കുട്ടികളെ അക്ഷരങ്ങളും അറിവും അഭ്യസിപ്പിച്ചിരുന്ന വിദ്യാലയങ്ങളെ വിളിച്ചിരുന്നത് എഴുത്തുകളരികള്‍ അഥവാ എഴുത്തു പള്ളി എന്നായിരുന്നു. എഴുത്തുകളരിയില്‍ ആശാന്‍ കുട്ടികളെ മണ്ണില്‍ അക്ഷരങ്ങള്‍ എഴുതി പഠിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി വരെ ഇത്തരം കളരികള്‍ നിലനിന്നിരുന്നു. അദ്ധ്യാപകനെ ആശാന്‍ (എഴുത്താശാന്‍) അല്ലെങ്കില്‍ നാട്ടെഴുത്താശ്ശാന്‍ അല്ലെങ്കില്‍ നിലത്തെഴുത്താശാന്‍ എന്നും അദ്ധ്യാപികയെ ആശാട്ടി എന്നും വിളിച്ചിരുന്നു.ആശാന്മാര്‍ പഠിപ്പിച്ചിരുന്നതുകൊണ്ട് ആശാന്‍ പള്ളിക്കൂടം എന്നും ഈ വിദ്യാലയങ്ങളെ വിളിച്ചിരുന്നു. കണിയാന്‍ സമുദായത്തിലുള്ളവരായിരുന്നു പൊതുവെ കേരളത്തിലെ പല ഭാഗങ്ങളിലും ആശാന്മാരായിരുന്നത്. മണല്‍ നിലത്തുവിരിച്ച് അതില്‍ വിരല്‍ കൊണ്ട് എഴുതിയായിരുന്നു അദ്ധ്യയനം. വിദ്യാഭ്യാസ പുരോഗതിക്ക് അനുസൃതമായി താളിയോലകള്‍ ഉപയോഗിച്ചും എഴുത്തും വായനയും അഭ്യസിപ്പിച്ചിരുന്നു.