ഭാഷാജാലം 25- അരകടന്ന് അരങ്ങുവഴി അരണികടയാം
ദ്രാവിഡ ഭാഷകളില്‍ ‘അര്’ മുമ്പും പിമ്പും ചേര്‍ന്നുവരുന്ന നിരവധി വാക്കുകളുണ്ട്. ചുട്ടെഴുത്തായ ‘അ’യും ബഹുത്വസൂചകമായ ‘ര്‍’ എന്നിവ ചേരുമ്പോഴാണ് ഇത്. ഉഭയലിംഗ ബഹുവചനപ്രത്യയം ആണിത്. സ്ത്രീകളെയും പുരുഷന്മാരെയും ഇത് ഉള്‍ക്കൊള്ളുന്നു. അവന്, അവള് എന്നീ രണ്ടിന്റെയും ബഹുവചനമാണ് അവര്‍. പൂജകബഹുവചന പ്രത്യയമായി ഉപയോഗിക്കുന്നവ നോക്കുക: ഇവര്‍, പലര്, ചിലര്‍, മനുഷ്യര്‍. ഭീക്ഷ്മര്‍, വിദുരര്‍, ദേവര്‍ എന്നിവയും തഥാ. ചിലപ്പോള്‍ ഈ പ്രത്യയത്തോട് ‘കള്‍’ ചേരുമ്പോള്‍ അവര്‍കള്‍, ഇവര്കള് എന്നിവ വരുന്നു.
അര എന്നതിന് എന്തെല്ലാം അര്‍ഥങ്ങള്‍! അരൈ എന്ന ദ്രാവിഡപദത്തില് നിന്നാണ് മലയാളത്തില്‍ അര വന്നത്. മിക്ക ദ്രാവിഡഭാഷകളിലും അതുണ്ട്. വിശേഷണമായും നാമമായും പ്രയോഗമുണ്ട്. അരയുക, മുറിയുക, രണ്ടായിത്തീരുക. കടിപ്രദേശത്തിനും അര എന്നാണ് പറയുക. കാലുകളും ഉടലും ചേരുന്ന ഭാഗമാണ് മദ്ധ്യഭാഗം.
അരയും തലയും മുറുക്കുക എന്ന പ്രയോഗത്തിന് ഒരുങ്ങുക, തയ്യാറാവുക എന്നാണര്‍ഥം. അരം എന്നാല്‍ രാകുന്നത്. ഇരുമ്പും മറ്റും രാകാന്‍ ഉരുക്കുകൊണ്ട് ഉണ്ടാക്കുന്ന ഉപകരണം. അരവും അരവും ചേര്‍ന്നാല്‍ കിന്നരം എന്നൊരു പഴഞ്ചൊല്ലുണ്ട്. വേലിപ്പത്തലിനും അരം എന്നു പറയും. വണ്ടിച്ചക്രത്തിന്റെ ആരക്കാലിനും അങ്ങനെ പറയും.
അര മുമ്പില്‍ വരുന്ന നിരവധി വാക്കുകള്‍. അരകല്ല് അതിലൊന്ന്. അരയ്ക്കാനുള്ള കല്ല്. അരയില്‍കെട്ടുന്ന കച്ചയാണ് അരക്കച്ച. അരപ്പട്ടയുമുണ്ടല്ലോ. ദ്രാവിഡത്തിലെ അരക്കന്‍ രാക്ഷസനാണ്. ‘രൂക്ഷതപൂണ്ട ബകനാമരക്കനെ കാല്ക്ഷണം കാലന്നൂര് കാട്ടിക്കൊടുത്തതും’ എന്നു കുഞ്ചന്‍ നമ്പ്യാര്‍ കല്യാണസൗഗന്ധികത്തില്‍. സംസ്കൃതത്തിലെ അരക്കന്‍ ചുവന്നത് എന്ന അര്‍ഥത്തിലാണ്.
എല്ലായിടത്തും മുഴുകവികളേ ഉള്ളൂ. എന്നാല്‍, പണ്ട് മലയാളത്തില്‍ ഒരു അരക്കവി ഉണ്ടായിരുന്നു. സാമൂതിരിയുടെ സദസ്സിലെ പതിനെട്ടരക്കവികളില്‍ അരക്കവി പുനം നമ്പൂതിരിയാണ്. മലയാള കവി ആയതിനാല്‍ പാതി സ്റ്റാറ്റസേ നല്കിയിരുന്നുള്ളൂ. സംസ്കൃത പക്ഷപാതികളായ പതിനെട്ടു കവികളെ മുഴുക്കവികളായും മലയാളകവിത എഴുതിപ്പോയ പുനത്തെ അരക്കവിയായും ഗണിച്ചിരുന്നു. പിന്നീട്, അരചകവി, രാജകവി ആണ് അരക്കവി ആയതെന്ന വിശദീകരണ വ്യാഖ്യാനം ഉണ്ടായെങ്കിലും ഭാഷയോടുള്ള ആ അവമാനം ബാക്കികിടക്കുന്നു.
അരക്കുകൊണ്ടുള്ള അറയാണ് അരക്കറ. ഇതാണല്ലോ അരക്കില്ലം. ലാക്ഷാഗൃഹം, ജതുഗൃഹം എന്നൊക്കെ സംസ്കൃതത്തില്‍ പറയുന്നതാണ് അരക്കില്ലം. പാണ്ഡവന്മാരെ ചതിച്ചുകൊല്ലാന്‍ പുരോചനനെക്കൊണ്ട് ധൃതരാഷ്ട്രര്‍ ഉണ്ടാക്കിച്ചതാണ് ഇത്. ചതി മുന്‍കൂട്ടി അറിഞ്ഞ പാണ്ഡവര്‍ വിലംവഴി രക്ഷപ്പെടുകയായിരുന്നു. അരക്കില്ലം എന്ന മലയാള പ്രയോഗം എത്ര സുന്ദരം! ദൂതവാക്യം’ എന്ന കൃതിയിലാണ് ഈ സമസ്തപദം ആദ്യം ഉപയോഗിച്ചതെന്നു കരുതുന്നു. ‘വാരണാവതത്തിങ്കലരക്കില്ലഞ്ചമച്ചു’ എന്ന് അതില്‍ കാണാം. മഹാഭാരതം കിളിപ്പാട്ടില്‍ എഴുത്തച്ഛന് പാടുന്നു: ” ഇത്ഥം ഭൂപതി നിയോഗിക്കയാലരക്കില്ലം സത്വരം തീര്‍പ്പിച്ചിതു ബുദ്ധിമാന് പുരോചനന്‍”.
കോലരക്ക് എന്ന അരക്ക് എക്കാലത്തുമുണ്ടായിരുന്നു. ചില മരങ്ങളുടെ കമ്പുകളില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന ഒരുതരം പൂച്ചിയുടെ ഉടലില്‍നിന്ന് ഊറി കട്ടിയായിത്തീരുന്നതാണ് കോലരക്ക്. വാര്‍ണിഷ്, ചായങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ ഇതുപയോഗിക്കുന്നു. ചക്കയരക്ക് നമുക്കറിയാമല്ലോ. അരക്കുംകൊണ്ടു ചെല്ലുമ്പോള്‍ മെഴുകുംകൊണ്ടു നില്ക്കുക എന്നൊരു ശൈലിയുണ്ട്. ഒരുതരത്തിലും കളിപ്പിക്കാന്‍ പറ്റാതാവുക എന്നാണര്‍ഥം.
സംസ്കൃതത്തിലെ രങ്ഗ എന്നതില്‍നിന്നാണ് തമിഴിലെ അരങ്ക വഴി മലയാളത്തില്‍ അരങ്ങ് എന്ന പദമുണ്ടായത്. രംഗം, നാടകം, നൃത്തം മുതലായ ദൃശ്യകലകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലമാണ് അരങ്ങ്. അഭിനയവേദി, നടനവേദി എല്ലാം അരങ്ങുതന്നെ. അരങ്ങുകേളിയെന്നാല്, കഥകളിയും മറ്റും തുടങ്ങുന്നുവെന്ന് അറിയിക്കാന്‍ മുഴക്കുന്ന ചെണ്ടമേളമാണ്. കൂടിയാട്ടത്തിലെ ഒരു ചടങ്ങാണ് അരങ്ങുതളി. രംഗസൂചനയാണിത്. അഭിനയിക്കാന്‍ പോകുന്ന കഥയെപ്പറ്റി ചുരുക്കത്തിലുള്ള സൂചന. എന്നാല്‍, അരങ്ങുതളി എന്ന തളിക്കല്‍ എങ്ങനെയുണ്ടായി? കൊട്ടാരത്തില്‍ ശങ്കുണ്ണി ഇങ്ങനെ പറയുന്നു: ” കൂടിയാട്ടത്തില്‍ മിഴാവൊച്ചപ്പെടുത്തല്‍ എന്ന വാദ്യഘോഷം കഴിഞ്ഞാല്‍ നമ്പ്യാര്‍ അണിയറയില്‍പ്പോയി വലത്തുകൈയില്‍ കുറേ വെള്ളം കോരിപ്പിടിച്ചുകൊണ്ട് അരങ്ങത്തുവന്ന് അവിടെയേതു നാടകം അഭിനയിക്കാന്‍ പോകുന്നുവോ അതിലെ നാന്ദീശ്ലോകം ചൊല്ലി ആ വെള്ളം അരങ്ങത്തു തളിക്കും. അതിനു ‘അരങ്ങുതളിക്ക’ എന്നുപറയും.”
രംഗപൂജയാണ് അരങ്ങുവാഴ്ത്തല്‍. നാടകത്തിലെ നാന്ദി, കഥകളിയിലെ തോടയം എന്നിവയുടെ സ്ഥാനമാണ് മുടിയേറ്റിലെ അരങ്ങുവാഴ്ത്തലിനുള്ളത്. അരങ്ങേറുക എന്നാല്‍ ആദ്യമായി രംഗത്ത് അവതരിപ്പിക്കുക. അതാണല്ലോ അരങ്ങേറ്റം എന്ന നാമം.
യാഗത്തിന് തീയുണ്ടാക്കുന്നത് അരണികടഞ്ഞാണെന്നറിയാമല്ലോ. ഒന്നു മറ്റൊന്നില്‍ അമര്‍ത്തി നിറുത്തി കടഞ്ഞുതീയുണ്ടാക്കാന് ഉപയോഗിക്കുന്ന രണ്ടു തുണ്ടുതടികളില് ഒന്ന്. അരയാലിന്റെ തടിയാണ് സാധാരണ ഉപയോഗിക്കുന്നത്. മുകളിലത്തെ തടി ഉത്തരാരണി, കീഴത്തേത് അധരാരണി. ‘യജ്ഞത്തിങ്കല്‍ ഉത്തരാധരങ്ങളായുള്ള രണ്ടരണികളില് സ്ഥിതനായിരിക്കുന്ന ജാതവേദസ്സ് എന്ന അഗ്നി അധിയജ്ഞനായിട്ട് സര്‍വ്വ ഹവിസ്സുകളെയും ഭുജിക്കുന്നു” എന്ന് കാഠകോപനിഷത്ത് എന്ന പരിഭാഷയിലുണ്ട്.
തീക്കല്ല്, സൂര്യന്, അഗ്നി, ശമി, ചമത എന്നിങ്ങനെയും അരണിക്ക് അര്‍ഥങ്ങളുണ്ട്. അരണ്യം കാട്. അരണ്യരോദനമാണ് വനരോദനം. നിഷ്ഫലമായ കരച്ചില്, വ്യര്‍ഥമായ അഭ്യര്‍ഥന. അരണ്യായനമാണ് വനവാസം.
അരത്തം എന്നാല്‍ മഞ്ഞളും ചുണ്ണാമ്പും കലക്കിയ വെള്ളം. രക്തം എന്ന സംസ്കൃതപദത്തിന്റെ തത്ഭവമാണ് അരത്തം. ചുവന്നിരിക്കുന്നത്. കുരുതിവെള്ളമാണ് അരത്തം. മന്ത്രവാദത്തിനും മറ്റും ഇതുപയോഗിക്കുന്നു. മംഗളകര്‍മം എന്ന നിലയില്‍ അരത്തവെള്ളവും തിരിയും തലയ്ക്ക് ഉഴിയുന്നതാണ് അരത്തമുഴിയല്. പുതുപെണ്ണിനെ അരത്തമുഴിഞ്ഞാണ് വീട്ടില്കയറ്റുക. മനുഷ്യപ്പറ്റില്ലാത്തവനും നിര്‍ഗുണനും പണ്ട് പറഞ്ഞിരുന്നത് അരത്തന്‍ എന്നാണ്.
Leave a Reply