപാടി നമിച്ചിടുന്നു
ആ ദിവ്യഗാനത്തോടൊന്നിച്ചു ഞങ്ങളും
ആലപിച്ചീടുന്നു താഴ്മയോടെ
Leave a Reply