ധ്വനി (സൗന്ദര്യശാസ്ത്രം)


    ഭാരതീയ കാവ്യമീമാംസകനായ ആനന്ദവര്‍ദ്ധനനാണ് ധ്വനിയെ ഒരു കാവ്യപ്രസ്ഥാനമായി വികസിപ്പിച്ചത്. ധ്വനിക്ക് ഭാവപരവും രൂപപരവുമായ അര്‍ത്ഥമുണ്ട്. അര്‍ത്ഥം അതിന്റെ സ്വത്വത്തെയും ശബ്ദം അതിന്റെ അര്‍ത്ഥത്തെയും സ്വയം അപ്രധാനീകരിച്ച് കാവ്യാത്മാവായ അര്‍ത്ഥത്തെ ധ്വനിപ്പിക്കുന്ന തരം കാവ്യവിശേഷമാണിത്. വ്യാകരണശാസ്ത്രത്തില്‍ നിന്ന് സാഹിത്യശാസ്ത്രത്തിലേക്ക് കടംകൊണ്ട പദമാണ് ധ്വനി. വര്‍ണങ്ങള്‍ കേള്‍ക്കുമ്പോള്‍ ധ്വനി എന്ന് വൈയാകരണന്‍മാര്‍ പറയുന്നു. വര്‍ണോച്ചാരണം ശബ്ദത്തെ ധ്വനിപ്പിക്കുന്നു. വ്യഞ്ജകത്വസാമ്യം പരിഗണിച്ചാണ് സാഹിത്യശാസ്ത്രം ഈ പദമെടുത്തത്. വാച്യവാചകസമ്മിശ്രവും ശബ്ദസ്വരൂപവുമായ കാവ്യത്തില്‍ ശബ്ദാര്‍ത്ഥങ്ങള്‍ വ്യഞ്ജകങ്ങളായി വന്നാല്‍ ധ്വനിയായി.

'യത്രാര്‍ത്ഥ ശബ്‌ദോ വാ
തമര്‍ഥമുപസര്‍ജനീകൃതസ്വാര്‍ഥ
വ്യംഗ്യത കാവ്യവിശേഷ സ
ധ്വനിരിതി സുരിഭി കഥിത' (ധ്വന്യാലോകം)