എ.ഡി 700-ാമാണ്ടിനുശേഷം അന്യനാടുകളില്‍ നിന്നും കേരളത്തില്‍ വന്ന ആര്യ ബ്രാഹ്മണര്‍ക്ക് നാട്ടുകാരുമായി ഇടപഴകാന്‍ ഒരു ഭാഷ ആവശ്യമായിരുന്നു. ബ്രാഹ്മണര്‍ക്കാകട്ടെ സംസ്‌കൃത-പ്രാകൃത ഭാഷകളും കര്‍ണാടകത്തില്‍ കുറെക്കാലം താമസിച്ചതിനാല്‍ ലഭിച്ച കന്നട പരിജ്ഞാനവും മാത്രമേ കൈമുതലായി ഉണ്ടായിരുന്നുളളൂ. ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയുളള ശാസനങ്ങളില്‍ ഈ മിശ്ര ഭാഷ കാണാം. വന്നു ചേരുന്നവരുടെ ഭാഷ നാട്ടുഭാഷയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ഇതില്‍ കാണാം. ശാസനങ്ങള്‍ ഏറിയകൂറും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടതാണ്. ബ്രാഹ്മണര്‍ രചിച്ചതുമാണ്. ആദ്യമാദ്യമുളള ശാസനങ്ങളിലെ തമിഴില്‍, തമിഴ് വ്യാകരണത്തിനും പ്രയോഗങ്ങള്‍ക്കും നിരക്കാത്ത രൂപങ്ങളാണ് കാണുന്നത്. 12-ാം നൂറ്റാണ്ടിലെ ശാസനങ്ങളില്‍ എത്തുമ്പോള്‍ തമിഴില്‍ നിന്ന് പല അംശങ്ങളിലും പ്രകടമായ വ്യത്യാസം കാണാം.
    പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലുള്ള തിരുവമ്പാടി ശാസനത്തില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം:
കര്‍ക്കിടക വ്യാഴത്തില്‍ തനുഞായിറ്റു തിരുവനന്തപുരത്തുളള സപൈയും ചമഞ്ചി തനും…  സപ രാമഭഴാരന്‍ തിരുവടിയുങ്കൂടി ഇരുന്നരുളിയേടത്തു മരുതിമണ്‍ ആതിച്ചരാമന്‍ തിരുവായമ്പാടിപ്പിളൈളക്കു കൊട്ടുവാന്‍ വെള്ളിത്തിരുവണക്കരത്തുടിയും കൊടുത്ത് നിയതിമടൈയാല്‍ ഇരുനാഴിചേയ്തരി തിരുവമിര്‍തു ചെയ്യുമാറു കല്പിച്ചു കൊടുത്ത മൂന്റു ചലാകൈയും  അഴകച്ചുമുപ്പതും ടിയില്‍ മേല്‍ച്ചാന്തി ചെയ്യുന്നമ്പിമാരിടങ്കൊടുത്തു പൊലിയാല്‍ ആണ്ടുവര കൊളളുന്നെല്‍ ഒക്കും പറൈയാല്‍ അറുപതു പറൈ ചേയ്തുങ്കൊണ്ടു ആചന്ദ്രതാരവല്‍ ചെലവുചെലുത്തി വരുവിതു….

തമിഴ്-മലയാളം മിശ്രഭാഷ

    നമ്പൂതിരിമാര്‍ കേരളത്തിലെ തമിഴിനെ തങ്ങളുടെ ആവശ്യമനുസരിച്ച് ദുഷിപ്പിച്ചതിന്റെ ഫലമായി ഉണ്ടായതാണ് ഈ മിശ്രഭാഷ. സ്വന്തം ഭാഷയെ ഇങ്ങനെ ദുഷിപ്പിച്ചുണ്ടാക്കിയ രൂപങ്ങള്‍ നാട്ടുകാര്‍ക്ക് തീര്‍ച്ചയായും രുചിച്ചിരിക്കില്ലെന്നും ആരിയര്‍ പേശും മൊഴി കേട്ട് അവര്‍ക്ക് ചിരിവന്നിരിക്കുമെന്നും കൈരളിയുടെ കഥയില്‍ പ്രൊഫ. എന്‍. കൃഷ്ണപിളള പറയുന്നു. എന്നാല്‍ സമൂഹത്തില്‍ മേല്‍കൈയും സാംസ്‌കാരിക നായകത്വവും ബ്രാഹ്മണര്‍ക്കായതിനാല്‍ അവര്‍ ദുഷിപ്പിച്ചുണ്ടാക്കിയ ഭാഷാ രൂപങ്ങള്‍ക്ക് പ്രചാരം കൈവന്നു. ഈ ഭാഷയോടു കൂടി സംസ്‌കൃതവും പ്രാകൃതവും അല്പം കലര്‍ത്തിയുളള മിശ്രഭാഷയിലാണ് ബ്രാഹ്മണര്‍ സംസാരിച്ചത്. ആദ്യകാലത്ത് തമിഴ്പദം എവിടെ ചേര്‍ക്കണം, സംസ്‌കൃതപദം എവിടെ ചേര്‍ക്കണം എന്നൊരു ചിട്ടയുമുണ്ടായിരുന്നില്ല. ഇതിനെ അപഭ്രംശകാലമെന്നു വിളിക്കാം.
    തമിഴിന്റെയും കന്നഡത്തിന്റെയും തെലുങ്കിന്റെയും അപഭ്രംശകാലത്തുള്ള കൃതികളെപ്പോലെ തന്നെ ഈ പുതിയ ഭാഷയിലെയും ആരംഭകാല കൃതികള്‍ കിട്ടിയിട്ടില്ല. കൂടിയാട്ടത്തിനുളള ആട്ടപ്രകാരങ്ങള്‍ പലതും ഈ ഭാഷയിലുണ്ട്. ചില ചമ്പുക്കളുമുണ്ട്. സ്വന്തം നാട്ടുവഴക്കങ്ങളോടു കൂടിയ കേരളത്തമിഴ്, 700ാമാണ്ടിനു ശേഷമുളള 500 വര്‍ഷത്തിനകം ആര്യഭാഷകളുടെ സമ്മര്‍ദ്ദം നിമിത്തം മറ്റൊരു ഭാഷയായി ഉരുത്തിരിഞ്ഞു. ഇതാണ് അക്കാലത്തെ മലയാളം.

മണിപ്രവാളം
    നാട്ടുഭാഷയും സംസ്‌കൃതവും കൂട്ടിക്കലര്‍ത്തി സാഹിത്യഭാഷയുണ്ടാക്കുന്നതിനെയാണ് മണിപ്രവാളം എന്നു പറയുന്നത്. സംസ്‌കൃതം നാട്ടുഭാഷകളുമായി ബന്ധപ്പെട്ടിടത്തെല്ലാം അങ്ങനെ ഒരു സാഹിത്യഭാഷ ഉണ്ടായിട്ടുണ്ട്. തമിഴും മലയാളവുമാണ് തെക്കേ ഇന്ത്യയില്‍ മണിപ്രവാള ശൈലി നിലനിറുത്തിയത്.
    പതിമൂന്നാം ശതകം മുതല്‍ പതിനേഴാം ശതകം വരെയാണ് തമിഴിലും മലയാളത്തിലും മണിപ്രവാള പ്രസ്ഥാനം ഉച്ചനിലയിലായിരുന്നത്. സാഹിത്യ രസസമ്പുഷ്ടവും ചിരസ്ഥായിയും സരളഭൂതവുമായ ഒരു പ്രസ്ഥാനമായിരുന്നു മലയാളത്തിലെ മണിപ്രവാളം. സാഹിത്യശൈലി എന്ന നിലയ്ക്ക് മണിപ്രവാളത്തിന്റെ ഉപജ്ഞാതാവ് 'ഷട്ഖണ്ഡാഗമം' എന്ന ദിഗംബര ജൈനഗ്രന്ഥത്തിന് എട്ടാം ശതകത്തില്‍ വ്യാഖ്യാനമെഴുതിയ ജിനസേനനാണെന്ന് ഒരു പക്ഷമുണ്ട്. പ്രസ്ഥാനത്തിന്റെ ഉല്പത്തി എട്ടാം നൂറ്റാണ്ടിനും മുമ്പാണെന്നും 'മുത്തും പവിഴവും' എന്ന ഗ്രന്ഥത്തില്‍ കെ.എന്‍. എഴുത്തച്ഛന്‍ പറയുന്നു.
    പതിനാലാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ കേരളത്തിലെ മണിപ്രവാള പ്രസ്ഥാനത്തിന് ലക്ഷണ ഗ്രന്ഥം (ലീലാതിലകം) ചമച്ച പണ്ഡിതന്റെ അഭിപ്രായത്തില്‍, മിശ്രഭാഷയെല്ലാം മണിപ്രവാളമാകുകയില്ല. ഭാഷയുടെയും സംസ്‌കൃതത്തിന്റെയും യോഗം (ചേരല്‍) തന്നെയാണ് മണിപ്രവാളം. നാട്ടുഭാഷയാണെങ്കിലും അത് ഉത്കൃഷ്ടമായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. ഉത്കൃഷ്ടമെന്നുവച്ചാല്‍, ത്രൈവര്‍ണ്ണികര്‍ മലനാട്ടു തമിഴിനെ തനതു ഭാഷകളുടെ ധ്വനിപരമായ പ്രകൃതിക്കും പ്രവണതകള്‍ക്കും പറ്റിയ മട്ടില്‍ രൂപാന്തരപ്പെടുത്തിയത്.  ത്രൈവര്‍ണ്ണികേതരരുടെ തമിഴ് വളരെകുറച്ചേ പാടുളളൂ എന്നാണ് നിഷ്‌കര്‍ഷ.
ഭാഷയും സംസ്‌കൃതവും ചേരേണ്ടതു പത്മരാഗവും പവിഴവും ചെന്നൂലാല്‍ കോര്‍ത്താലെന്നപോലെ തിരിച്ചറിയാന്‍ പറ്റാത്ത മട്ടില്‍ ഇണക്കത്തോടെ വേണം. ഭാഷാ സംസ്‌കൃതയോഗം കാവ്യമാകണമെങ്കില്‍ സഹൃദയര്‍ക്ക് ആഹ്‌ളാദം പകരണം. വസന്തതിലകാദി സംസ്‌കൃത വൃത്തത്തിലാകണം മണിപ്രവാള രചന. തന്റെ ഗ്രന്ഥത്തില്‍, പലയിടത്തു നിന്നായി ഇരുന്നൂറിലധികം പദ്യങ്ങള്‍ ഉദാഹരണങ്ങളായി ലീലാതിലകകാരന്‍ നല്‍കിയിട്ടുണ്ട്.
    ഉദാ: സന്ധ്യാ രാഗേ നിലാവോ, സരസ
        തുഹിനമോ നല്ലരക്കാമ്പതന്മേല്‍,
        മാണിക്യം ചേര്‍ന്ന മുത്തോ,
        മധുരമധു പുരണ്ടോമലന്നക്കിടാവോ
        തങ്ങും പാലിന്‍ നുറുങ്ങോ
        തരളരുചി കിളിച്ചുണ്ടിലത്യന്തതാമ്രേ
        പാറക്കാട്ടുണ്ണിനങ്ങേ, പരിമള
        പവഴ്‌വായണ്‍പുരിമ്മന്ദഹാസം.

    ഉപരിവര്‍ഗ ജീവിതം പ്രതിഫലിക്കുന്നതാണ് മണിപ്രവാള കൃതികള്‍. സ്ത്രീകളുടെ പുരുഷാഭിലാഷം, അഭിലാഷ സിദ്ധിക്കു വേണ്ടിയുളള അഭ്യര്‍ത്ഥന, സ്ത്രീ സൗന്ദര്യത്തിന്റെ സാംഗോപാംഗ വര്‍ണ്ണന, കാമകേളി വിരുതിന്റെ വിവരണം ഭൂതകാല രത്യാനുഭൂതികളെക്കുറിച്ചുളള സ്മരണ ചര്‍വണങ്ങള്‍ എന്നിവയായിരുന്നതിനാലാകാം മണിപ്രവാളമെന്നാല്‍ മധുരകാവ്യം അഥവാ ശൃംഗാര കവിത എന്ന ധാരണ പരക്കെ ഉണ്ടായതെന്ന് 'പദ്യരത്‌ന'ത്തിന്റെ അവതാരികയില്‍ ഡോ. പി.കെ.നാരായണപിളള പറയുന്നു. നാട്ടിന്റെ നൈസര്‍ഗ്ഗികമായ പ്രകൃതി സൗന്ദര്യം, തിരക്കുപിടിച്ച നഗരങ്ങള്‍, പ്രസിദ്ധമായ അങ്ങാടികള്‍,  ഉന്നതരുടെയിടയിലെ ജീര്‍ണ്ണത, ഗണികകളെപ്പറ്റി കാവ്യം രചിച്ച് ധനമാനങ്ങള്‍ നേടാന്‍ നടക്കുന്ന കവികളുടെ അധഃപതനം എന്നിങ്ങനെ പലതും കണ്ണാടിയിലെന്നപോലെ കാട്ടിത്തരുന്നു മണിപ്രവാള കൃതികള്‍.

തോലന്‍
    കുലശേഖര രാജാവിന്റെ സദസ്യനായിരുന്ന കവിയാണ് തോലന്‍. അതുലന്‍ ലോപിച്ചുണ്ടായതാണ് തോലന്‍. എ.ഡി. 1020 നുമുമ്പ് ജീവിച്ചിരുന്നു എന്നു കരുതുന്നു. സംസ്‌കൃത നാടകാഭിനയത്തെ കേരളത്തില്‍ കൂടിയാട്ടമെന്ന പേരില്‍ പരിഷ്‌ക്കരിച്ചപ്പോള്‍ അതിലെ വിദൂഷകനുവേണ്ടി ശേ്‌ളാകങ്ങള്‍ രചിച്ചിരുന്നവരില്‍ പ്രമുഖനാണ്. കൂടിയാട്ടത്തില്‍ കാമുകിയെ പിരിഞ്ഞ നായകന്‍ അവളുടെ അംഗസൗന്ദര്യം സ്മരിച്ച് വെന്തു നീറുന്നതായി അഭിനയിക്കുമ്പോള്‍ വിദൂഷകന്‍ അതിനു ബദലായി തന്റെ ഭുക്തി വധുവിനെ സാവയവം വര്‍ണ്ണിച്ച് അവളെ പിരിഞ്ഞിരിക്കുന്നതുകൊണ്ടുള്ള കുണ്ഠിതം പ്രകടിപ്പിച്ച് സദസ്യരെ ചിരിപ്പിക്കും. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെന്ന പുരുഷാര്‍ത്ഥങ്ങളുടെ സ്ഥാനത്തു വിദൂഷകന്റെ പുരുഷാര്‍ത്ഥങ്ങള്‍ ഇവയാണ്: വിനോദം, വഞ്ചന, അശനം (ശാപ്പാട്), സ്ത്രീസേവ.
     ദുഷ്‌കവികള്‍, ദുര്‍വൈദ്യന്മാര്‍, ദുര്‍മന്ത്രവാദികള്‍, വേശ്യകള്‍, വിടന്മാര്‍, കൂറില്ലാത്ത സേവകര്‍, കഥയില്ലാത്ത ദൂതന്മാര്‍ തുടങ്ങിയ ഉപരിസമുദായങ്ങളിലെ ഇത്തിള്‍ക്കണ്ണികളെ കളിയാക്കുന്നതിനു വേണ്ട ശ്‌ളോകങ്ങളും വ്യാഖ്യാനങ്ങളും മിശ്രഭാഷയില്‍ ഉണ്ടാക്കി വിദൂഷകന്‍ കൈയില്‍ കരുതിയിരുന്നു.

തോലന്റെ ഒരു ശ്ലോകം. (കുകവികളെപ്പറ്റി)
'കിടപ്പവിറ്റെക്കിടയാത വിറ്റോ-
ടിണച്ചതി ക്‌ളിഷ്ടമനന്വിതാനി
പതാനിതാന്‍ മൂരികളെക്കണക്കെ
കവിക്കരിങ്കയ്യര്‍ പിണയ്ക്കുമാറ്'.
(അര്‍ത്ഥം: കൃഷിക്കാര്‍ കള്ളക്കാളകളെയും അല്ലാത്തവയേയും പ്രയാസപ്പെട്ടു നുകത്തില്‍ വച്ചുകെട്ടി യോജിപ്പിക്കുന്നതുപോലെ, യോജിപ്പുള്ള പദങ്ങളെയും യോജിപ്പില്ലാത്ത പദങ്ങളെയും ക്‌ളേശിച്ചു പിണച്ചൊപ്പിക്കുന്ന കവികളാകുന്ന ഉഴവുകാരണിവര്‍).