കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിച്ച പഴയ ദ്രാവിഡകച്ചവടസംഘമാണ് മണിഗ്രാമം. മാണിക്കവാചകരുടെ കാലത്ത് മതം മാറി ചോളദേശത്തുനിന്ന് വന്നതാണെന്ന് പറയുന്നു. 64 ഗ്രാമങ്ങള്‍ എന്നപോലെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്ക് പെരുമാള്‍ കല്പിച്ചുനല്‍കിയ പദവിയാണ് മണിഗ്രാമമെന്നും വാദമുണ്ട്. എട്ടാം നൂറ്റാണ്ടു മുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ കേരളത്തിലെ വ്യാപാരരംഗത്ത് ഇവര്‍ ആധിപത്യമുറപ്പിച്ചിരുന്നു. കച്ചവടരംഗത്ത് തുല്യപ്രാധാന്യത്തോടെ നിലനിന്ന മറ്റൊരു സംഘമാണ് അഞ്ചുവണ്ണം. രാജാക്കന്മാരുടെ സംരക്ഷണം ഈ കച്ചവട സംഘങ്ങള്‍ക്കുണ്ടായിരുന്നു. തരിസാപ്പള്ളി ശാസനത്തില്‍ ഇവര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങളെപ്പറ്റി പറയുന്നു. മണിഗ്രാമത്തില്‍പ്പെട്ട ചാത്തന്‍വടുകന്‍, ജവി ചാത്തന്‍ എന്നീ ക്രിസ്ത്യന്‍ കച്ചവടക്കാര്‍ക്ക് ചില അവകാശങ്ങള്‍ നല്‍കിയതിന്റെ രേഖയാണ് വീരരാഘവപട്ടയം. 1028-43ല്‍ ചേരരാജാവായിരുന്ന രാജസിംഹന്റെ തലൈക്കാട്ടുപള്ളി ശാസനത്തിലും മണിഗ്രാമക്കാരെക്കുറിച്ച്  പരാമര്‍ശമുണ്ട്. ചില നികുതികളില്‍നിന്ന് മണിഗ്രാമക്കാരെ ഒഴിവാക്കിയിരുന്നു. ക്രിസ്ത്യന്‍ കുടിയേറ്റക്കാരായിരുന്നു ഇവര്‍ എന്ന് ലോഗന്‍ പറയുന്നു. പയ്യന്നൂര്‍പ്പാട്ടില്‍ മണിഗ്രാമക്കാരെ സൂചിപ്പിച്ചിരിക്കുന്നത് ചൂണ്ടി ഏഴിമലയ്ക്കു വടക്കാണ്. അഞ്ചുവണ്ണം, മണിഗ്രാമം തുടങ്ങിയ സംഘങ്ങളുടെ പ്രചാരമുണ്ടായിരുന്നതായി ഗുണ്ടര്‍ട്ട് പറയുന്നു.